നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ

നീറ്റ് പരീക്ഷകൾ (NEET-UG) കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ തുടങ്ങി നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇതിൻറെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻറെ (AICTE) സഹായം തേടി എൻടിഎ . ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും കൂടുതൽ സുതാര്യമായി പരീക്ഷകൾ നടത്തുന്നതിനുമുള്ള സമഗ്ര പരിഷ്കാരങ്ങളുടെ ഭാഗമായാണ് നീറ്റ് പരീക്ഷ ഓൺലൈൻ/സി.ബി.ടി രീതിയിലേക്ക് മാറ്റപ്പെടുന്നത്.
സർക്കാരിന് കീഴിലുള്ള എൻജിനീയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ, മറ്റ് സാങ്കേതിക/മാനേജ്‌മെൻറ് സ്ഥാപനങ്ങൾ എന്നിവയിലെ കമ്പ്യൂട്ടർ, ഐ.ടി അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങൾ നൽകാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ നിർദേശം നൽകി. കമ്പ്യൂട്ടറുകളുടെയും സിസ്റ്റങ്ങളുടെയും എണ്ണം, ഇൻറർനെറ്റ് അധിഷ്ഠിത നെറ്റ്‌വർക്കിംഗ് സൗകര്യങ്ങളും വേഗതയും, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത (പവർ ബാക്കപ്പ്/യു.പി.എസ് സൗകര്യങ്ങൾ). സി.സി.ടി.വി (CCTV) നിരീക്ഷണ സംവിധാനങ്ങൾ, പരീക്ഷാ കേന്ദ്രങ്ങളായി മാറ്റാൻ സാധിക്കുന്ന ഒഴിവുള്ള സ്ഥലം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളാണ് അന്വേഷിച്ചത്.
വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഫോർമാറ്റിൽ അതത് സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 15-നകം സമർപ്പിക്കേണ്ടതാണ്. സ്വകാര്യ സെൻററുകളെ ആശ്രയിക്കുന്നത് കുറച്ച്, സർക്കാർ സ്ഥാപനങ്ങളിൽ സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് സെന്ററുകൾ (STC) സ്ഥാപിക്കുക വഴി പരീക്ഷകളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് എൻ.ടി.എയുടെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha

























