ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത; ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ഇന്ന് തന്നെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും.
വ്യാഴാഴ്ച വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കാനാണ് സാധ്യത. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപത്തെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലാണ് നിലവിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്.ഇത് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തിങ്കളാഴ്ചയോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും സമീപ പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തുടർന്ന് അടുത്ത രണ്ട് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ആന്ധ്രാപ്രദേശ് തീരത്തേക്ക് എത്തുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥവും ശക്തിയും നിരീക്ഷിച്ചുവരികയാണെന്നും ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha

























