കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

വസ്തു തരംമാറ്റത്തിന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഇടനിലക്കാരനായ റിട്ട. ഡപ്യൂട്ടി കലക്ടറും അറസ്റ്റില്‍. എറണാകുളം കടവന്ത്ര സ്വദേശിയായ റിട്ട. ഡപ്യൂട്ടി കലക്ടര്‍ എന്‍.കെ. കൃപയെ (59) എറണാകുളം വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തു. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 13 നാണ് കേസിനാസ്പദമായ സംഭവം. കലൂര്‍ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റി നല്‍കുന്നതിനായി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം കണയന്നൂര്‍ ഭൂരേഖ തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹര്‍ട്ടീസിനെയും ഇടനിലക്കാരായ രാജേഷ് എന്‍.എസ്, ജോസഫ് ഷിബിന്‍ എന്നിവരെയും വിജിലന്‍സ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടര്‍ അന്വേഷണത്തിനിടെയാണ് കൈക്കൂലി ഇടപാടില്‍ റിട്ട. ഡപ്യൂട്ടി കലക്ടര്‍ എന്‍.കെ.കൃപ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി വിജിലന്‍സിന് തെളിവ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു വൈകിട്ട് 5 മണിയോടെ ഇയാളെ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
അഴിമതിയില്‍ നേരിട്ട് പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെയും അവര്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയരാക്കുന്നതിലൂടെ അഴിമതി ശൃംഖല പൂര്‍ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായാണ് വിജിലന്‍സിന്റെ ഈ നടപടി. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064, ഫോണ്‍ നമ്പര്‍: 8592900900, വാട്‌സ്ആപ്പ് നമ്പര്‍: 9447789100 എന്നിവയില്‍ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha



























