വീണ്ടും അഭിഭാഷക വേഷമണിഞ്ഞ് മുൻ ഗവർണർ ശ്രീധരൻ പിള്ള....

വീണ്ടും അഭിഭാഷക വേഷമണിഞ്ഞ് മുൻ ഗവർണർ ശ്രീധരൻ പിള്ള. ഗവർണർ പദവിയൊഴിഞ്ഞശേഷം അഭിഭാഷക ജോലിയിലേക്കു മടങ്ങിയെത്തുന്ന ആദ്യത്തെയാളാണു താനെന്ന് ബിജെപി നേതാവ് പി.എസ്. ശ്രീധരൻ പിള്ള.
ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്കുവേണ്ടിയാണ് അദ്ദേഹം വീണ്ടും അഭിഭാഷകന്റെ വേഷമണിഞ്ഞത്. ‘‘ഇത് എനിക്ക് ഇഷ്ടപ്പെട്ട പ്രഫഷനാണ്, പിന്നെ മുൻ ഗവർണർമാർക്കു പെൻഷനില്ലല്ലോ’’–അദ്ദേഹം പറഞ്ഞു.
2019ൽ മിസോറം ഗവർണറായ ശ്രീധരൻ പിള്ള 2021ൽ ഗോവ ഗവർണറായി. 2025 ജൂലൈയിലാണു ഗവർണർ പദവിയൊഴിഞ്ഞത്. ഒരു വർഷത്തെ കൂൾ ഇൻ പീരിയഡിനു ശേഷമാണ് വീണ്ടും അഭിഭാഷക ജോലി ചെയ്യുന്നതെന്നു ശ്രീധരൻ പിള്ള . ഇദ്ദേഹത്തിനു സീനിയർ അഭിഭാഷക പദവി നൽകാൻ കഴിഞ്ഞദിവസം ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ടായിരുന്നു.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിൽ അഞ്ചുവർഷത്തിനു ശേഷം വിചാരണ ഇന്നലെ തുടങ്ങി. ശ്രീധരൻ പിള്ളയ്ക്കു പുറമേ ശാസ്തമംഗലം അജിത് കുമാർ, പി.റോയി, ബി.രാമൻപിള്ള എന്നിവരും പ്രതികൾക്കു വേണ്ടി ഹാജരായിരുന്നു.
വിഡിയോ കോൺഫറൻസ് വഴിയാണു രാമൻപിള്ള പങ്കെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.പി.ഹാരിസും ഹാജരായി. വിചാരണ ഇന്നും തുടരുന്നതാണ്.
"
https://www.facebook.com/Malayalivartha

























