ആറന്മുള വിമാനത്താവള പദ്ധതിയിലെ നിയമലംഘനങ്ങള്‍ക്ക് തെളിവ്

ആറന്മുള വിമാനത്താവളക്കമ്പനി മുന്‍കൂര്‍ അനുമതിയില്ലാതെ തണ്ണീര്‍ത്തടം നികത്തിയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും നിയമവുരുദ്ധമായാണെന്നുളള വസ്‌തുത കേരള-സര്‍ക്കാര്‍ കേന്ദ്ര-സര്‍ക്കാറില്‍ നിന്ന് മറച്ച് വച്ചെന്നാരോപണം- പദ്ധതിയ്‌ക്ക് പാരിസ്ഥിതികാനുമതി ലഭിക്കാന്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും നടത്തിയ സമ്മര്‍ദ്ദത്തിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തായത്. കെ.ജി.എസ്. ഗ്രൂപ്പിന്റെ ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‌കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജൂണ്‍ 1 നും ആഗസ്റ്റ് 21 നും കേന്ദ്രത്തിലേയ്‌ക്ക് അയച്ച കത്തുകളാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ബാക്കി പത്രമായി മാറിയത്.
2012 ഫെബ്രുവരി 16ാം തീയതിയാണ് തണ്ണീര്‍ത്തടങ്ങളും വയലും ആറന്മുള വിമാനത്താവളത്തിനായി നികത്തിയതിനെകുറിച്ച് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വിശദീകരണം ചോദിച്ചത്. ഇതിനുള്ള മറുപടിയ്‌ക്കായി സംസ്ഥാന പരിസ്ഥിതി വകുപ്പ് ഒരു കുറിപ്പ് തയ്യാറാക്കി. 2012 മെയ് 29 ന് മുഖ്യമന്ത്രി ഈ ഫയല്‍ കണ്ട് ഒപ്പിട്ടു. എന്നാല്‍ സംസ്ഥാനതലത്തിലുള്ള സമിതിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന നിയമം ഉള്‍പ്പെടെ പലതും ലംഘിച്ചതും ആറന്മുള പദ്ധതിയ്‌ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളും സൂചിപ്പിച്ച് കൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി എഴുതിയ കുറിപ്പിന് വശത്തായി 'ടു ബി അവോയ്‌ഡ് ് 'എന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നത് ശ്രദ്ധേയമാണ്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പടങ്ങുന്ന ഫയല്‍ തന്റെ മുന്നിലെത്തിയപ്പോള്‍ മുഖ്യമന്ത്രി അത് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയ്‌ക്ക് കൈമാറുകയായിരുന്നു. നികത്തലിന് മുന്‍കൂര്‍ അനുമതി വേണ്ട എന്ന വ്യവസായമന്ത്രിയുടെ വിശദീകരണത്തോടൊപ്പം ഫയല്‍ വീണ്ടും പരിസ്ഥിതി വകുപ്പിലേക്കെത്തി. ഇങ്ങനെ തിരിച്ചെത്തിയ ഫയലിലെ നിയമലംഘനം ചൂണ്ടിക്കാട്ടുന്ന ഖണ്‌ഡിക ഒഴിവാക്കണമെന്ന ശുപാര്‍ശയുണ്ടെന്നും രേഖകളില്‍ പറയുന്നു. ആരാണ് ഇത്തരമൊരു ശുപാര്‍ശ നല്‌കിയതെന്ന് വ്യക്തമാകുന്നില്ല. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കണ്ടെത്തലുകള്‍ ഒഴിവാക്കിയ റിപ്പോര്‍ട്ടാണ് പരിസ്ഥിതി-വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.
ആറന്മുള പദ്ധതിയ്‌ക്കായി വിമാനത്താവള കമ്പനി തണ്ണീര്‍ത്തടം നികത്തിയെന്നും സംസ്ഥാനതലത്തിലുള്ള സമിതിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന നിയമം ലംഘിച്ചാണ് കമ്പനി ഈ നികത്തല്‍ നടത്തിയതെന്നും കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയിട്ടില്ലെന്നും കമ്പനിയുടെ നടപടി നിയമ-വിരുദ്ധമാണെന്നും സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് അയയ്‌ക്കാനുള്ള കത്തില്‍ പറഞ്ഞിരുന്നു.
കെ.ജി.എസ്. ഗ്രൂപ്പ് നടത്തിയ നിയമലംഘനങ്ങള്‍ മന്ത്രിസഭയിലെ പ്രമുഖര്‍ അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ട തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
വയല്‍ നികത്തുന്ന ഫയല്‍ നോക്കുന്നത് വ്യവസായ വകുപ്പിന്റെ ചുമതലയല്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മുഖ്യമന്ത്രിയ്‌ക്കും സര്‍ക്കാരിനും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാകണമെന്ന് ടി. എന്‍. പ്രതാപന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
നിയമം പാലിക്കേണ്ടവര്‍ തന്നെ അത് ലംഘിക്കുന്നത് ഗുരുതരമായ അവസ്ഥയാണ്. ഇവിടെ അഴിമതി വ്യക്തമാണ്. ആറന്മുളയില്‍ നിന്ന് ഒരു വിമാനവും പറന്നു പൊങ്ങാന്‍ പോകുന്നില്ലെന്നും സുഗതകുമാരി പറഞ്ഞു.
എന്നാല്‍ തങ്ങള്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും കരഭൂമിയാണ് വാങ്ങിയതെന്നും കെ.ജി.എസ് ഗ്രൂപ്പ് പ്രതിനിധി വ്യക്തമാക്കി.
https://www.facebook.com/Malayalivartha