വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല

വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല. വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ് തത്വത്തിൽ തീരുമാനിച്ചു. തപാൽ പിൻകോഡിന്റെയും മറ്റും മാതൃകയിൽ പത്തക്കങ്ങളുള്ള ഏകീകൃത ഡിജിറ്റൽ നമ്പരാണ് നൽകുക. അത് ഉൾപ്പെടുത്തി വീടിന് ക്യൂ ആർ കോഡും നൽകും.
നിലവിൽ വാർഡ് പുനഃസംഘടിപ്പിക്കുമ്പോഴും തദ്ദേശസ്ഥാപനങ്ങളുടെ അതിർത്തികൾ മാറുമ്പോഴും ജനസംഖ്യ കൂടുമ്പോഴുമെല്ലാം വീട്ടുനമ്പർ മാറുന്ന സാഹചര്യമാണ്. ഇത് ഭരണ നിർവഹണത്തിലും ജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് സ്ഥിരം വീട്ടുനമ്പർ ഏർപ്പെടുത്തുന്നത്.
തദ്ദേശസ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പർ, ഓരോ വാർഡിലും ഒന്നുമുതൽ വീടിന്റെ ക്രമനമ്പർ എന്നിങ്ങനെ ചേർത്താണ് വീട്ടുനമ്പർ നൽകിപ്പോരുന്നത്. വാർഡ് നമ്പർ മാറുന്നത് അനുസരിച്ചും പുതിയ വീടുകൾ വരുന്നത് അനുസരിച്ചും വീട്ടുനമ്പർ മാറും.
ഏകീകൃത വീട്ടുനമ്പർ സംവിധാനം നടപ്പാക്കുന്നതിന് ഇൻഫർമേഷൻ കേരള മിഷൻ മാതൃകാ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























