വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവും ജീവനൊടുക്കി; പത്തനംതിട്ടയെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം...

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ, പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശിനിയായ പ്രവീണയെ ഇന്നലെ വൈകിട്ടാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ദാരുണ വിവരമറിഞ്ഞതിന് പിന്നാലെ പ്രവീണയുമായി അടുത്ത ബന്ധത്തിലായിരുന്ന പ്രവീൺ എന്ന ഇരുപത്തിയൊന്നുകാരൻ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി ജീവൻ വെടിയുകയായിരുന്നു. കോന്നി എലിമുള്ളുംപ്ലാക്കൽ കൂപ്പക്കര വീട്ടിൽ പ്രവീണ എലിമുള്ളുംപ്ലാക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. എന്നാൽ ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പ്രവീണയുടെ ബന്ധുകൂടിയായ പ്രവീണുമായി പെൺകുട്ടിയുടെ വിവാഹം കുടുംബങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. എറണാകുളത്തായിരുന്നു പ്രവീൺ ജോലി ചെയ്തിരുന്നത്. പ്രവീണയുടെ മൃതദേഹം കോന്നി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിലെ വീട്ടിലേക്ക് കൊണ്ടുപോയി. എറണാകുളത്ത് വെച്ച് മരണപ്പെട്ട പ്രവീണിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
https://www.facebook.com/Malayalivartha

























