ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. എം കെ റാമിന് ഉപാദികളോടെ ജാമ്യം. തലശേരി ജില്ലാ സെഷന്‍സ് കോടതിയിലെ പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജി മനോജ് എം ആണ് റാമിന് ജാമ്യം അനുവദിച്ചത്. റാമിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മറികടന്നാണ് കോടതി വിധി. കേസിലെ രണ്ടാം പ്രതിയായ സംഗീത നായര്‍ക്ക് നേരത്തെ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം, അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് സമര്‍പ്പിക്കണം, കോളേജ് പരിസരത്ത് പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജ് (19) ഏപ്രില്‍ 10നാണ് ക്യാമ്പസ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. നിതിന്‍ രാജിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റമാണ് കോളേജിലെ മുന്‍ വകുപ്പ് മേധാവിയായിരുന്ന എം കെ റാമിനുമേല്‍ ചുമത്തിയിരിക്കുന്നത്.
റാമിന്റെ ഭാഗത്തുനിന്ന് വിദ്യാര്‍ത്ഥിക്ക് നിരന്തരമായ മാനസിക പീഡനം നേരിട്ടിരുന്നതായാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ജാതിയധിക്ഷേപവും വിവേചനവും ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ വിദ്യാര്‍ത്ഥി നേരിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന പേരില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും കല്ലനെ സര്‍വീസില്‍ തുടരാന്‍ അനുവദിച്ചതില്‍ കേരള ഹൈക്കോടതിയും പൊലീസിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ജൂലായ് 23നാണ് പുതിയ അന്വേഷണ സംഘത്തിന് മുന്നില്‍ റാം വീണ്ടും കീഴടങ്ങിയത്. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ തലശേരി എസ്‌സി/എസ്ടി കോടതി അനുമതി നല്‍കിയതിനുപിന്നാലെയായിരുന്നു കീഴടങ്ങല്‍.
https://www.facebook.com/Malayalivartha
























