വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി

ഏതെങ്കിലും തരത്തില്‍ എന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്നാല്‍ അതിന് തക്കതായ ഒന്നും അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. ആ സാഹചര്യത്തില്‍, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാര്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. സിപിഐഎം മാന്നാര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. സിഎംആര്‍എല്‍ കമ്പനിക്ക് നല്‍കിയ സേവനങ്ങള്‍ക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചതും, അതിനുള്ള എല്ലാ നികുതികളും അടച്ചതും. ഇതെല്ലാം വ്യക്തമായ രേഖയിലുള്ള കാര്യങ്ങളാണ്. അതില്‍ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭര്‍ത്താവായിരുന്നിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡിയുടെ നടപടി എത്രത്തോളം പരിഹാസ്യമാണ്. എന്റെ മകള്‍ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്തത് 'ഒറാക്കിള്‍' എന്ന പ്രമുഖ സ്ഥാപനത്തിലാണ്.
പിന്നീട് വിവാഹ ശേഷം ആ ജോലി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അവിടെ തുടര്‍ന്നിരുന്നെങ്കില്‍ വലിയ ശമ്പളത്തില്‍ തന്നെ തുടരാന്‍ കഴിയുമായിരുന്ന സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് ഒരു സ്ഥാപനം തുടങ്ങുന്നത്. എനിക്കു വേണ്ടി വീണ പണം വാങ്ങിയെന്നും, ആ പണം റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇപ്പോള്‍ ഇഡി കണ്ടെത്തിയിരിക്കുന്നത് എന്ന് പറയുന്നത്. ഇത്രയും ലജ്ജാകരമായ ആരോപണങ്ങള്‍ ഇഡിയെ പോലുള്ള ഒരു ഏജന്‍സി ഉന്നയിക്കുമ്പോള്‍, 'പിണറായി വിജയന്‍ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങി' എന്ന് വലിയ അക്ഷരങ്ങളില്‍ നിരത്തുകയാണ് ഇവിടെ ചില മാധ്യമങ്ങള്‍. നിങ്ങള്‍ അത് വലിയ അച്ചില്‍ കൊടുത്തത് കൊണ്ട് മാത്രം ജനങ്ങള്‍ അത് വിശ്വസിക്കുമോ? മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് വലിയ അക്ഷരത്തില്‍ വാര്‍ത്തകള്‍ കൊടുത്താല്‍ തീരുന്നതല്ല എന്റെ ജീവിതമെന്നും അത് ജനങ്ങള്‍ക്ക് മുന്നില്‍ എന്നും തുറന്ന ഒരു പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























