വിഎസ് ഉള്ളപ്പോഴോ? പതിനെട്ടാമത്തെ അടവും പൊളിഞ്ഞു, കൊടിയേരിയുമായി ബാലകൃഷ്‌ണപിള്ള രഹസ്യ ചര്‍ച്ച നടത്തിയെന്ന് വാര്‍ത്ത

കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള പതിനെട്ടാമത്തെ അടവുമായി ബാലകൃഷ്‌ണ പിള്ള. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്‌ണനുമായി ചര്‍ച്ച നടത്തിയെന്ന് ഇന്ത്യ വിഷനാണ് പുറത്തു വിട്ടത്.
പിളളയെ ഇടതുമുന്നണിയിലെടുക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച നടത്തിയതെന്നാണ് പറയുന്നത്. ആദ്യം അനുകൂലമായി പ്രതികരിച്ച സിപിഐ(എം) നേതൃത്വം പിന്നീട് നിലപാട് മാറ്റിയതോടെ നീക്കം പൊളിഞ്ഞു.
യുഡിഎഫ് മന്ത്രിസഭയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ചില രേഖകള്‍ പിളളയുടെ കൈവശമുളളതുകൊണ്ടാണ് സിപിഐ(എം) ഈ നീക്കം നടത്തിയത്. സോളാര്‍ വിവാദ നായിക സരിതയുടെ കത്താണ് പിളളയുടെ കൈവശമുളളത്. പുതുവര്‍ഷ ദിനമായ ജനുവരി ഒന്നിനായിരുന്നു കോടിയേരി ബാലകൃഷ്ണനും ആര്‍ ബാലകൃഷ്ണപിളളയും തമ്മിലുളള രഹസ്യ ചര്‍ച്ച. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം എന്ന പ്രത്യേകത കൂടിയുണ്ട് ആ ദിനത്തിന്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചര്‍ച്ചയില്‍ കേരളാകോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് ബി സംസ്ഥാന സെക്രട്ടറിയും പിളളയുടെ ബന്ധുവുമായ ശരണ്യാ മനോജും പങ്കെടുത്തു. ടെലിഫോണ്‍ വഴിയുളള നിരന്തര ആശയവിനിമയത്തിന് ശേഷമായിരുന്നു നേരിട്ടുളള ചര്‍ച്ച. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നിഷേധിച്ചതോടെ യുഡിഎഫുമായി തെറ്റി നില്‍ക്കുന്ന ബാലകൃഷ്ണപിളളയെ ഇടത് മുന്നണിയിലെക്ക് കൊണ്ടുവരുന്ന കാര്യമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം.
യുഡിഎഫ് മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ക്കും ഒരു കേന്ദ്രമന്ത്രിയ്ക്കും ചില എംഎല്‍എമാര്‍ക്കും എതിരെ ഗുരുതരമായ പരാമര്‍ശങ്ങളുളള, സോളാര്‍ കേസിലെ പ്രതി സരിതാനായരുടെ കത്ത് പിള്ളയുടെ കൈവശമുളളതുകൊണ്ടാണ് സി.പി.ഐ.എം നേതൃത്വം ഈ നീക്കം നടത്തിയത്. കത്ത് പുറത്തായാല്‍ സര്‍ക്കാര്‍ നിലംപൊത്തുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. കത്ത് കൈമാറണമെങ്കില്‍ തന്നെ മുന്നണിയിലെടുക്കണമെന്നായിരുന്നു പിളളയുടെ ഉപാധി. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം പിരിയുമ്പോള്‍ പിളളയെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സി.പി.ഐ.എമ്മിന് തടസമില്ലെന്ന സന്ദേശമാണ് നല്‍കിയത്. പാര്‍ട്ടിക്കുളളിലും ഘടകകക്ഷികളുമായും ചര്‍ച്ച നടത്തിയിട്ട് അന്തിമ തീരുമാനം അറിയിക്കാമെന്നും പിളളയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സിപിഐ(എം) നേതാക്കള്‍ സിപിഐ നേതൃത്വവുമായി ബാലകൃഷ്ണപിളളയുടെ മുന്നണി പ്രവേശം സംബന്ധിച്ച് സംസാരിച്ചു. ഇതിന് സമാന്തരമായി പിളളയും സിപിഐയിലെ പ്രധാന നേതാക്കളുമായി സംസാരിച്ചു.
കഴിഞ്ഞ ഞായറാഴ്ച നടക്കുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യമെന്ന സന്ദേശവും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് വിവരമൊന്നുമില്ല. പിളളയെ മുന്നണിയിലെടുക്കുന്നത് പാര്‍ട്ടിയ്ക്കകത്ത് പ്രശ്‌നമാകുമെന്ന വിലയിരുത്തലില്‍ സിപിഐ(എം) നീക്കത്തില്‍ നിന്ന് പിന്മാറിയെന്നാണ് സൂചന. ദീര്‍ഘകാലം കേസ് നടത്തി പിളളയെ ജയിലിലടച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ എതിര്‍പ്പ് ഭയന്നാണ് പിന്മാറ്റം. വിഎസ് ഇതിനെതിരെ പ്രതികരിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും നേതൃത്വം ഭയക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha