നാസയുടെ പേടകാവശിഷ്ടങ്ങൾ കേരളത്തിലും വീഴുമോ? ഭൂമിയിലേക്ക് പതിക്കാനൊരുങ്ങി 1.5 ടൺ ഭാരമുള്ള സ്വിഫ്റ്റ്!

ആകാശത്തുനിന്ന് ഒരു വമ്പൻ പേടകം ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ 1.5 ടൺ ഭാരമുള്ള ബഹിരാകാശ ദൂരദർശിനിയായ നീൽ ഗെഹ്റൽസ് സ്വിഫ്റ്റ് ഒബ്സർവേറ്ററിയാണ് ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നത്. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ പ്രദേശങ്ങൾ സാധ്യതാ പരിധിയിൽ ഉൾപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആശങ്കയും ഉയരുകയാണ്. എന്നാൽ പേടകത്തിന്റെ അവശിഷ്ടങ്ങൾ കേരളത്തിൽ തന്നെ പതിക്കുമെന്ന് സ്ഥിരീകരണമില്ല.
2004 നവംബർ 20നാണ് സ്വിഫ്റ്റ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ സ്ഫോടനങ്ങളിലൊന്നായ ഗാമാ റേ ബേസ്റ്റുകളെക്കുറിച്ച് പഠിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. വെറും രണ്ടുവർഷത്തെ പ്രാഥമിക ദൗത്യത്തിനായി രൂപകൽപ്പന ചെയ്ത പേടകം 22 വർഷത്തോളം പ്രവർത്തിച്ച് ശാസ്ത്രലോകത്തിന് നിർണായക വിവരങ്ങൾ നൽകി.
എന്നാൽ അടുത്തിടെയുണ്ടായ ശക്തമായ സൗരപ്രവർത്തനങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ സാന്ദ്രത വർധിപ്പിക്കുകയും പേടകത്തിന്റെ ഭ്രമണപഥം താഴാൻ കാരണമാവുകയും ചെയ്തു. ഇതോടെ സ്വിഫ്റ്റിനെ ഉയർന്ന ഭ്രമണപഥത്തിലേക്ക് മാറ്റാനുള്ള ശ്രമവും നടന്നു. ഇതിനായി സ്വകാര്യ കമ്പനി നിർമിച്ച റോബോട്ടിക് പേടകത്തിന്റെ സഹായം തേടിയെങ്കിലും രക്ഷാദൗത്യം പരാജയപ്പെട്ടു. ഒടുവിൽ ഒക്ടോബർ 20ന് സ്വിഫ്റ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
നാസയുടെ നവംബർ രണ്ടിലെ കണക്കുകൂട്ടൽ പ്രകാരം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പേടകം അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിൽ ഏകദേശം 11 മണിക്കൂർ വരെ വ്യത്യാസമുണ്ടാകാം. അതായത് കൃത്യമായ സമയം മാത്രമല്ല, അവശിഷ്ടങ്ങൾ പതിക്കുന്ന സ്ഥലവും ഇപ്പോൾ ഉറപ്പിച്ച് പറയാനാവില്ല.
അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പേടകത്തിന്റെ ഭൂരിഭാഗവും കടുത്ത ചൂടിൽ കത്തിയമരുമെന്നാണ് നാസയുടെ വിലയിരുത്തൽ. എന്നാൽ ടങ്സ്റ്റൺ ഉൾപ്പെടെയുള്ള ചില ഘടകങ്ങളും കണ്ണാടിയുടെ ഭാഗങ്ങളും പൂർണമായി കത്താതെ ഭൂമിയിലെത്താൻ സാധ്യതയുണ്ട്.
പേടകത്തിന്റെ ഭ്രമണപഥം കണക്കിലെടുക്കുമ്പോൾ ഭൂമധ്യരേഖയ്ക്ക് വടക്കും തെക്കും 20.6 ഡിഗ്രിക്കുള്ളിലുള്ള പ്രദേശങ്ങളിലാണ് അവശിഷ്ടങ്ങൾ പതിക്കാൻ സാധ്യതയുള്ളത്. ഈ പരിധിയിൽ ഇന്ത്യയുടെ ചില ഭാഗങ്ങളും ഉൾപ്പെടുന്നുണ്ട്. കേരളം, കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങൾ സാധ്യതാ ചർച്ചകളിൽ വന്നിട്ടുണ്ടെങ്കിലും ഈ നഗരങ്ങളിലേതെങ്കിലും പേടകത്തിന്റെ അവശിഷ്ടങ്ങൾ പതിക്കുമെന്ന് നാസ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, അവശിഷ്ടങ്ങൾ ജനവാസമേഖലയിൽ പതിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും സമുദ്രത്തിലായിരിക്കും ഭൂരിഭാഗവും വീഴുകയെന്നുമാണ് പ്രതീക്ഷ. ഭൂമിയിലെ ഒരാൾക്ക് ഈ പേടകത്തിന്റെ തിരിച്ചുവരവ് മൂലം പരിക്കേൽക്കാനുള്ള സാധ്യത 2,100ൽ ഒന്നാണെന്നാണ് അമേരിക്കൻ സ്പേസ് ഫോഴ്സിന്റെ കണക്ക്.
നാസയും അമേരിക്കൻ സ്പേസ് ഫോഴ്സും പേടകത്തിന്റെ സഞ്ചാരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യമായ പതനസ്ഥലം അവസാന നിമിഷങ്ങളിൽ മാത്രമേ കൂടുതൽ വ്യക്തതയോടെ അറിയാൻ കഴിയൂ.
22 വർഷം പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ തേടി സഞ്ചരിച്ച ഒരു ബഹിരാകാശ ദൂരദർശിനിയുടെ അവസാന യാത്രയാണിത്. എന്നാൽ ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ അതിന്റെ അവശിഷ്ടങ്ങൾ എവിടെയായിരിക്കും പതിക്കുക? കേരളവും ആ സാധ്യതാ പരിധിയിലുണ്ടെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
https://www.facebook.com/Malayalivartha
























