തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍

രാത്രിയിലെ യാത്രയ്ക്കിടെ തനിക്ക് നേരെ വാളുമായി ആക്രമണശ്രമം ഉണ്ടായതായി വെളിപ്പെടുത്തി നടന്‍ ദേവന്‍. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് രാത്രി മടങ്ങുന്നതിനിടെ വടക്കാഞ്ചേരിയില്‍ രാത്രി 12 മണിയോടെ രണ്ട് സ്‌കൂട്ടറുകളിലായി നാല് പേര്‍ തന്നെ പിന്തുടരുന്നത് കാറിന്റെ മിററിലൂടെ കണ്ടെന്നും ആദ്യം സംശയം തോന്നിയില്ലെങ്കിലും പിന്നീട് പിന്തുടരുകയാണെന്ന് മനസ്സിലായെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് ദേവന്‍ വാഹനം ഒരു വശത്ത് നിര്‍ത്തിയപ്പോള്‍ പിന്നാലെയെത്തിയവരും വാഹനം നിര്‍ത്തി ഇറങ്ങി. അവരുടെ കൈവശം വാള്‍ ഉണ്ടായിരുന്നുവെന്നും മിററിലൂടെ അത് കാണാമായിരുന്നുവെന്നും ദേവന്‍ പറഞ്ഞു. തന്റെ കൈയില്‍ ഉണ്ടായിരുന്ന സ്റ്റിക്ക് എടുത്ത് വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. താന്‍ അങ്ങനെ പ്രതികരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും, കളരി പരിശീലനത്തിലൂടെ ലഭിച്ച ശക്തിയാണ് അന്ന് സഹായിച്ചതെന്നും ദേവന്‍ വ്യക്തമാക്കി. താന്‍ സ്റ്റിക്കുമായി പുറത്തിറങ്ങിയതോടെ അവര്‍ വാഹനം എടുത്ത് പോയെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ദേവന്‍ ആരോപിച്ചു. തന്റെ എതിര്‍പാര്‍ട്ടിക്കാരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 'ഇതിപ്പോള്‍ നാളെയും വരും, മറ്റന്നാളും വരും. നിങ്ങളിത് അവസാനിപ്പിച്ച് പോകാന്‍ വേണ്ടി പേടിപ്പിക്കുന്നതാണ്' എന്ന് എസ്‌ഐ തന്നോട് പറഞ്ഞതായും ദേവന്‍ വ്യക്തമാക്കി. റിയല്‍ ലൈഫില്‍ ശക്തരായ ആളുകള്‍ നടന്മാരില്‍ ഉണ്ടോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെങ്കിലും താന്‍ അത്തരത്തില്‍ ശക്തനായ ഒരാളാണെന്നും ദേവന്‍ പറഞ്ഞു. കളരി പരിശീലനം തന്റെ ഉള്ളിലുള്ള ശക്തിയാണെന്നും, അതാണ് അന്നത്തെ സാഹചര്യത്തില്‍ രക്ഷപ്പെടാന്‍ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























