ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ചവറ്റുകൊട്ടയില്‍; കളക്‌ടറേറ്റ് സ്‌ഫോടനത്തിന് പിന്നിലാര്?

എറണാകുളം കളക്‌ടറേറ്റ് പരിസരത്ത് പൊട്ടിയ സ്റ്റീല്‍ ബോംബ് വച്ചത് ആരാണെന്നറിയാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. അതിവേഗം വളരുന്ന കൊച്ചിയിലെ സംഭവം ആശങ്കയിലായിരിക്കുകയാണ് . വര്‍ഷങ്ങള്‍ക്ക് മുമ്പ് കളക്‌ടറേറ്റിന് ഉള്ളില്‍ ചവറുകൂനക്കിടയില്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവമുണ്ടായിട്ടുണ്ട്. ഇതിനു പിന്നില്‍ ചില തീവ്രവാദ സംഘടനകളാണെന്ന് പോലീസ് സംശയിച്ചിരുന്നു. വീണ്ടും എറണാകുളം കളക്‌ടറേറ്റ് പരിസരത്തുണ്ടായ ബോംബ് സ്‌ഫോടനം അന്വേഷണ ഉദ്യോഗസ്ഥരെ കുഴച്ചിരിക്കുകയാണ്.
ഐ.ടി നഗരമായ കൊച്ചിയില്‍ ഇന്റലിജന്‍സുകാര്‍ നേരത്തെ തന്നെ സുരക്ഷാഭീഷണി കണ്ടെത്തിയിരുന്നു. അയ്യപ്പ സേവാ സംഘത്തിന്റെ പവലിയന് മുമ്പിലുണ്ടായ സ്‌ഫോടനം വര്‍ഗീയകലാപം ലക്ഷ്യമിട്ടാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സ്റ്റീല്‍ പാത്രത്തിനുള്ളില്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച മട്ടിലാണ് കണ്ടത്. പൊട്ടിത്തെറിച്ച സ്റ്റീല്‍ പാത്രത്തിനുള്ളില്‍ നിന്നും ഇലക്‌ട്രിക് വയര്‍ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നും വേണ്ടത്ര സുരക്ഷയില്ല. അതീവ സുരക്ഷാമേഖലയായ സെക്രട്ടറിയേറ്റില്‍ പോലും ആര്‍ക്കും ബോംബ് വയ്‌ക്കാം എന്ന സ്ഥിതിയാണുള്ളത്. കേരള സ്റ്റേറ്റ് ബോര്‍ഡുണ്ടെങ്കില്‍ ആര്‍ക്കും സെക്രട്ടേറിയറ്റിലെത്താം. കേരള സ്റ്റേറ്റ് ബോര്‍ഡ് ഇല്ലെങ്കില്‍ കൂടി വരുന്നത് വിലകൂടിയ കാറിലാണെങ്കില്‍ ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കടന്നു ചെല്ലാം. ഇത്തരത്തില്‍ സെക്രട്ടേറിയറ്റില്‍ ആര്‍ക്കും കടന്നുചെല്ലാവുന്ന ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം.
അറിയപ്പെടുന്ന തീവ്രവാദികളൊക്കെ ജയിലിലാണെങ്കിലും ഇവരുടെ പിന്‍ഗാമികള്‍ കേരളത്തില്‍ സജീവമാണ്. മുമ്പില്ലാത്തവിധം തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചിട്ടുമുണ്ട്. മതേതരമുദ്രാവാക്യം ഉയര്‍ത്തി ഇതില്‍ പലരും വഴിയോരയോഗങ്ങളും തകൃതിയായി നടത്തുന്നുണ്ട്.
നിയമസഭയ്‌ക്ക് മുമ്പില്‍ ആവശ്യമില്ലാത്ത സുരക്ഷയൊരുക്കുന്ന പോലീസ് സംസ്ഥാനത്തെ കളക്‌ടറേറ്റുകള്‍ ഉള്‍പ്പെടെയുളള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ വേണ്ടത്ര സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെടുന്നു. മന്ത്രിമാര്‍ക്ക് മുമ്പിലും പിന്നിലുമായി നൂറോളം പോലീസുകാരാണ് യാത്ര ചെയ്യുന്നത്. ഇതുകൂടാതെ സരിതാനായര്‍ക്കൊപ്പവുമുണ്ട് നൂറോളം പോലീസുകാര്‍. അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം അവഗണിക്കുന്നു.
https://www.facebook.com/Malayalivartha