മലയാളിയായ അവസാനവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനി ദുബായിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു
മലയാളിയായ അവസാനവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനി ദുബായിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ദുബായ് റാഷിദിയയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടയിലാണ് ദുരന്തം നാഇഫയുടെ ജീവനെടുത്തത്.
സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ വാഹനം നിർത്തേണ്ടി വന്നതാണ് അപകടത്തിന് വഴിതുറന്നത്. വാഹനം കേടായ വിവരം നാഇഫ തത്സമയം നാട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. അടിയന്തര സഹായത്തിനായി റിക്കവറി സർവീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെടാൻ പിതാവ് നിർദേശിച്ചതിനെ തുടർന്ന് നാഇഫ കാറിൽ നിന്ന് പുറത്തിറങ്ങി ഫോൺ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് നിയന്ത്രണം വിട്ടെത്തിയ മറ്റൊരു വാഹനം ഇയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
മകൾ ഫോൺ വിളിക്കുമെന്ന് കരുതി കാത്തിരുന്ന പിതാവ് ബിനു പിന്നീട് തിരികെ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. ഇതോടെ കുടുംബത്തിന് ആശങ്കയായി. തുടർന്ന് ദുബായ് പോലീസിൽ നിന്ന് മാതാപിതാക്കളുടെ ഫോണിലേക്ക് വിളിയെത്തുകയും ദാരുണമായ അപകടവിവരം അറിയിക്കുകയുമായിരുന്നു. ഏറെ പ്രതീക്ഷയോടെ വളർന്ന മകളുടെ അപ്രതീക്ഷിത വേർപാടിന്റെ ആഘാതത്തിലാണ് ദുബായിലെ മലയാളി സമൂഹവും കുടുംബവും.
ദീർഘകാലമായി ദുബായിൽ വ്യവസായ രംഗത്ത് സജീവമായ തൊടുപുഴ സ്വദേശി ബിനു ഹമീദിന്റെയും സീനയുടെയും മകളാണ് നാഇഫ ബൽക്കീസ്. സഹോദരൻ: നിഹാൽ ഹമീദ്. ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിലെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത വേർപാടിൽ അധ്യാപകരും സഹപാഠികളും വലിയ നടുക്കത്തിലാണ്.
നിലവിൽ ദുബായ് പോലീസ് ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുന്ന നാഇഫയുടെ മൃതദേഹം ആവശ്യമായ നിയമനടപടികൾക്കും പരിശോധനകൾക്കും ശേഷം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദുബായിലെ സാമൂഹിക പ്രവർത്തകരും ബന്ധുക്കളും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഒപ്പമുണ്ട്.
https://www.facebook.com/Malayalivartha


























