ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്

സിഎംആര്‍എല്‍ - എക്‌സാലോജിക് വിവാദത്തിലും ഇഡി നടപടികളിലും രൂക്ഷമായ പ്രതികരണവുമായി മുന്‍മന്ത്രി പി.എ മുഹമ്മദ് റിയാസ്. വീണാ വിജയന്‍ സി.എം.ആര്‍.എലില്‍ നിന്ന് അക്കൗണ്ട് വഴി നിയമപരമായാണ് പണം വാങ്ങിയതെന്നും കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. ഇത് മാസപ്പടിയാണെന്ന് ചിത്രീകരിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സേവനം നല്‍കിയിട്ടില്ല എന്ന വാദം തെറ്റാണെന്നും റിയാസ് പറഞ്ഞു.
വീണ എന്താണ് മിണ്ടാത്തത് എന്ന് ചിലര്‍ ചോദിച്ചു. മൗനം പാലിച്ചത് തെറ്റ് ചെയ്തതിനാലാണ് എന്ന് ചിലര്‍ പറഞ്ഞു. ഒരാള്‍ക്ക് പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും ഭരണഘടനാപരമായി അവകാശമുണ്ട്. സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് മൗനം പാലിച്ചതെന്നും റിയാസ് വ്യക്തമാക്കി. തനിക്കെതിരെയും കുടുംബത്തിനെതിരെയും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭാര്യ വീണ വിജയനെതിരെ ഇ.ഡി വ്യാജ മൊഴികള്‍ ചമയ്ക്കുകയാണ്. പിണറായി വിജയന്റെ മകളായതുകൊണ്ട് മാത്രം വീണയെ നിരന്തരം വേട്ടയാടുകയാണ്. വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ ഇരുപത്തഞ്ച് പൈസ പോലും പിടിച്ചെടുക്കാന്‍ ഇഡിക്കായിട്ടില്ല. സ്വന്തം മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുഹൃത്ത് ഹസന്‍ വാരിസിനെക്കൊണ്ട് തനിക്കെതിരെ മൊഴി പറയിപ്പിച്ചതെന്നും റിയാസ് പറഞ്ഞു.
വാരിസിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ഒന്നും കിട്ടാതായപ്പോള്‍ പിണറായി വിജയന്റെ ഇടപാടാണ് ഇത് എന്ന് പറയാന്‍ ഇഡി നിര്‍ദേശിച്ചു. പിണറായിയുമായി ബന്ധമില്ലെന്ന് സുഹൃത്ത് പറഞ്ഞു. പിണറായിയുമായി എന്ന് പറഞ്ഞപ്പോള്‍ വീണയുടെ ഇടപാടാണ് എന്ന് പറയാന്‍ പറഞ്ഞു. അതിനും തയ്യാറാകാത്തതോടെ നിങ്ങളുടെ മകളെയും പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തി. പിണറായി, റിയാസ്, വീണ എന്നിവരില്‍ ഒരാളുടെ പേര് പറഞ്ഞില്ലെങ്കില്‍ മകളെ പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തിയതോടെ തന്റെ പേര് പറയുകയായിരുന്നുവെന്നും റിയാസ് വിശദീകരിച്ചു. അടുത്ത ദിവസം മാനസികമായി പ്രയാസത്തിലായ വാരിസ് ഇഡിക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ സന്ദര്‍ശനം ഹവാല ഇടപാടിനായിരുന്നെന്ന പ്രചാരണവും റിയാസ് തള്ളി. വീണ പലപ്പോഴും ദുബൈയില്‍ പോയിട്ടുണ്ട്. താനും പോയിട്ടുണ്ട്. പലരും പോയിട്ടുണ്ടാകും. അതെല്ലാം ഹവാല കടത്താനാണോയെന്നും റിയാസ് ചോദിച്ചു. ഭീഷണിപ്പെടുത്തി ആരുടെ കയ്യില്‍ നിന്നും എന്ത് കള്ളമൊഴി എടുത്താലും സത്യം ജയിക്കുമെന്നും ജീവിക്കുന്ന തന്റെ ഇറച്ചി കടിച്ചു തിന്നുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണ ഏജന്‍സികളുടെ നടപടികളെ നിയമപരമായി നേരിടും. ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാല്‍ ഭയമില്ല. കമ്മ്യൂണിസ്റ്റുകാര്‍ ഇഡിയെ പേടിക്കേണ്ടതില്ലെന്നും റിയാസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























