മന്ത്രിമാര്‍ക്കെന്താ കൊമ്പുണ്ടോ; വേഗപ്പൂട്ട് നിര്‍ദേശത്തെ തുടര്‍ന്ന് സിംഗിനെതിരെ മന്ത്രിമാര്‍ മീശ വിറപ്പിക്കുന്നു

മന്ത്രിമാര്‍ക്ക് വേഗപ്പൂട്ടിടാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് നല്‍കിയ നിര്‍ദ്ദേശം മന്ത്രിമാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായി. ചില മന്ത്രിമാര്‍ ഇതു സംബന്‌ധിച്ച് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദിനോട് പരാതി പറഞ്ഞെങ്കിലും ഗതാഗതകമ്മീഷണറുടെ നടപടികളില്‍ താന്‍ ഇടപെടില്ലെന്നാണ് ആര്യാടന്‍ പറഞ്ഞത്. ഏതായാലും നിര്‍ദ്ദേശം ശിരസാവഹിച്ച് തന്റെ ഔദ്യോഗിക വാഹനത്തിന്റെ സ്‌പീഡ് കുറയ്‌ക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.
മന്ത്രിമാര്‍ക്ക് വേഗപ്പൂട്ടിടാനുള്ള തീരുമാനം ഫെയ്‌സ് ബുക്കിലും മറ്റും വലിയ പ്രതികരണമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഋഷിരാജ് അടുത്തകാലത്ത് നടപ്പിലാക്കിയ പല പരിഷ്‌ക്കാരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണം ലഭിക്കുന്നുണ്ട്. എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന് കരുതി മന്ത്രിമാര്‍ മറ്റുള്ളവര്‍ക്ക് മേല്‍ കുതിരകയറിയതെന്തിനെന്നും ഫേസ്‌ബുക്ക് ആരാധകര്‍ ചോദിക്കുന്നു.
മോട്ടോര്‍ വാഹനനിയമത്തിലെ 112-ാം വകുപ്പനുസരിച്ച് റോഡുകളില്‍ വേഗപരിധി മറി കടക്കുന്നതും 119-ാം വകുപ്പനുസരിച്ച് ട്രാഫിക് സിഗ്നല്‍ ലംഘിക്കുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍ ഇതുരണ്ടും മന്ത്രിമാര്‍ സ്ഥിരമായി ലംഘിക്കാറുണ്ട്. മന്ത്രിമാരുടെ വാഹനവ്യൂഹം വരുന്നതായി സെറ്റില്‍ അറിയിപ്പ് കിട്ടുമ്പോള്‍ തന്നെ ട്രാഫിക് സിഗ്നല്‍ ഓഫാക്കുന്നതും പതിവാണ്. നഗരപരിധിയില്‍ മണിക്കൂറില്‍ 40 കിലോമീറ്ററും ഹൈവേയില്‍ 70 കിലോമീറ്ററുംമാണ് കാറുകളുടെ വേഗപരിധി.എന്നാല്‍ മന്ത്രിമാര്‍ക്ക് ഇതു ബാധകമല്ല.
മന്ത്രിമാര്‍ക്ക് പിന്നാലെ അതേവേഗതയില്‍ പായുന്ന വിദ്വാന്‍മാരെ പോലീസ് കസ്റ്റഡിയിലെടുക്കാറില്ല. മന്ത്രി ജയലക്ഷിക്ക് പിന്നാലെ അമിത വേഗതയില്‍ വന്ന യുവനടന്‍ എറണാകുളത്ത് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറെ അമിതവേഗതയില്‍ പിന്തുടര്‍ന്ന ഒരാളും പിടിയിലായിരുന്നു. സ്‌പീഡിന്റെ കാര്യത്തില്‍ കരുണാകരന്റെ ശിഷ്യന്മാരാണ് മന്ത്രിമാര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2001-2006 മന്ത്രിസഭയില്‍ സ്‌പീഡ് നിയന്ത്രിച്ചിരുന്നെങ്കിലും 2011 ല്‍ അധികാരമേറ്റതോടെ പഴയ സ്വാഭാവം മറന്നു.
മന്ത്രിമാരുടെ വാഹനങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. എന്റെ ഓഫീസില്‍ ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ധാരാളം അപേക്ഷകള്‍ ലഭിക്കാറുണ്ടെന്നും ചീഫ്‌സെക്രട്ടറിക്ക് അയച്ച കത്തില്‍ ഗതാഗതകമ്മീഷണര്‍ പറയുന്നു.
അമിതവേഗത ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രി വാഹന സാരഥിമാരുടെ പേരില്‍ കേസെടുക്കുമെന്നാണ് സിംഗ് പറയുന്നത്. എന്നാല്‍ അമിതവേഗതയില്‍ പായുന്ന മന്ത്രിയെ ആരു പിടിക്കും എന്നതാണ് ചേദ്യം. താന്‍ പിടിക്കുമെന്ന് സിംഗ് പറയുമോ? ഏതായാലും ഇതിന്റെ പേരില്‍ സിംഗിനെതിരെ നടപടി വരില്ല. കാരണം മമ്മൂട്ടിയെയും മോഹന്‍ലാലിനേയും പോലെ ഒരു ജനപ്രിയതാരമാണ് ഇന്ന് ഋഷിരാജ് സിംഗ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha