പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

പെയിന്റ് ബക്കറ്റില്‍ ഒളിപ്പിച്ച കിലോക്കണക്കിന് കഞ്ചാവ് കടത്തിയ 2 ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. 6.356 കിലോ കഞ്ചാവാണ് ബംഗാള്‍ ബാടൂറിയ സ്വദേശി രാജ മണ്ഡല്‍ (30), സാഗര്‍പ്പാറ സ്വദേശി രാഹുല്‍ (24) എന്നിവരില്‍ നിന്ന് പിടിച്ചെടുത്തത്. എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അഭിരാജ് ആറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 1.30ഓടെ കാക്കനാട്ടെ വാടകമുറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. സംഭവത്തില്‍ എക്‌സൈസ് കേസ് റജിസ്റ്റര്‍ ചെയ്തു.
പെയിന്റ് ബക്കറ്റുകളില്‍ പ്രത്യേക രീതിയില്‍ കംപ്രസ് ചെയ്ത് പശ ഉപയോഗിച്ച് ഒട്ടിച്ച് അടച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എട്ടു കിലോ വീതം രണ്ടു ബക്കറ്റുകളിലായി ഇവര്‍ ട്രെയിന്‍ മാര്‍ഗം കേരളത്തില്‍ എത്തിക്കുകയായിരുന്നു. പരിശോധന നടന്ന വാടകമുറിയില്‍നിന്നു മുന്‍പും സമാനരീതിയില്‍ കടത്തിന് ഉപയോഗിച്ച നിരവധി പ്ലാസ്റ്റിക് ബക്കറ്റുകള്‍ എക്‌സൈസ് കണ്ടെടുത്തു.
ഒഡീഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ തലവനാണ് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിനു പിന്നിലെന്നാണ് എക്‌സൈസിനു ലഭിച്ചിരിക്കുന്ന വിവരം. 1500 മുതല്‍ 2000 രൂപ വരെ മാത്രം വിലയുള്ള കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വില്‍പ്പന നടത്തുമ്പോള്‍ കിലോയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ് മാഫിയ ഉണ്ടാക്കുന്നത്. ഒരു കിലോ കഞ്ചാവ് 5 ഗ്രാം വീതമുള്ള 200 പാക്കറ്റുകളാക്കി മാറ്റി, ഓരോ പാക്കറ്റും 500 രൂപയ്ക്ക് ചില്ലറ വില്‍പ്പനക്കാര്‍ക്കു നല്‍കുകയാണ് ചെയ്യുക. ഇത്തരത്തില്‍ കച്ചവടം ചെയ്യുമ്പോള്‍ രണ്ട്–മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ലഭിക്കുന്നത് 50 മടങ്ങിലധികം ലാഭമാണ്.
എസി ത്രീ ടയര്‍ സൗജന്യ ടിക്കറ്റും 20,000 രൂപയും ട്രെയിന്‍ യാത്രയ്ക്കായി നല്‍കിയാണ് ഏജന്റുമാര്‍ പ്രതികളെ കേരളത്തിലേക്ക് അയച്ചിരുന്നത്. ഒരു തവണ കഞ്ചാവ് എത്തിച്ചു മടങ്ങുമ്പോള്‍ 25,000 രൂപ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു. കൃത്യമായ ലൊക്കേഷന്‍ നല്‍കി എത്തിക്കുന്ന ഇവര്‍ അന്നേ ദിവസം തന്നെ മടങ്ങുന്നതാണു രീതി. വഴിയില്‍ വച്ച് പിടിയിലായാല്‍ പണം നല്‍കി പുറത്തിറക്കാമെന്ന ഉറപ്പിലാണ് ആദ്യമായി കേരളത്തിലെത്തുന്ന പ്രതികളെ മാഫിയ കേരളത്തിലോട്ട് അയയ്ക്കുന്നത്. ലഹരി കടത്തിന്റെ പ്രധാന കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























