സ്റ്റേഷനിൽ കയറി വെല്ലുവിളി; ഒടുവിൽ ശ്രീനാദേവിയും പ്രതിയാകുമോ?

അടൂരിൽ വേറെ ആഭ്യന്തര മന്ത്രിയുണ്ടോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണമാണ് നടക്കുന്നത്. മമ്മൂട്ടി സ്റ്റൈലിലുള്ള ട്രോളുകളും നിറഞ്ഞു. അവസാനം അടൂർ പൊലീസ് സ്റ്റേഷൻ സംഭവത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെയും കേസെടുക്കാൻ നീക്കം. യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനും കേസിൽ പ്രതിയായേക്കും.
കഴിഞ്ഞ ജൂലൈ പതിനൊന്നിനായിരുന്നു വിവാദങ്ങൾക്ക് തുടക്കമായ സംഭവം. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇദ്ദേഹത്തെ അടൂർ പൊലീസ് സ്റ്റേഷനിലെത്തിക്കുന്നതിനിടെ പ്രവർത്തകർ പൊലീസ് വാഹനത്തിന് മുന്നിൽ തടസ്സമുണ്ടാക്കുകയും സ്റ്റേഷനുള്ളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതായാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ലോക്കപ്പിൽ കഴിയുകയായിരുന്ന രാജൻ ജോസഫിനോട് ശ്രീനാദേവി കുഞ്ഞമ്മ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്.
പോലീസിന് തന്നെ നാണക്കേടുണ്ടായ സംഭവത്തിൽ പത്തനംതിട്ട എസ്.പിയോട് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്. ശ്രീനാദേവി കുഞ്ഞമ്മയെയും ഫെനി നൈനാനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha

























