തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ

അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം. ഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്നു. കുടുംബബന്ധങ്ങൾ പുതുക്കാനും സ്നേഹവും സന്തോഷവും പങ്കുവയ്ക്കാനും പരസ്പര സഹായത്തിന്റെ മൂല്യം ഓർമിക്കാനും ഈ ഉത്സവം അവസരമൊരുക്കുകയും ചെയ്യും.
2026 നവംബർ 8 ഞായറാഴ്ചയാണ് പ്രധാന ദീപാവലി ആഘോഷവും ലക്ഷ്മീപൂജയും. കാർത്തിക മാസത്തിലെ അമാവാസി തിഥിയുമായി ബന്ധപ്പെട്ടാണ് ഉത്തരേന്ത്യൻ പാരമ്പര്യത്തിൽ ദീപാവലി ആഘോഷിക്കുന്നത്.
2026 നവംബർ 8-ന് ആരംഭിക്കുന്ന അമാവാസി തിഥി നവംബർ 9 ഉച്ചയോടെ അവസാനിക്കുമെന്നാണ് പഞ്ചാംഗ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രദോഷകാലത്ത് അമാവാസി നിലനിൽക്കുന്ന ദിവസത്തെ അടിസ്ഥാനമാക്കിയാണ് പ്രധാന പൂജാദിനം നിശ്ചയിക്കുന്നത്. പഞ്ചാംഗ രീതിയിലും പ്രദേശത്തിലും വ്യത്യാസമനുസരിച്ച് ആചരണത്തീയതികളിൽ മാറ്റമുണ്ടാകാംകുന്നതാണ്.
സംസ്ഥാനത്ത് ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾക്കുള്ളതുപോലെ ദീപാവലിക്കും സാംസ്കാരികമായ പ്രാധാന്യമുണ്ട്. എന്നാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആഘോഷരീതികളും വിശ്വാസങ്ങളും വ്യത്യസ്തമാണ്. ഉത്തരേന്ത്യയിൽ ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടക്കത്തിനും ലക്ഷ്മീ പൂജയ്ക്കും പ്രാധാന്യം നൽകുമ്പോൾ ദക്ഷിണേന്ത്യയിലെ പല പ്രദേശങ്ങളിലും ശ്രീകൃഷ്ണന്റെ നരകാസുരവധമാണ് ആഘോഷത്തിന്റെ പ്രധാന ഐതിഹ്യം. ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങൾ, വൈദ്യുത അലങ്കാരങ്ങൾ, പൂക്കൾ, രംഗോലി എന്നിവകൊണ്ട് മനോഹരമാകുന്നു. മൺചെരാതുകളിലും നിലവിളക്കുകളിലും തെളിയുന്ന വിളക്കുകൾ ആഘോഷത്തിന് ആത്മീയമായ ഭംഗി പകരുന്നു.
പടക്കങ്ങൾ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടിരുന്നാലും ശബ്ദ-അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പരിസ്ഥിതി സൗഹൃദമായ രീതികൾ സ്വീകരിക്കേണ്ടതാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും മുതിർന്നവരുടെയും വളർത്തു മൃഗങ്ങളുടെയും ബുദ്ധിമുട്ടുകൾ പരിഗണിക്കുകയും വേണം.
പുതുവസ്ത്രങ്ങൾ ധരിക്കുക, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക, സമ്മാനങ്ങളും മധുരപലഹാരങ്ങളും കൈമാറുക എന്നിവ ആഘോഷത്തിന്റെ ഭാഗമാണ്. വീടുകളിൽ തയ്യാറാക്കുന്ന വിഭവങ്ങൾ അയൽക്കാർക്കും സുഹൃത്തുക്കൾക്കും നൽകുന്നത് സ്നേഹവും സൗഹൃദവും ശക്തമാക്കുന്നു.
അതേസമയം ദീപാവലി ആഘോഷങ്ങളിൽ മധുര പലഹാരങ്ങൾക്ക് സവിശേഷ സ്ഥാനമുണ്ട്.
ദീപാവലിയുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുണ്ട്. രാവണനെ വധിച്ച് പതിനാലു വർഷത്തെ വനവാസം പൂർത്തിയാക്കിയ ശ്രീരാമൻ സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ ജനങ്ങൾ ദീപങ്ങൾ തെളിച്ച് അദ്ദേഹത്തെ സ്വീകരിച്ചുവെന്നാണ് ഉത്തരേന്ത്യയിലെ വിശ്വാസം.
മറ്റൊന്ന് നരകാസുരൻ ജനങ്ങളെ പീഡിപ്പിക്കുകയും പലരെയും തടവിലാക്കുകയും ചെയ്തപ്പോൾ ശ്രീകൃഷ്ണൻ അവനെ വധിച്ച് ജനങ്ങളെ മോചിപ്പിച്ചതിന്റെ സ്മരണയാണ് നരക ചതുർദശിയുമായി ബന്ധപ്പെടുത്തുന്നത്.
ഇനി മറ്റൊരു ഐതീഹ്യമാണ് സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയുടെ ആരാധനയ്ക്കും ദീപാവലിയിൽ പ്രധാന സ്ഥാനമുണ്ട്. വീടുകൾ വൃത്തിയാക്കി ദീപങ്ങൾ തെളിച്ച് പൂജകൾ നടത്തുന്നു.
"
https://www.facebook.com/Malayalivartha

























