രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്ന് ആറ് വര്‍ഷം

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്ന് ആറ് വര്‍ഷം. അസാമാന്യകര്‍മ്മകുശലതയും അപാരമായ നേതൃപാടവവും കൊണ്ട്, ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്നു കെ. കരുണാകരന്‍. കണ്ണോത്ത് കരുണാകരന്‍ മാരാര്‍, സാക്ഷാല്‍ കെ. കരുണാകരന്‍, കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരേ ഒരു ലീഡര്‍. തന്റെ ശരികളില്‍ ഉറച്ചുനിന്ന് അതിലേക്ക് സമൂഹത്തെ നയിക്കാന്‍ കാര്യപ്രാപ്ത്തിയുമുണ്ടായിരുന്ന അപൂര്‍വ്വം നേതാക്കളിലൊരാള്‍. കൗശലക്കാരനായ നേതാവായി എതിരാളികള്‍ വിലയിരുത്തുമ്പോഴും, അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തെയും വികസനോന്മുഖതയെയും എല്ലാവരും അംഗീകരിച്ചു. ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു ലീഡര്‍ നാലുതവണ കേരള മുഖ്യമന്ത്രിയായി.
സാധാരണപ്രവര്‍ത്തകനായി തുടങ്ങി സവിശേഷമായ തന്ത്രവും സാമര്‍ത്ഥ്യവും കൊണ്ട് കോണ്‍ഗ്രസ്സിന്‍ടെ നെടുംതൂണുകളില്‍ ഒന്നായി കരുണാകരന്‍ മാറി. രാഷ്ട്രീയത്തിലെ സംഭവബഹുലമായ ജീവിതത്തിന് കര്‍മ്മസാക്ഷി ആയിരുന്നു അദ്ദേഹം. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ലീഡര്‍. അടിയന്തരാവസ്ഥാ കാലത്തെ പ്രതിസന്ധിഘട്ടത്തില്‍, പാര്‍ട്ടിയെ ഇന്ദിരക്കുമൊപ്പം നിന്ന് നയിച്ചു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതുമായ വ്യക്തിയായിരുന്നു ലീഡര്‍.
നേതൃത്വനിരയില്‍ ദേശീയതലത്തില്‍ ക്ഷാമം നേരിട്ട ഘട്ടത്തിലാണ്, പി വി നരസിംഹറാവുവിനെപ്പോലുള്ള പ്രാദേശിക നേതാവിനെ പ്രധാനമന്ത്രിപദത്തിലേക്കുയര്‍ത്തിക്കാട്ടി പുതിയൊരു അധ്യായത്തിന് തുടക്കമിട്ടത്. ഇതോടെ കിങ് മേക്കര്‍ എന്ന സ്ഥാനവും കരുണാകരനു നല്കപ്പെട്ടു. അവസാനഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന അദ്ദേഹത്തിന് പുതിയൊരു പാര്‍ട്ടിയുണ്ടാക്കേണ്ട സ്ഥിതിയുണ്ടായി. എന്നാല്‍ അന്ത്യഘട്ടത്തില്‍ പാര്‍ട്ടി പിരിച്ചുവിട്ട് തറവാട്ടിലേക്കു മടങ്ങുന്നതും കേരളം കണ്ടു.
https://www.facebook.com/Malayalivartha