മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചില വാര്‍ഡുകളില്‍ മഴ പെയ്ത് വെള്ളം ഊര്‍ന്നിറങ്ങുകയാണെന്ന പരാതി ആരോഗ്യ പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറും പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയറും സംയുക്ത പരിശോധനയില്‍ പങ്കെടുക്കണമെന്ന് കമ്മീഷന്‍ ഡി.എം.ഇക്കും പൊതുമരാമത്ത് ബില്‍ഡിംഗ്‌സ് വിഭാഗം ചീഫ് എഞ്ചിനീയര്‍ക്കും നിര്‍ദ്ദേശം നല്‍കി. പരിശോധനക്ക് മുമ്പ് ആശുപത്രി സൂപ്രണ്ടിനും കോളേജ് പ്രിന്‍സിപ്പലിനും നോട്ടീസ് നല്‍കണം.പരിശോധനാ റിപ്പോര്‍ട്ട് ഡി.എം.ഇക്കും ചീഫ് എഞ്ചിനീയര്‍ക്കും സമര്‍പ്പിക്കണം.തുടര്‍ന്ന് അറ്റകുറ്റപണികള്‍ നടത്താനുള്ള നടപടി ചീഫ് എഞ്ചിനീയറും ഡി.എം.ഇ യും സ്വീകരിക്കണം. തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രണ്ടാഴ്ചക്കുള്ളില്‍ അടിയന്തര അറ്റകുറ്റപണികള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കണം. പരിശോധനാ റിപ്പോര്‍ട്ട് സഹിതം ചീഫ് എഞ്ചിനീയറും ഡി.എം.ഇയും നാലാഴ്ചക്കകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും (ആരോഗ്യം) ആശുപത്രി സൂപ്രണ്ടും 5 ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി ഡി.എം.ഇ, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ നവംബര്‍ 2 ന് രാവിലെ 10 ന് പി.എം.ജി ജംഗ്ഷനിലുള്ള കമ്മീഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
https://www.facebook.com/Malayalivartha
























