പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍

കേരളത്തിലെ പവര്‍ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല, ഭരണകക്ഷിയുടെ അദ്ധ്യക്ഷന്‍ കൂടിയാണെന്നും ജനങ്ങളോട് അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൃത്യമായ സമയം പറയാനാവില്ലെന്നും കേരളത്തിന് പുറത്ത് നിന്നുള്ള വൈദ്യുതിയുടെ ലഭ്യത കുറയുമ്പോഴാണ് കട്ട് വേണ്ടി വരുന്നതെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം. വേനല്‍ക്കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയ വൈദ്യുതിക്ക് പകരം, മഴ ലഭിക്കുമ്പോള്‍ തിരികെ വൈദ്യുതി നല്‍കുന്ന കൈമാറ്റ കരാറുകളുടെ കാലാവധി 15ന് അവസാനിക്കും. ഇതോടെ 400 മെഗാവാട്ട് വൈദ്യുതി ആഭ്യന്തരമായി ഉപയോഗിക്കാന്‍ കെഎസ്ഇബിക്ക് കഴിയും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബഹുമാനപ്പെട്ട ശ്രീ. സണ്ണി ജോസഫ് , താങ്കള്‍ വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല ഭരണകക്ഷിയുടെ അദ്ധ്യക്ഷന്‍ കൂടിയാണ്. ഒരല്പം മര്യാദ പ്രജകളോട് കാണിക്കണം. പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് പൊതുജനം. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പിന്നിലെ ശാന്തിനഗര്‍ കോളനിയില്‍ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറാണ് കറണ്ടുപോയത്. അപ്പോള്‍ പിന്നെ ബാക്കി സ്ഥലങ്ങളുടെ കാര്യം പറയാനില്ലല്ലോ.
സമയമോ, ദൈര്‍ഘ്യമോ പറയാതെയുള്ള വൈദ്യുതി കട്ട് ജനത്തിന്റെ ഉറക്കം കെടുത്തുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രി പലപ്പോഴായി ഒരു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. മഴ കുറഞ്ഞതോടെ രാത്രിയിലും അപാര ചൂടാണ്. ഇത് വൈദ്യുതി ഉപഭോഗം വര്‍ദ്ധിപ്പിച്ചു. രാത്രി 6.30നും 12.30നുമിടയില്‍ എപ്പോള്‍ വേണമെങ്കിലും വൈദ്യുതി മുടങ്ങാവുന്ന സ്ഥിതിയാണ്.
https://www.facebook.com/Malayalivartha

























