ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര്. ‘കോടതിവിളക്ക്’ എന്ന പേരിനു പകരം ‘നീതിവിളക്ക്’ എന്ന പേരിലായിരിക്കും ഇനി ചടങ്ങ് നടക്കുക. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതി പേരുമാറ്റത്തിന് തീരുമാനമെടുത്തത്.
‘കോടതിവിളക്ക്’ എന്ന പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ചടങ്ങ് നടത്തുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ലഭിച്ച പരാതിയിലായിരുന്നു പേരുമാറ്റത്തെക്കുറിച്ച് കോടതി നിർദേശം നൽകിയിട്ടുള്ളത്. ‘കോടതിവിളക്ക്’ എന്ന പേരിന് പകരം സാധ്യമെങ്കിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് ദേവസ്വം മറ്റൊരു പേര് കണ്ടെത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
തുടർന്ന് സംഘാടകരുടെ നിർദേശവും പരിഗണിച്ചാണ് ചടങ്ങിന്റെ പേര് ‘നീതിവിളക്ക്’ എന്നാക്കി മാറ്റാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്.
ഏകാദശിയിൽ 30 ദിവസം വിളക്കുകൾ
ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ച് വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ചേർന്ന് 30 ദിവസം വിവിധ പേരുകളിൽ ‘വിളക്കുകൾ’ നടത്തുന്നത് പതിവാണ്. ഈ പരമ്പരയിലെ പ്രധാന ചടങ്ങുകളിലൊന്നായിരുന്നു അഭിഭാഷകരുടെ നേതൃത്വത്തിൽ നടന്നുവന്ന ‘കോടതിവിളക്ക്’. ന്യായാധിപർ, അഡ്വക്കറ്റ് ക്ലാർക്കുമാർ എന്നിവരുടെ സഹകരണത്തോടെ അഭിഭാഷകരുടെ കോർട്ട് വിളക്ക് സെലിബ്രേഷൻ കമ്മിറ്റിയാണ് ചടങ്ങ് നടത്തിവന്നിരുന്നത്. ദേവസ്വത്തിന്റെ രേഖകളിൽ ഇതിന് ‘ചാവക്കാട് മുൻസിഫ് കോടതി വിളക്ക്’ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ചടങ്ങിനാണ് ഇപ്പോൾ പേര് മാറുന്നത്. ഇക്കൊല്ലത്തെ ഗുരുവായൂർ ഏകാദശി നവംബറിലാണ് നടക്കുന്നത്. അതോടെ പുതിയ പേരായ ‘നീതിവിളക്ക്’ ആയിരിക്കും ചടങ്ങിനായി ഉപയോഗിക്കുക.
https://www.facebook.com/Malayalivartha

























