തെരഞ്ഞെടുപ്പിനു മുമ്പൊരു ബജറ്റ്... പന്ത്രണ്ടാം ബജറ്റിലൂടെ നിയമസഭാചരിത്രത്തിലേക്ക് കെ.എം മാണി, ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഭാര്യയും മക്കളും

കേരള നിയമസഭയില്‍ ബജറ്റ് അവതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബജറ്റിന്റെ അവസാന മിനുക്കുപണിയും തീര്‍ത്ത് പുതിയചരിത്രസൃഷ്ടിക്കുള്ള തയ്യാറെടുപ്പിലാണ് ധനമന്ത്രി കെ.എം.മാണി. തുടര്‍ച്ചയായി ഒരേമണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധിയായി നിയമസഭയില്‍ 47 വര്‍ഷം പിന്നിട്ട് റെക്കോര്‍ഡ് സ്ഥാപിച്ച കെ.എം.മാണി കേരള നിയമസഭയില്‍ അവതരിപ്പിക്കുന്നപന്ത്രണ്ടാമത്തെ ബജറ്റാണിത്.
ആ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ മാണി സാറിന്റെ ഭാര്യ കുട്ടിയമ്മയും ജോസ് കെ.മാണി എം.പി.യടക്കം ആറു മക്കളും പത്തു പേരക്കുട്ടികളും സഭയില്‍ സാക്ഷികളായുണ്ടാവും
. അതും ചരിത്രത്തിലാദ്യം.
പതിവുപോലെ രാവിലെ ഏഴിന് ലൂര്‍ദ്‌പള്ളിയില്‍ പ്രാര്‍ഥനക്ക് ശേഷമാവും മന്ത്രി മാണി സഭയിലേക്ക് എത്തുക. ഒന്‍പതു മണിക്ക് ബജറ്റ് അവതരിപ്പിക്കും. തുടര്‍ന്ന് 11.30 ന് മാധ്യമപ്രവര്‍ത്തകരെ കാണും. 12.30 ന് ഗവ. ഗസ്റ്റ് ഹൗസില്‍ `ഗിഫ്‌റ്റ്' സംഘടിപ്പിക്കുന്ന പോസ്റ്റ് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കും.
1975 ഡിസംബറിലാണ് കെ.എം.മാണി ആദ്യമായി മന്ത്രിയായത്. ധനമന്ത്രിയായിരുന്നു അന്ന് 1976ല്‍ അച്യുതമേനോന്‍ മന്ത്രിസഭയിലായിരുന്നു ആദ്യബജറ്റ്.
ഇന്ത്യയിലാദ്യമായി കര്‍ഷക തൊഴിലാളി പെന്‍ഷന്‍ നടപ്പാക്കിയത് കെ.എം.മാണിയാണ് 1980 ല്‍. 60 വയസ് തികയുന്ന കര്‍ഷകതൊഴിലാളികള്‍ക്ക് പ്രതിമാസം 45 രൂപാ നിരക്കില്‍ അന്നനുവദിച്ച പെന്‍ഷന്‍ ക്രമേണ രാജ്യത്തിന് ആകെ തന്നെ മാതൃകയായി.
1985-86 ല്‍ മിച്ചബജറ്റ് അവതരിപ്പിച്ചും മാണി ശ്രദ്‌ധേയനായി. അക്കാലത്ത് ഇത് ചര്‍ച്ചാവിഷയവും കുറച്ചൊക്കെ വിവാദവുമായി. തുടര്‍ച്ചയായി കമ്മിബജറ്റുകള്‍ അവതരിപ്പിച്ചുവന്ന കാലഘട്ടത്തിലാണ് മിച്ചബജറ്റിലൂടെ കെ.എം.മാണി ശ്രദ്ധേയനായത്.
ഇന്ത്യയിലാദ്യമായി ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചതും കെ.എം.മാണിയുടെ ബജറ്റിലൂടെയാണ് 2011-12 ല്‍ .
മത്സ്യതൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്, അഗതികള്‍ക്ക് പെന്‍ഷന്‍ വര്‍ദ്ധനവ്, കാര്‍ഷിക വായ്‌പാഇളവ്, വികലാംഗര്‍ക്ക് അലവന്‍സ്, കുട്ടികള്‍ക്ക് വൈദ്യപരിശോധന, സ്‌കോളര്‍ഷിപ്പ്, തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മാറ്റങ്ങള്‍ക്ക് ചാലകശക്തിയായ നിരവധി പദ്ധതികള്‍ കെ.എം.മാണിയുടെ ബജറ്റിലൂടെ നടപ്പിലാക്കി.
ഇന്ത്യയിലാദ്യമായി അഭിഭാഷകര്‍ക്കും വക്കീല്‍ ഗുമസ്‌തന്‍മാര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തിയത് കെ.എം.മാണിയാണ്.
തോട്ടം നികുതിയില്‍ നിന്നും, ചെറുകിടക്കാരേയും, ഇടത്തരക്കാരെയും ഒഴിവാക്കിയും ഹ്രസ്വകാല കാര്‍ഷിക വായ്‌പകള്‍ക്ക് പലിശകുറച്ചും, 1981 ലെ ബജറ്റില്‍ കെ.എം.മാണി ഇടത്തരകര്‍ഷകരോടുള്ള ഐക്യദര്‍ഡ്യം പ്രഖ്യാപിച്ചു. പ്രതിമാസം 10 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമാക്കിയതും ഇതേ ബജറ്റിലാണ്.
കേന്ദ്രസംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ പുനരവലോകനം ചെയ്യണമെന്ന് 1981 ല്‍ ആദ്യമായി കെ.എം.മാണി മുന്നോട്ടുവച്ചു.
1988 ലെ ബജറ്റിലൂടെ സ്വയംതൊഴില്‍ നേടുന്നവര്‍ക്ക് വായ്‌പയും ഗ്രാന്റും അനുവദിച്ചു. 2011-12 ലെ ബജറ്റിലൂടെ അത് വിപുലീകരിച്ച് സ്വയംസംരംഭക മിഷന് രൂപം നല്‍കി. ബ്ലേഡ് കമ്പനികളെ നിയന്ത്രിക്കാന്‍ 1983 ലെ ബജറ്റില്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ച കെ.എം.മാണി 2012-13 ലെ ബജറ്റില്‍ അതിനായി ഒരു സമഗ്രനിയമം തന്നെ കൊണ്ടുവന്നു.
മലയോരകര്‍ഷകര്‍ക്കെല്ലാം പട്ടയം നല്‍കാന്‍ തീരുമാനിച്ചത് 1983 ലെ ബജറ്റിലൂടെയാണ്. അതേ ബജറ്റിലൂടെയാണ് ഗ്രാമങ്ങളിലെല്ലാം ന്യായവില ഷോപ്പുകള്‍ ആരംഭിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്, വിദ്യാര്‍ത്ഥികള്‍ക്ക് സമ്പാദ്യപദ്ധതി, തുടങ്ങിയവ 1984ലെ ബജറ്റിലൂടെ കൊണ്ടുവന്ന കെ.എം.മാണി കഴിഞ്ഞ ബജറ്റില്‍ എഡ്യൂകെയര്‍ പദ്ധതിയിലൂടെ അതിന് പുതിയ മാനം നല്‍കി.
യുവജനങ്ങള്‍ക്ക് പ്രത്യക്ഷതൊഴില്‍ വാഗ്‌ദാനം ചെയ്യുന്ന സ്വയംസംരംഭക മിഷന്‍ , നിര്‍ധനര്‍ക്ക് 2 ലക്ഷം രൂപാവരെ ചികിത്സാ സഹായം നല്‍കുന്നകാരുണ്യബനവലന്റ് ഫണ്ട്, ഭൂരഹിതര്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്ന സാഫല്യം പദ്ധതി, വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ വാഗ്‌ദാനം ചെയ്യന്ന സ്‌കില്‍ അക്വിസിഷന്‍ എന്‍ഹാന്‍സ്‌മെന്റ് പദ്ധതി, കാര്‍ഷികവിപ്ലവത്തിന് തുടക്കം കുറിച്ച ബയോപാര്‍ക്ക്, ഗ്രീന്‍ ഹൗസ് പദ്ധതികള്‍ തുടങ്ങി ആധുനിക കാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്കൊത്ത് പ്രതികരിക്കുന്നതായിരുന്നു കഴിഞ്ഞ മൂന്ന് ബജറ്റുകള്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha