നിർമിതബുദ്ധിയുടെ കാലത്ത് സൈബർ സുരക്ഷ ഉറപ്പാക്കാൻ നൂതനമായ പ്രതിരോധ മാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യം ; 2027ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുറ്റകൃത്യങ്ങൾ നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അവ സംഭവിക്കുന്നതിനുമുമ്പ് ഫലപ്രദമായ പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല .
2027ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസിന്റെ സൈബർ വിഭാഗം രൂപകൽപ്പന ചെയ്ത 'ക്ലിക്ക്' (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലിയന്റ് കേരളം) സൈബർ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമിതബുദ്ധിയുടെ കാലത്ത് സൈബർ സുരക്ഷ ഉറപ്പാക്കാൻ നൂതനമായ പ്രതിരോധ മാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സൈബർ യുഗത്തിൽ ജീവിക്കുമ്പോൾ സൈബർ കുറ്റകൃത്യങ്ങൾ പൂർണമായി ഇല്ലാതാക്കുക എളുപ്പമല്ല. ഫലപ്രദമായ പ്രതിരോധത്തിലൂടെ ഒരു പരിധിവരെ അവ തടയാനാകും.
തീവ്രമായ അക്രമസ്വഭാവമുള്ള ഗെയിമുകൾ കളിക്കുന്നതും സിനിമകൾ കാണുന്നതും കുട്ടികളെയും യുവതലമുറയെയും കുറ്റകൃത്യങ്ങളിലേക്ക് പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളുണ്ട്. ഇത്തരം പ്രവണതകൾ ഗൗരവമായി കാണണം.സാധാരണക്കാരുടെ സാങ്കേതിക പരിജ്ഞാനക്കുറവ് ചൂഷണം ചെയ്താണ് പല സൈബർ തട്ടിപ്പുകളും നടക്കുന്നത്. കഴിഞ്ഞ വർഷം 54,000-ത്തിലധികം സൈബർ തട്ടിപ്പ് പരാതികളാണ് രജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha
























