കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അപാകതയെന്ന് മുഖ്യമന്ത്രി; 123 വില്ലേജുകള്‍ ശരിയായ മാനദണ്ഡ പ്രകാരമല്ല നിശ്ചയിച്ചത്

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിമോട്ട് സെന്‍സിംഗ് വഴി പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചതിലെയും ജനസംഖ്യാ കണക്കുകള്‍ ശരിയായി ആധാരമാക്കാത്തതിലെയും അപാകതകള്‍ പരിഹരിക്കുമെന്നും, അതനുസരിച്ച് കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോല വില്ലേജുകളുടെ എണ്ണം ഗണ്യമായി കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച് 123 വില്ലേജുകള്‍ നിശ്ചയിച്ചതില്‍ അപാകമുണ്ട്. പരിസ്ഥിതി ലോലപ്രദേശവും പരിസ്ഥിതി ദുര്‍ബലപ്രദേശവും രണ്ടാണെന്നും മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി ദുര്‍ബലപ്രദേശം ഇ.എഫ്.എല്‍. ആക്ടിന്റെ കീഴില്‍ വരുന്നതാണ്. അത് വനംവകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ നിക്ഷിപ്തമാക്കലും കാര്യകര്‍തൃത്വനടത്തിപ്പും എന്ന നിയമം പൂര്‍ണമായും വനംവകുപ്പിന്റെ കീഴില്‍ വരുന്നതാണ്. അതേസമയം പരിസ്ഥിതിലോലപ്രദേശം പരിസ്ഥിതി സംരക്ഷണ ആക്ടിന്റെ പരിധിയിലാണ്. ജില്ലാഭരണകൂടത്തിനും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനുമാണ് അതിന്റെ ചുമതല. ഇതിന് വനവുമായി ഒരു ബന്ധവുമില്ല.
പരിസ്ഥിതി ലോലപ്രദേശം വനഭൂമിയല്ല. അത് പട്ടയഭൂമിയും പട്ടയം കിട്ടാന്‍ അര്‍ഹതയുള്ള ഭൂമിയുമാണ്. ഇ.എസ്.എ. പ്രദേശത്ത് പട്ടയം കിട്ടില്ല എന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു പഠിക്കുന്ന വിദഗ്‌ധ സമിതി ഈ മാസം 26 മുതല്‍ ഡിസംബര്‍ അഞ്ചു വരെയായി പതിനാറു സ്ഥലങ്ങളില്‍ സിറ്റിംഗ് നടത്തും. ഈ കേന്ദ്രങ്ങളിലെ ചര്‍ച്ചകള്‍ക്കുശേഷം അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനുശേഷം സര്‍വകക്ഷിയോഗം ചേര്‍ന്നു റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. യോഗത്തിലെ അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചു റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
കോട്ടയം ജില്ലയിലെ മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലോ സമീപത്തോ യഥാര്‍ഥത്തില്‍ വനമില്ല. എന്നാല്‍, റബര്‍ തോട്ടങ്ങള്‍ റിമോട്ട് സെന്‍സിംഗില്‍ വനമായി രേഖപ്പെടുത്തപ്പെട്ടതു വഴി ഈ പ്രദേശങ്ങള്‍ പരിസ്ഥിതിലോലമായാണു കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. റിമോട്ട് സെന്‍സിംഗിലെ അപാകത പരിഹരിക്കപ്പെടുന്നതോടെ ഈ പഞ്ചായത്തുകള്‍ പരിസ്ഥിതി ലോല പട്ടികയില്‍ നിന്നു പുറത്തു വരുമെന്ന് ഉദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൂടാതെ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയാളത്തിലാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ജനപ്രതിനിധികള്‍ മുതല്‍ താഴോട്ടുള്ളവര്‍ക്ക് ഈ കോപ്പി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ ആരുമായും ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha