അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിച്ചു

കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ പ്രമോഷനും പുതിയ നിയമനവും തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്‍ക്കുലര്‍ പുറത്തുവന്നതിന് പിന്നാലെ ഇടത് അദ്ധ്യാപക സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.
കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ പ്രമോഷനും പുതിയ നിയമനാംഗീകാരവും തടയുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ സര്‍ക്കുലറായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഉത്തരവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എയ്ഡഡ് സ്കൂളുകളില്‍ 2025 സെപ്തംബര്‍ ഒന്നിനോ അതിന്ശേഷമോ കെ ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അദ്ധ്യാപകരെ പുറത്താക്കാനും യോഗ്യതയില്ലാതെ പ്രൊമോഷന് ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃതസ്തികയിലേക്ക് റിവേര്‍ട്ട് ചെയ്യാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. 2025 ഒക്ടോബര്‍ മുതല്‍ കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ നല്‍കരുതെന്നും വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ പുതിയ തീരുമാനം ഉടന്‍ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























