സി.പി.എം സംസ്ഥാന പാര്‍ട്ടീ പ്ലീനം; ദേശാഭിമാനിയില്‍ ചാക്ക് രാധാകൃഷ്‌ണന്റെ പരസ്യം

സി.പി.എം സംസ്ഥാന പാര്‍ട്ടീ പ്ലീനത്തിന് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ അഭിവാദ്യം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് രാധാകൃഷ്‌ണന്റെ കമ്പനിയായ സൂര്യ ഗ്രൂപ്പ് ഓപ്പ് കമ്പനീസിന്റെ അഭിവാദ്യ പരസ്യം ഉള്ളത്.
മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹമരണത്തില്‍ ആരോപണവിധേയനായി അറസ്‌റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ചാക്ക് രാധാകൃഷ്‌ണന്‍. കൂടാതെ മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന വ്യക്തികൂടിയാണ് ഇയാള്‍.
മാഫിയ ബന്ധങ്ങള്‍ അടക്കമുള്ള ആരോപണങ്ങള്‍ തള്ളിക്കൊണ്ട് സംഘടനാരേഖ അവതരിപ്പിച്ച പ്ലീനത്തിനാണ് നിരവധി കേസുകളില്‍ പ്രതിയായ വി.എം രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണന്റെ അഭിവാദ്യം. ഇന്ന് പുറത്തിറങ്ങിയിരിക്കുന്ന ദേശാഭിമാനിയുടെ എല്ലാ എഡിഷനുകളിലും സൂര്യ ഗ്രൂപ്പിന്റെ പരസ്യമുണ്ട്.
പാര്‍ട്ടിയിലെ താഴെത്തട്ടിലുള്ളവര്‍ വരെ അച്ചടക്കമുള്ളവരാകണമെന്നും മണല്‍മാഫിയയും റിയല്‍ എസ്റ്റേറ്റ് മാഫിയകളും പോലുള്ള മാഫിയകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടി പ്ലീനത്തിന് തുടക്കം കുറിച്ചത്. ഈ സാഹചര്യത്തിലാണ് രാധാകൃഷ്‌ണന്റെ പരസ്യം പാര്‍ട്ടീ പത്രത്തില്‍ വന്നത് ഗൗരവ വിഷയമാകുന്നത്.
https://www.facebook.com/Malayalivartha