സതീശനെ പുണർന്ന് ഹൈക്കമാന്റ് ക്രൈസിസ് മാനേജരായി രമേശ് സതീശനാണ് ശരിയെന്ന് പ്രിയങ്ക തർക്കങ്ങളുടെ മുനയൊടിഞ്ഞു

വീണ്ടും മധ്യസ്ഥന്റെ റോളിലേക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിനിടയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടത്.
യു.ഡി.എഫ് സർക്കാർ ആറുമാസം പൂർത്തിയാക്കിയ ദിനത്തിലെ മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയെ മറ്റു മന്ത്രിമാർ ചോദ്യം ചെയ്തത്. പി.എസ്.സിയിൽ നിയമിക്കാനുള്ള അഞ്ച് അംഗങ്ങളുടെ പേരുകൾ മുഖ്യമന്ത്രി വായിച്ചതോടെയാണ് തർക്കം തുടങ്ങിയത്. എന്തിനാണിത്ര തിടുക്കമെന്നും ആരോട് ചർച്ച ചെയ്താണ് തീരുമാനിച്ചതെന്നും മന്ത്രി എ.പി. അനിൽകുമാർ ചോദ്യമുയർത്തി. രാഷ്ട്രീയ നിയമനമായിട്ടും കെ.പി.സി.സി പ്രസിഡന്റായ തന്നെ ഒന്നും അറിയിക്കുന്നില്ലെന്ന് മന്ത്രി സണ്ണിജോസഫ് പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് നിഷേധിക്കാൻ കഴിഞ്ഞില്ല. പകരം, നിയമനം നടത്തേണ്ടതിന്റെ അനിവാര്യതയും അടിയന്തര പ്രാധാന്യവും ചൂണ്ടിക്കാട്ടി ന്യായീകരിക്കുകയായിരുന്നു.അനിൽകുമാറും സണ്ണി ജോസഫും നിലപാട് കടുപ്പിക്കുകയും മന്ത്രി കെ.മുരളീധരനും കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും ചെയ്തതോടെ രമേശ് ചെന്നിത്തല മദ്ധ്യസ്ഥന്റെ റോൾ ഏറ്റെടുത്തു. രണ്ട് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമായിരുന്നു എല്ലാ വിഷയങ്ങളിലും രമ്യതയിൽ എത്തിയത്.
സംസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുണ്ടാക്കുന്ന തർക്കങ്ങൾക്ക് ഇത് രണ്ടാം തവണയാണ് ചെന്നിത്തല മധ്യസ്ഥന്റെ റോളിൽ എത്തുന്നത്. സംസ്ഥാനത്തെ തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ കോൺഗ്രസ് വൈക്കമാന്റാണ് ഇത്തരം ഒരുനീക്കം നടത്തിയത്. കാര്യക്ഷമമായ ഒരു ഭരണം കാഴ്ചവയ്ക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനെ സംബന്ധിച്ചിടത്തോളം ചെറിയ പ്രശ്നങ്ങൾ പോലും ആകുലതകൾ ഉളവാക്കുന്നതാണ്. തന്റെ ഉദ്ദേശലക്ഷ്യങ്ങൾ മന്ത്രിമാരിൽ പലരും അംഗീകരിക്കുന്നില്ലെന്ന ഒരു തോന്നൽ മുഖ്യമന്ത്രിക്കുന്നുണ്ട്. അതേസമയം രാഷ്ട്രീയമായ തീരുമാനങ്ങൾ മുഖ്യമന്ത്രി സ്വയം എടുക്കുന്നു എന്ന ധാരണയിലാണ് കെസി വേണുഗോപാലിനെ അനുകൂലിക്കുന്ന ഭൂരിപക്ഷം മന്ത്രിമാരുടെയും നിലപാട്. ഇത്തരത്തിൽ ഓരോ ദിവസവും മന്ത്രിസഭാ യോഗത്തിലും മന്ത്രിസഭയിലും അസ്വാരസ്യങ്ങൾ ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങൾ നേരിടാൻ തന്നെയാണ് രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനം ഉന്നയിച്ച മന്ത്രിമാർക്കുനേരെ സൈബർ ആക്രമണം നടന്നപ്പോഴും ചെന്നിത്തല ഇടപെട്ടു. മന്ത്രിമാരായ സണ്ണി ജോസഫ്, എ പി അനിൽ കുമാർ എന്നിവരാണ് സൈബർ ആക്രമണം നേരിടുന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് പാർട്ടിയിൽ നിന്നുള്ളവർ തന്നെയാണെന്നാണ് കെ സി വേണുഗോപാൽ പക്ഷം പറയുന്നത്. നേരത്തെ വി ഡി സതീശനെതിരെ സംസാരിച്ച യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, അടൂരിനെ പിന്തുണച്ച ജെബി മേത്തർ എംപി എന്നിവരും സൈബർ ആക്രമണം നേരിട്ടിരുന്നു.
സൈബർ ആക്രമണം ആസൂത്രിതമാണെന്ന വിലയിരുത്തലിലാണ് കെ സി പക്ഷത്തെ ഒരു വിഭാഗം നേതാക്കൾ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉന്നയിക്കാനാണ് നീക്കം.
പാർട്ടിയിൽ ചർച്ച ചെയ്യാതെയാണ് സർക്കാർ തീരുമാനങ്ങളെടുക്കുന്നതെന്ന കോൺഗ്രസിലെ പരാതി മന്ത്രിസഭയിലും പ്രതിഫലിച്ചുതുടങ്ങി. ആ പരാതി ഉന്നയിച്ചവരിൽ കെപിസിസി പ്രസിഡന്റ് കൂടിയായ മന്ത്രിയും ഉൾപ്പെടുന്നു. പാർട്ടി– സർക്കാർ ഏകോപനസമിതി നീണ്ടുപോകുന്നതിനും മുഴുവൻ സമയ കെപിസിസി പ്രസിഡന്റ് വൈകുന്നതിനും കോൺഗ്രസും സർക്കാരും വിലകൊടുക്കേണ്ടി വരികയാണ്. ഗുരുവായൂർ ദേവസ്വംബോർഡ് നിയമനങ്ങളിലും പിഎസ്‌സി നിയമനങ്ങളിലും മുഖ്യമന്ത്രി സ്വീകരിച്ച സമീപനത്തോട് കോൺഗ്രസ് മന്ത്രിമാർക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്നാണ് വ്യക്തമായത്.
മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കാൻ ശ്രമിക്കുകയും ചർച്ചനടത്തുകയും ചെയ്യുന്ന മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്കും സണ്ണി ജോസഫിനും തന്നെ ഭിന്നാഭിപ്രായമുണ്ടായി. ഗുരുവായൂർ ബോർഡിൽ ചെന്നിത്തല നിർദേശിച്ച പേര് ഉൾപ്പെട്ടില്ല. പിഎസ്‌സിയിലേക്കുള്ളവരുടെ പേരുകൾ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ചപ്പോൾ, അന്തിമധാരണ രൂപപ്പെട്ടിരുന്നില്ലല്ലോയെന്നു സണ്ണി ജോസഫ് ചോദിച്ചു. 16ന് വീണ്ടും ചർച്ചചെയ്യാമെന്നു പറഞ്ഞതും നടക്കാതെപോയതും ഓർമിപ്പിച്ചു. കെപിസിസി പ്രസിഡന്റായി താൻ തുടരുകയാണെങ്കിൽ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നു വികാരപരമായി ഓർമിപ്പിച്ചു. നിലവിലുള്ള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാനുള്ള ഗവർണറുടെ ശുപാർശ രാഷ്ട്രപതിയുടെ പരിഗണനയിലായിരിക്കെ പുതിയ നിയമനം എത്രയുംവേഗം വേണമെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കണക്കിലെടുത്താണ് പേരുകൾ അവതരിപ്പിച്ചതെന്നു മുഖ്യമന്ത്രി മറുപടി നൽകി.
ഗുരുവായൂർ നിയമനവിവാദത്തിന്റെ ചൂട് നിലനിൽക്കെത്തന്നെ പിഎസ്‌സി അംഗങ്ങളുടെ പട്ടികയുമായി മുഖ്യമന്ത്രി മന്ത്രിസഭയിലേക്കു വന്നത് വ്യക്തമാക്കുന്നത് അദ്ദേഹം ഉറച്ചനിലപാടിൽത്തന്നെയാണ് എന്നാണ്. കെപിസിസിയിൽനിന്നു സർക്കാരിലേക്കു കൈമാറേണ്ട പട്ടിക സർക്കാരിൽത്തന്നെ രൂപപ്പെട്ടു എന്നതാണ് പ്രശ്നം. കെപിസിസിയിൽ അതിനുള്ള സംവിധാനം ഇല്ലാത്തതു മൂലമാണ് തനിക്കു തയാറാക്കേണ്ടിവന്നതെന്ന് മുഖ്യമന്ത്രിക്കു വാദിക്കാം. കെപിസിസി പ്രസിഡന്റും മുൻ പ്രസിഡന്റുമാരും വർക്കിങ് പ്രസിഡന്റുമാരും മന്ത്രിസഭയിലുള്ളതിനാൽ പാർട്ടി–സർക്കാർ ഏകോപനമില്ലെന്ന പരാതിയിൽ കഴമ്പില്ലെന്ന പ്രതിരോധം പക്ഷേ ഇന്നലത്തെ ഭിന്നതയോടെ ദുർബലമായി. കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റായ എ.പി.അനിൽകുമാറുമാണ് വിയോജിപ്പ് ശക്തമായി പറഞ്ഞത്.
പാർട്ടിയിൽ മുഖ്യമന്ത്രിയോട് എതിർപ്പുള്ള ചേരിയുടെ താൽപര്യം അനിലിന്റെയും എം.ലിജുവിന്റെയും വാദങ്ങളിൽ വായിച്ചെടുത്ത മന്ത്രി രമേശ് ചെന്നിത്തല പെട്ടെന്നു മധ്യസ്ഥന്റെ റോളെടുത്തു. പിഎസ്‌സി നിയമനങ്ങളിൽ കോൺഗ്രസിൽ മാത്രമല്ല, മുന്നണിയിലും കാര്യമായ ചർച്ച നടന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതികരണം വ്യക്തമാക്കി. പിഎസ്‌സിയിൽ ഒരംഗത്തെ വേണമെന്ന് ആർഎസ്പി ആവശ്യപ്പെട്ടിരുന്നു. ‘തന്നില്ലെന്നത് അംഗീകരിക്കാം, പക്ഷേ തരുന്നില്ലെന്ന കാര്യം അറിയിക്കുകയെങ്കിലും വേണ്ടേ’ എന്നാണ് ഷിബു ചോദിച്ചത്.
മുഖ്യമന്ത്രി സർക്കാർ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. എന്തു വന്നാലും നേരിടാനുള്ള മനക്കരുത്താണ് മുഖ്യമന്ത്രിക്കുള്ളത്. താൻ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം തന്റെ തീരുമാനങ്ങൾ നടക്കണമെന്ന പിടിവാശിയാണ് അദ്ദേഹത്തിനുള്ളത്. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്ക് എല്ലാ വിധമായ പിന്തുണയും പി.കെ കുഞ്ഞാലിക്കുട്ടി നൽകുന്നു. . ഇത് 2011 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയെ ഓർമ്മിപ്പിക്കുന്നു. അന്ന് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടായിരുന്നെങ്കിലും പി.കെകുഞ്ഞാലിക്കുട്ടിയും കെ എം മാണിയുമായി കൂടിയാലോചിച്ചാണ് ഉമ്മൻ ചാണ്ടി തീരുമാനങ്ങൾ എടുത്തിരുന്നത്. ഇന്ന് ചിത്രം മാറി. അന്ന് ചിത്രത്തിൽ ഇല്ലാതിരുന്ന ചെന്നിത്തലയാണ് ഇന്ന് മധ്യസ്ഥന്റെ റോളിൽ എത്തിയിരിക്കുന്നത്. മന്ത്രിസഭയിൽ നടക്കുന്ന ചർച്ചകൾക്ക് മുമ്പ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രി കാര്യങ്ങൾ കൂടിയാലോചിക്കാറുണ്ട്. അതുകൊണ്ട് തന്നെ വിവാദങ്ങൾ ഉണ്ടാകുമ്പോൾ ചെന്നിത്തല ഇടപെടും.. ഇതിലും കെസി വേണുഗോപാലിന്റെ പക്ഷത്തുള്ള ചില മന്ത്രിമാർക്ക് എതിർപ്പുണ്ട് . കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫും ഇതിനോട് വിയോഗിക്കുന്നു ചെന്നിത്തലയുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിയാലോചനയുടെ പകുതി പോലും താനുമായി നടത്തുന്നില്ല എന്ന പരാതിയാണ് കെപിസിസി അധ്യക്ഷന് ഉള്ളത് . അടൂർ പ്രകാശ് കെപിസിസി ഓഫീസിൽ മാധ്യമ സമ്മളനം വിളിച്ച് മുഖ്യമന്ത്രിയെ വിമർശിക്കാൻ ചങ്കുറ്റം കാണിച്ചതിന് പിന്നിൽ സണ്ണി ജോസഫിന്റെ കരങ്ങളുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
മുഖ്യമന്ത്രി വി ഡി സതീശന് നാൾക്കുനാൾ വർധിച്ചുവരുന്ന ജനപ്രീതിയുടെ കാര്യത്തിൽ ഹൈക്കമാന്റിന് കൃത്യമായ ധാരണയുണ്ട് . അതുകൊണ്ടുതന്നെ സതീശന്റെ മറ്റുള്ളവർ പറയുന്ന കുഴപ്പങ്ങൾ തൽക്കാലം കണ്ടില്ലെന്ന് നടിക്കാനാണ് അവരുടെ തീരുമാനം. പ്രിയങ്ക ഗാന്ധിയുടെ കലവറയില്ലാത്ത പിന്തുണ സതീശന് ഉള്ളതിനാൽ രാഹുൽഗാന്ധിയും സോണിയ ഗാന്ധിയും സതീശനെ വിമർശിക്കാൻ നിൽക്കാറില്ല . സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതിൽ പ്രിയങ്ക ഗാന്ധിക്ക് ചെറുതല്ലാത്ത ഒരു പങ്കുണ്ടായിരുന്നു. പ്രിയങ്കയ്ക്ക് കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനം അടിക്കടി വർധിച്ചുവരികയാണ്. ഒരുപക്ഷേ ഭാവിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് വരെ പ്രിയങ്കയുടെ പേര് പരിഗണിക്കാൻ സാധ്യതയുണ്ടെന്ന പൊതു ചിന്ത ഡൽഹിയിലെ ഉന്നത കോൺഗ്രസ് വൃത്തങ്ങളിൽ ഉണ്ട്. വയനാട് എംപിയായ പ്രിയങ്കയ്ക്ക് മുസ്ലിം ലീഗിൻറെ പിന്തുണ കൂടിയേ തീരൂ. ലീഗിനാണെങ്കിൽ ഏറ്റവും പ്രിയപ്പെട്ടത് സതീശൻ എന്ന നേതാവിനെയാണ്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സാധാരണഗതിയിൽ ആരോടും ക്ഷോഭിക്കാറുള്ള വ്യക്തിയല്ല. പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് . മുഖ്യമന്ത്രി പോലും ദിവസങ്ങൾക്കുള്ളിൽ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടും രമേശ് ചെന്നിത്തല ഇതുവരെയും ഒരു വിവാദത്തിലും പങ്കാളിയായില്ല . അദ്ദേഹത്തിൻറെ പരിചയസ മ്പത്തും പക്വതയും തന്നെയാണ് കാരണം. ആരോടും അദ്ദേഹം മോശമായി സംസാരിക്കാറില്ല . പോലീസ് ഉദ്യോഗസ്ഥരോട് മമതയോടെ പെരുമാറാൻ പെരുമാറാൻ നന്നായി അറിയാം. തൻറെ രാഷ്ട്രീയ നിലപാടുകൾക്ക് എതിരാണെന്ന് തോന്നുന്ന ഉദ്യോഗസ്ഥരോട് പോലും അദ്ദേഹം സ്നേഹത്തോടെയാണ് ഇടപെടാറുള്ളത്. കാലത്തിന്റെ നീക്കങ്ങൾക്ക് അനുസരിച്ച് നീങ്ങാൻ ചെന്നിത്തലക്ക് അറിയാം. അതിനാലാണ് ക്രൈസിസ് മാനേജരായി ചെന്നിത്തലയെ ഹൈക്കമാന്റ് തീരുമാനിച്ചത്. ചെന്നിത്തല പറഞ്ഞാൽ യുവമന്ത്രിമാർ എതിർക്കാറുമില്ല. അതേസമയം കെ സി വേണു ഗോപാലിനും ചെന്നിത്തല പ്രിയങ്കരനാണ്. അദ്ദേഹത്തിനെതീരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ ചെന്നിത്തല പത്തുനിമിഷം കൊണ്ട്പൊളിച്ചുകൊടുത്തു.
രാഷ്ട്രീയ ഗുരു ആയിരുന്നിട്ടുപോലും ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്തില്ല. വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് സാഹചര്യമൊരുക്കുന്നതിനു മുന്നോടിയായി നികുതി നിശ്ചയിച്ച നടപടിയിൽനിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്നാക്കം പോകില്ലെന്ന് ഉറപ്പായി. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടിപറയുമ്പോൾ നിർദേശത്തിൽ അദ്ദേഹം ഉറച്ചുനിന്നു. . ഇക്കാര്യത്തിൽ ഒരു യുഡി എഫ് നേതാവിന്റെയും വാക്കുകൾ കേൾക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ വിവിധ നേതാക്കളുടെ ഇംഗിതങ്ങൾക്ക് ഒപ്പിച്ചു സുപ്രധാന നയങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായാൽ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വിശ്വസിക്കുന്നു. ഒരു സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ചർച്ചകളുടെയും വിവാദങ്ങളുടെയും ഫലമായി മാറ്റിമറിക്കുമ്പോൾ സർക്കാർ പ്രതിസന്ധിയിൽ ആകുമെന്ന് മുഖ്യമന്ത്രി കരുതുന്നു . പ്രഖ്യാപിച്ച കാര്യങ്ങളിൽ ഒന്നും തന്നെ വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയ്യാറല്ല. അധികാരം ഏറ്റ സമയത്ത് ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറായിരുന്നു അദ്ദേഹം. എന്നാൽ വിവിധതരം സമ്മർദ്ദങ്ങളാണ് വിവിധ ഇടങ്ങളിൽ നിന്നും അദ്ദേഹത്തിന് നേരെ പ്രയോഗിക്കപ്പെട്ടത്. ദുർബലനായ ഒരു മുഖ്യമന്ത്രി എന്നറിയപ്പെടാൻ സതീശൻ ആഗ്രഹിക്കുന്നില്ല . പിണറായി വിജയനെ പോലെ കരുത്തനായ ഒരു മുഖ്യമന്ത്രിക്ക് പിൻഗാമിയാകുമ്പോൾ അത്രയും കരുത്ത് പ്രകടിപ്പിച്ചില്ലെങ്കിലും കരുത്ത് കുറയ്ക്കുന്നത് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി താൻ പ്രവർത്തിക്കുകയില്ലെന്ന് സതീശൻ ജനങ്ങളെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഇതിനിടയിൽ സർക്കാരിനെ താഴെയിറക്കാൻ താത്പര്യമുള്ള സുധീരനെ പോലുള്ളവരെ തള്ളിപറയണമെന്ന ആഹ്വാനവും ശക്തമാണ്.
ഇത്തരം ഒരു ശൈലി ഗുണം ചെയ്യുമെന്ന തോന്നൽ ദേശീയ നേതാക്കൾക്കുണ്ട്. അതിനാലാണ് കെ സിയുടെ സമ്മർദ്ദം ഉണ്ടായിട്ടും ഹൈക്കമാന്റ് സതീശനെ തള്ളാത്തത്.കേരളത്തിലെ കോൺഗ്രസിൽ അച്ചടക്കം തീരെയില്ലെന്ന് എല്ലാവർക്കുമറിയാം. സതീശൻ പറയുന്നത് കേൾക്കുന്ന നേതാക്കൾ മതിയെന്നാണ് സോണിയയുടെ തീരുമാനം. സതീശന് കേന്ദ്രം പിന്തുണ നൽകുന്നതിന്റെ കാരണവും ഇതു തന്നെയാണ്. ഇനി എന്തെങ്കിലും വിഷയമുണ്ടായാൽ അത് ചെന്നിത്തല പരിഹരിക്കുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു. അത്തരം സന്ദർഭങ്ങളിൽ കേന്ദ്രം ചെന്നിത്തലയെ ഫോണിൽ വിളിക്കും. ചെന്നിത്തല രക്ഷകന്റെ റോളിലെത്തും. തത്കാലം കേരളത്തിൽ നേത്യമാറ്റം നടക്കില്ല. ലീഗിന്റെ ശക്തമായ നിലപാടാണ് കാരണം.
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടന്നപ്പോൾ , കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫിലെ ഘടകകക്ഷികളുടെ താല്പര്യങ്ങളും സോണിയ ഗാന്ധി ആരാഞ്ഞു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചത്. സതീശൻ മുഖ്യമന്ത്രിയാകുന്നതിനോടുള്ള അനുകൂല മനോഭാവം സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ നേരിട്ട് അറിയിക്കുകയും ചെയ്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുന്നതിൽ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിലപാട് അതിനിർണായകമായി. ആന്റണിയുമായി സോണിയ ഗാന്ധി വിശദമായ ആശയവിനിമയം നടത്തി. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയും പൊതുജന വികാരവും കണക്കിലെടുത്ത് വി.ഡി. സതീശനെ തന്നെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ആവശ്യമെന്ന് സോണിയ ആന്റണിയെ അറിയിച്ചു. ആന്റണി ഇപ്പോഴും സതീശന്റെ കൂടെയാണ്. ഹൈക്കമാന്റ് ആന്റണിയുമായി കേരള കാര്യങ്ങൾ നിരന്തരം ചർച്ച ചെയ്യാറുണ്ട്. കേരളത്തിൽ ക്രൈസിസ് ഉണ്ടാകുമ്പോൾ ആന്റണിയെ കേട്ട ശേഷമാണ് സോണിയ തീരുമാനങ്ങൾ എടുക്കുന്നത്.
കെ സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പോലെ തഴക്കവും വഴക്കവുമുള്ള നേതാക്കളെയാണ് ഒറ്റയടിക്ക് വി ഡി സതീശൻ കമിഴ്ത്തിയത്.ഡൽഹിയിലാണ് കെ.സി താമസം.അദ്ദേഹം ഹൈക്കമാന്റിലെ പ്രധാനിയാണ്. എന്നാൽ കാര്യങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് കീഴ്മേൽ മറിഞ്ഞു. സതീശന്റെ മുന്നിൽ പ്രിയങ്കയും രാഹുലും എന്തിന് സോണിയാ ഗാന്ധി പോലും സുല്ലിട്ടു. ആറ്റുനോറ്റു കിട്ടിയ ഭരണം സതീശനില്ലെങ്കിൽ സി പി എമ്മിന്റെ ഉടമസ്ഥതതയിലാക്കുമെന്ന ലീഗിന്റെ ഭീഷണിയാണ് ഫലിച്ചത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ മാത്രമല്ല ലീഗിനെ വരെ ഭയപ്പെടാൻ കോൺഗ്രസ് തുടങ്ങിയിരുന്നു. കോൺഗ്രസ് ഇതര കക്ഷികൾ അണിനിരന്നാൽ സി പി എമ്മിന് ഭരണം കിട്ടാൻ എളുപ്പമാണ്. അതിനുള്ള നീക്കത്തിന് സി പി എം പച്ചക്കൊടി കാട്ടുകയും ചെയ്തു. തലസ്ഥാനത്ത് ചേർന്ന സി പി എം സംസ്ഥാന സമിതിമാണ് ലീഗിനെ കിട്ടിയാൽ കൂട്ടണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്. ഘടക കക്ഷികൾക്കും ഇതിനോട് യോജിപ്പാണ്.ലീഗ് വന്നാൽ മുഖ്യമന്ത്രി സ്ഥാനം വരെ സി പി എം ഒഴിഞ്ഞുകൊടുക്കുമെന്നാണ് മനസിലാക്കുന്നത്.
കോൺഗ്രസിൽ കെ സിക്കും രമേശിനും ഉള്ളത് ഹിന്ദുത്വ മുഖമാണ് .എന്നാൽ സതീശന്റെ കാര്യം അങ്ങനെയല്ല. അദ്ദേഹത്തിന് ലീഗുമായുള്ള സൗഹൃദം കൊണ്ട് തന്നെ ഒരു മതേതര മുഖമാണ് ഉള്ളത്. അതേസമയം സതീശൻ പുലർത്തുന്ന സെക്കുലർ വിശ്വാസം തട്ടിപ്പാണെന്നാണ് ചില ലീഗ് നേതാക്കൾ പറയുന്നത്. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വി ഡി സതീശന് അനുകൂലമായി നടത്തിയ പ്രസ്താവനയിൽ കോൺഗ്രസിലും ലീഗിലും പ്രതിഷേധം പുകഞ്ഞിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഉന്നതരായ ലീഗ് നേതാക്കൾക്ക് പോലും സാദിഖലി തങ്ങളുടെ പ്രസ്താവനയോട് യോജിക്കാൻ കഴിഞ്ഞില്ല. .
ഇതാണ് സതീശന്റെ മിടുക്ക്. അവിടെയാണ് രമേശ് ബുദ്ധിപൂർവം കളിച്ചത്. മധ്യസ്ഥന്റെ റോളിൽ നിന്ന് കൈയടി നേടുകയാണ് ചെന്നിത്തല.
https://www.facebook.com/Malayalivartha

























