പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. കക്കട്ടില്‍ മണിയൂര്‍താഴെ സ്വദേശിനി വൈഗയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. നാദാപുരം ടി.ഐ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ വൈഗ, പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ സ്‌റ്റെപ്പില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ വൈഗയെ സമീപത്തെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സ തുടരുകയാണ്.
സംഭവസമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. തിരക്ക് കാരണം ബസിന്റെ വാതില്‍ പൂര്‍ണമായി അടയ്ക്കാന്‍ സാധിച്ചിരുന്നില്ലെന്നും, യാത്രയ്ക്കിടെ വാതില്‍ തുറന്ന നിലയിലായിരുന്നതിനാലാണ് വിദ്യാര്‍ത്ഥിനി പുറത്തേക്ക് വീണതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha



























