ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക്...മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ പുലർച്ചെ 3ന് മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു, ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന അയ്യപ്പഭക്തർ ശരണമന്ത്രം മുഴക്കി പതിനെട്ടാംപടി കയറി തിരുസന്നിധിയിലെത്തി

ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക്... . മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ പുലർച്ചെ 3ന് മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന അയ്യപ്പഭക്തർ ശരണമന്ത്രം മുഴക്കി പതിനെട്ടാംപടി കയറി തിരുസന്നിധിയിലെത്തി. നിർമ്മാല്യ ദർശനത്തിനും അഭിഷേകത്തിനും ശേഷം തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ കാർമ്മികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തി. 3.30ന് നെയ്യഭിഷേകം ആരംഭിച്ചു.
അഷ്ടാഭിഷേകത്തിനും ഉഷഃപൂജയ്ക്കും ശേഷം കിഴക്കേ മുഖമണ്ഡപത്തിൽ കുട്ടികളുടെ ചോറൂണ് വഴിപാട് നടന്നു. കലശപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം ഒന്നിന് നടയടച്ചു. ഉച്ചയ്ക്കു ശേഷം മൂന്നിന് നടതുറന്നു. ദീപാരാധനയ്ക്കും പുഷ്പാഭിഷേകത്തിനും അത്താഴപൂജയ്ക്കും ശേഷം രാത്രി 11ന് നടയടച്ചു.
അതേസമയം മാളികപ്പുറം ക്ഷേത്രനട, മേൽശാന്തി എ.ദാമോദരൻ നമ്പൂതിരി തുറന്നു. വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഈ വർഷത്തെ ആദ്യ ഭഗവതിസേവയ്ക്ക് അദ്ദേഹം കാർമ്മികത്വം വഹിച്ചു. ദേവസ്വം മന്ത്രി കെ. മുരളീധരൻ, കെ.യു.ജനീഷ് കുമാർ എം.എൽ.എ, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. പി.ഡി. സന്തോഷ്, അഡ്വ. കെ. രാജു, ദേവസ്വം ബോർഡ് കമ്മിഷണർ ബി.സുനിൽകുമാർ, എ.ഡി.ജി.പി പി.വിജയൻ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ശാന്തകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
"
https://www.facebook.com/Malayalivartha























