കൊല്ലം കൊള്ളാം.... തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സുരേഷ് ഗോപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയെ കണ്ടതെന്തിന്?

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നടന്‍ സുരേഷ്‌ഗോപി ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡിയെ കണ്ടത് വിവാദമാകുന്നു. സുരേഷ് ഗോപിയെ ചുറ്റിപ്പറ്റി പല ഊഹാപോഹങ്ങള്‍ നിലനില്‍ക്കേയാണ് നരേന്ദ്രമോഡിയെ കണ്ടത്.
കൊല്ലം ലോക്‌സഭ സീറ്റ് സുരേഷ് ഗോപി പണ്ടേ നോട്ടമിട്ടതാണ്. തന്റെ നാടായ കൊല്ലത്തു നിന്നും ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റിലോ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്രനായോ മത്സരിക്കാനായിരുന്നു സുരേഷ് ഗോപിയുടെ താത്‌പര്യം.
എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് കൊല്ലം. അവിടത്തെ സിറ്റിംഗ് എംപി പിതാംബര കുറുപ്പാണ്. ശ്വേതമേനോന്‍ വിവാദത്തില്‍ കുറുപ്പ് പെട്ടെങ്കിലും കൊല്ലത്തെന്നല്ല കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികള്‍ക്കാണോ പഞ്ഞം. കുറുപ്പിനെ വെട്ടിനിരത്തി സ്ഥാനാര്‍ത്ഥിയാകാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുതല്‍ ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ വരെ സ്ഥാനാര്‍ത്ഥിക്കുപ്പായം തയ്‌പിച്ചു കഴിഞ്ഞു. അതിനിടയ്‌ക്കാണ് തോക്കും പിടിച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ വരവ്.
സുരേഷ് ഗോപി ഉന്നതരായ പല കോണ്‍ഗ്രസ് നേതാക്കളെ കണ്ടെങ്കിലും ആര്‍ക്കും വലിയ താത്‌പര്യമില്ല. കോണ്‍ഗ്രസിനിടയില്‍ ഒരു കലാപമുണ്ടാക്കി സുരേഷ് ഗോപിയെ കൊണ്ടു വന്നിട്ട് വലിയ നേട്ടവും ഇല്ല.
കേരള നേതാക്കള്‍ സുരേഷ് ഗോപിയെ കൈവെടിഞ്ഞതോടെ ഹൈക്കമാന്‍ഡിന്റെ കനിവിനായി സുരേഷ് ഗോപി ഡല്‍ഹി ലക്ഷ്യം വച്ചു. കോണ്‍ഗ്രസുകാരെ വെട്ടി ശശിതരൂര്‍ തിരുവനന്തപുരത്ത് അവതരിച്ച പോലെ കൊല്ലത്ത് തനിക്കെത്താന്‍ കഴിയുമെന്ന് സുരേഷ് ഗോപി വിശ്വസിച്ചു.എന്നാല്‍ ഹൈക്കമാന്‍ഡ് ഗോസായിമാര്‍ക്ക് ഈ നടനെപ്പറ്റി വലിയ മതിപ്പില്ലാത്തതിനാല്‍ സുരേഷ് ഗോപിയുടെ മോഹവും പൊളിഞ്ഞു.
തുടര്‍ന്നാണ് നരേന്ദ്രമോഡിയുടെ കൂട്ടയോട്ടത്തില്‍ പിസി ജോര്‍ജ് പങ്കെടുത്തതും വിവാദമായതും. ദേശീയ ശ്രദ്ധ നേടിയ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ശ്രദ്ധിക്കപ്പെട്ടു. ബിജെപി നിരോധിത പാര്‍ട്ടിയാണോ എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തിന് മുമ്പില്‍ വിമര്‍ശകര്‍ക്ക് പോലും മറുപടിയില്ലാതായി. അത് ബിജെപിയിലും മതിപ്പുളവാക്കി. തുടര്‍ന്നാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം നരേന്ദ്രമോഡിയെ കണ്ട് ചര്‍ച്ച നടത്തിയത്.
സിനിമാലോകത്തെ വിശേഷങ്ങളും കേരളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പങ്കുവെച്ചതെന്ന് പറയുന്നതെങ്കിലും ഫലത്തില്‍ കൊല്ലം സീറ്റ് തന്നെയാണ് സംസാരിച്ചത്.
ബിജെപിയെ സംബന്ധിച്ച് കൊല്ലത്ത് വലിയ പ്രതീക്ഷയൊന്നുമില്ല. അതുകൊണ്ട് തന്നെ ആരെ കൊല്ലത്ത് മത്സരിപ്പിച്ചാലും ബിജെപിയില്‍ ഒരു കലാപവുമില്ല. അതേസമയം സുരേഷ് ഗോപി വന്നാല്‍ അദ്ദേഹത്തിന്റെ താരപരിവേഷം കൊണ്ട് കുറേ വോട്ടുകള്‍ ബിജെപിക്ക് മറിക്കാനും കഴിയും.
എന്തായാലും ചില്ലറ കടമ്പകള്‍ കൂടി കടന്ന് സുരേഷ് ഗോപി കൊല്ലത്തെത്തുമോ എന്ന് ഈ ആഴ്‌ച തന്നെ അറിയാന്‍ കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha