സച്ചിന്റെ വായിലും ലാലേട്ടന്റെ മാസ് ഡയലോഗ്! സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് തകർപ്പൻ മറുപടി!

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ വായിൽ നിന്ന് മോഹൻലാലിന്റെ മാസ് ഡയലോഗ്! മലയാളികളുടെ പ്രിയപ്പെട്ട ‘നീ പോ മോനേ ദിനേശാ’ എന്ന സംഭാഷണം സച്ചിൻ പറഞ്ഞതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
റെഡ്ഡിറ്റിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിക്കിടെയായിരുന്നു രസകരമായ സംഭവം. സഞ്ജു സാംസണുമായി മാസങ്ങളോളം നിരന്തരം സംസാരിച്ചിരുന്നുവെന്നും ട്വന്റി20 ലോകകപ്പ് സമയത്ത് ദീർഘനേരം സംസാരിച്ചിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തിയിരുന്നു. ഈ സംഭാഷണങ്ങളിൽ സച്ചിൻ നൽകിയ ഉപദേശങ്ങൾ എന്തൊക്കെയായിരുന്നുവെന്നായിരുന്നു ആരാധകന്റെ ചോദ്യം.
എന്നാൽ സച്ചിന്റെ മറുപടി അപ്രതീക്ഷിതമായിരുന്നു. ‘നീ പോ മോനേ ദിനേശാ! അതിന്റെ അർഥം സഞ്ജു തന്നെ നിങ്ങൾക്ക് പറഞ്ഞുതരും’ എന്നായിരുന്നു സച്ചിന്റെ രസകരമായ പ്രതികരണം.
മോഹൻലാലിന്റെ 2000ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം നരസിംഹത്തിലെ എക്കാലത്തെയും ജനപ്രിയ ഡയലോഗാണിത്. സച്ചിൻ ഈ ഡയലോഗ് ഉപയോഗിച്ചതോടെ മലയാളി ആരാധകരും ആവേശത്തിലായി.
മോശം ഫോമിലൂടെ കടന്നുപോയ സമയത്ത് സച്ചിന്റെ ഉപദേശം തേടിയിരുന്നുവെന്ന് സഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാനസികമായ കരുത്തും കളിയിലെ വ്യക്തതയും നേടാൻ സച്ചിന്റെ മാർഗനിർദേശം സഹായിച്ചെന്നും താരം പറഞ്ഞിരുന്നു.
സച്ചിനും സഞ്ജുവും തമ്മിലുള്ള ഈ സൗഹൃദത്തിനൊപ്പം ലാലേട്ടന്റെ ഡയലോഗും ചേർന്നപ്പോൾ ആരാധകർക്ക് കിട്ടിയത് ശരിക്കും ഒരു മാസ് സർപ്രൈസ് തന്നെ!
https://www.facebook.com/Malayalivartha
























