തിരുവഞ്ചൂര്‍ പോയപ്പോള്‍ വീണ്ടും സരിത? മൊഴി യുഡിഎഫിലെ ഉന്നതന്‍ അട്ടിമറിച്ചെന്ന് സരിതയുടെ അമ്മ, മന്ത്രിമാര്‍ രാജി വയ്‌ക്കേണ്ടി വന്നേനെ...

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയുമെന്നായപ്പോള്‍ വീണ്ടും സരിത പ്രശ്‌നം ഉയര്‍ന്നു വരുന്നു. ഇക്കുറി സരിതയുടെ അമ്മയാണ് പരാതിയുമായി രംഗത്തു വന്നത്. സരിതയുടെ മൊഴി യുഡിഎഫിലെ ഉന്നതന്‍ ഇടപെട്ട് അട്ടിമറിച്ചെന്ന് സരിതയുടെ അമ്മ ഇന്ദിരയുടെ വെളിപ്പെടുത്തി. മൊഴി പുറത്തുവന്നിരുന്നുവെങ്കില്‍ മൂന്നോ നാലോ മന്ത്രിമാര്‍ രാജിവെയ്‌ക്കേണ്ടി വന്നേനെ. മന്ത്രിസഭയെ മറിച്ചിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും സരിതയുടെ അമ്മ വ്യക്തമാക്കി.
യുഡിഎഫിലെ ഒരു ഉന്നതന്‍ ഇടപെട്ടതുകൊണ്ടാണ് മജിസ്‌ട്രേറ്റിനോട് സത്യം പറയാതിരുന്നത്. മന്ത്രിസഭയെ താഴെയിടരുതെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ നിന്ന് രക്ഷിക്കുമെന്നായിരുന്നു വാഗ്ദാനം. യുഡിഎഫ് വഞ്ചിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ സംശയിക്കുന്നുവെന്നും അമ്മ പറഞ്ഞു.
സരിതയെ രാഷ്ട്രീയമായും സാമ്പത്തികമായും ചില നേതാക്കള്‍ ഉപയോഗിച്ചു. സരിതയെ ജയിലില്‍ തന്നെ കിടത്താന്‍ ശ്രമം നടക്കുകയാണ്. ഇനിയും ജയിലില്‍ നിന്ന് മോചിപ്പിച്ചില്ലെങ്കില്‍ സത്യം പുറത്തുപറയുമെന്നും സരിതയുടെ അമ്മ വെളിപ്പെടുത്തി.
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍ മോചിതയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ടു കേസുകളില്‍ കൂടി മാത്രമേ സരിതയ്ക്ക് ഇനി ജാമ്യം ലഭിക്കാനുള്ളു. ഇതിനിടെയാണ് സരിത ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അമ്മ വെളിപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha