സര്‍ക്കാര്‍ ഉത്തരവ് വന്നു: യഥേഷ്‌ടം വനം കൈയ്യേറാം....

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ സര്‍ക്കാര്‍ വനം മാഫിയക്ക് ഒത്താശ ചെയ്യുന്നു. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളില്‍ ഉണ്ടായ കലാപങ്ങള്‍ കണക്കിലെടുത്ത് വനം കൈയ്യേറ്റ പരിശോധനകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വയ്‌ക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
വനം കൈയ്യേറ്റങ്ങള്‍ തടയുന്നതിന് വനം വകുപ്പ് പരിശോധനകള്‍ നടത്തുന്നത് പതിവാണ്. പതിവു പടിയുള്ള പരിശോധന മാത്രമാണ് ഇത്. ചുരുക്കത്തില്‍ വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് കൈമണി കിട്ടാനുള്ള ഗൂഢതന്ത്രം മാത്രമാണ് വനം പരിശോധനകള്‍. രണ്ടും മൂന്നും സെന്ററുകള്‍ മാത്രം കൈയേറുന്ന പാവങ്ങളെ മാത്രം പിടികൂടും. വന്‍ സ്രാവുകള്‍ രക്ഷപ്പെടും.
വനം പരിശോധനകള്‍ നിര്‍ത്തി വയ്‌ക്കാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഭരണമുന്നണിയിലെ പ്രമുഖര്‍ പറയുന്നത്. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബഹളമുണ്ടായതോടെ വനം ഭൂമിയില്‍ ജണ്ടയിടുന്നത് വനം വകുപ്പ് നിര്‍ത്തി വച്ചിരുന്നു. വനഭൂമി തരംതിരിക്കുന്നതിനുവേണ്ടിയാണ് വനം വകുപ്പ് ജണ്ട എന്ന പേരില്‍ അറിയപ്പെടുന്ന സര്‍വ്വേ കല്ലിടുന്നത്.
ഗണേഷ് കുമാര്‍ വനമന്ത്രിയായിരുന്ന കാലത്ത് കൈയേറ്റങ്ങള്‍ കര്‍ശനമായി തടഞ്ഞിരുന്നു. ഇതിനുപുറമേ വനഭൂമിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങള്‍ ശക്തവുമാണ്. ഗണേഷ്‌കുമാര്‍ വനം വകുപ്പ് ഒഴിഞ്ഞതോടെ കൈയേറ്റങ്ങള്‍ വ്യാപകമായി. മുഖ്യമന്ത്രിക്കാണ് ഇപ്പോള്‍ വനം വകുപ്പിന്റെ ചുമതല.
കേരളത്തിന്റെ മലയോരങ്ങളില്‍ കൈയേറ്റങ്ങള്‍ വ്യാപകമായിട്ടുണ്ട്. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കൈയേറ്റങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിനെതിരെ ജനവികാരം നിലനിര്‍ത്താന്‍ സമുദായ സംഘടനകളും ശ്രമിക്കുന്നുണ്ട്. ഇതെല്ലാം വനം കൊള്ളക്കാരെ സഹായിക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്.
വനം പരിശോധനകള്‍ നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റാണ്. വനം മന്ത്രി കാര്യാലയത്തില്‍ നിന്നും ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha