രശ്‌മി വധം : ബിജു രാധാക്യഷ്‌ണനും അമ്മ രാജമ്മാളും കുറ്റക്കാര്‍

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാക്യഷ്‌ണന്റെ ആദ്യ ഭാര്യ രശ്‌മി കൊല്ലപ്പെട്ട കേസില്‍ ബിജുവും അമ്മ രാജമ്മാളും കുറ്റക്കാരെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിക്ഷ മറ്റന്നാള്‍ വിധിക്കും. കൊലക്കുറ്റം, സ്‌ത്രീപീഡനം, ശാരീരിക പീഡനം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയവയാണ് ബിജുവിനെതിരെ ചുമത്തിയിട്ടുള്ളത്. സ്‌ത്രീപീഡനം, കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍ തുടങ്ങിയവയാണ് രാജമ്മാളിനെതിരായ കുറ്റങ്ങള്‍. സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ സരിത എസ് നായരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി കോടതി തള്ളി.
2006 ഫെബ്രുവരി മൂന്നിന് രാത്രിയാണ് രശ്‌മിയെ, ബിജുവിന്റെ കൊട്ടാരക്കരയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബലമായി മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ചു കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവസമയത്ത് മൂന്നുവയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന ഇവരുടെ മകനാണ് ഒന്നാം സാക്ഷി. അറുപതോളം രേഖകള്‍ പരിഗണിച്ച കേസില്‍ മൂന്നു മാസം നീണ്ട വിചാരണ നടപടികളാണ് നടന്നത്.
https://www.facebook.com/Malayalivartha