മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇ.ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് എ.ബദറുദീന്റെ നിര്‍ദേശം. ഇ.ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ നേരത്തെ സര്‍ക്കാര്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു പോര, എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു തന്നെ അന്വേഷിക്കാനാണ് കോടതി നിര്‍ദേശം. ഇതോടെ, പിണറായി വിജയന്‍, ടി. വീണ, ഭര്‍ത്താവും മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കേണ്ടി വരും. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം.ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നു കാട്ടിയായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകള്‍ നടന്നെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസിന് ഇ.ഡി വിവരങ്ങള്‍ നല്‍കിയത് മുന്‍നിര്‍ത്തിയായിരുന്നു ഹര്‍ജി. കോടതി ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തു വന്നാല്‍ മാത്രമേ വിശദാംശങ്ങള്‍ ലഭ്യമാകൂ.
അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(1)(ബി) പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ഇ.ഡി കണ്ടെത്തിയിട്ടും ബിഎന്‍എസ്എസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിനു മാത്രം ഉത്തരവിട്ടതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ മാത്രമേ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമുള്ളൂ എന്നും വ്യക്തമായ തെളിവുകള്‍ ഇ.ഡി കൈമാറിയ സാഹചര്യത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കൂടാതെ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് സംവിധാനം നിലവിലുള്ളപ്പോള്‍ അത് ഒഴിവാക്കി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധവും ഇടത്‌വലത് മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗവുമാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതികളില്‍ സമയബന്ധിതമായി തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി അന്വേഷണം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറണമെന്നും കുറ്റക്കാര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം ഉടന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
https://www.facebook.com/Malayalivartha

























