സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി

ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ ലഹരിക്കെതിരായ പോരാട്ടം പൊലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ വ്യക്തിയും കുടുംബവും ഈ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇടുക്കി ജില്ലാതല 'തൂഫാന്‍ ജാഗരണ്‍' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം നിയമപ്രശ്‌നം മാത്രമായി കാണാതെ കുടുംബപ്രശ്‌നമായി കൂടി കാണണം. അമ്മയുടെ ശ്രദ്ധയില്‍നിന്നും അച്ഛന്റെ കരുതലില്‍നിന്നും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും ഇടപെടലില്‍നിന്നുമാണ് ലഹരിവിരുദ്ധ പ്രതിരോധം ആരംഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കി കേരള പൊലീസ്. 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോഹണ്ട്'ന്റെ ഭാഗമായി ഇതുവരെ 10,748 പേരെ അറസ്റ്റ് ചെയ്യുകയും 9,000ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 170 കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി. ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കോയമ്പത്തൂരില്‍ നിന്ന് 13 കിലോ എം.ഡി.എം.എയും കൊച്ചിയില്‍ നിന്ന് 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയത് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പ്രധാന വേട്ടകളാണ്.
ലഹരി ഇടപാടുകളില്‍ നിന്ന് ലഭിക്കുന്ന പണം എവിടെ നിന്നാണ് വരുന്നത്, ആരാണ് നല്‍കുന്നത്, സാമ്പത്തിക ശൃംഖല എവിടേക്കാണ് നീളുന്നത് തുടങ്ങിയ കാര്യങ്ങളിലേക്കാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നാല് ജില്ലകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നതായും ചെന്നിത്തല പറഞ്ഞു. മയക്കുമരുന്നിന് പിന്നാലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആരുടെയും മുഖം നോക്കില്ലെന്നും ലഹരി ഇടപാടില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടാകില്ല. തലമുറയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലഹരി മാഫിയയുടെ കൈയില്‍ വിലങ്ങുവീഴും. രാസലഹരിയാണ് ഇപ്പോള്‍ കുട്ടികളിലേക്ക് കൂടുതലായി എത്തുന്നത്. ലഹരി മാഫിയയുടെ പ്രവര്‍ത്തനരീതികള്‍ മാറുന്നതിനനുസരിച്ച് പൊലീസ് അന്വേഷണ രീതികളും മാറ്റുകയാണ്. മയക്കുമരുന്ന് വേട്ടയ്ക്കായി ഡോഗ് സ്‌ക്വാഡിന് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha



























