രാജി വച്ച അധ്യാപകന് 46 കൊല്ലത്തിനു ശേഷം പെന്‍ഷന് കോടതി സഹായകമായി

കണ്ണൂരിലും വയനാട്ടിലും പ്രധാനാധ്യാപകനായി ജോലി ചെയ്‌ത് രാജി വച്ച പ്രഥമാധ്യാപകന് പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. വിരമിച്ച് 46 വര്‍ഷത്തിനുശേഷമാണ് 77 വയസ്സായ ഇ.കെ. വര്‍ഗ്ഗീസിന് പെന്‍ഷന്‍ വഴി കോടതി തുറക്കുന്നത്. കോടതിയുടെ അറിവില്‍ 15 വര്‍ഷത്തെ മികച്ച സര്‍വ്വീസിനുടമയാണ് ഇദ്ദേഹം. സര്‍വ്വീസ് ചട്ടത്തിലെ നിര്‍ദ്ദിഷ്‌ട വ്യവസ്ഥയില്‍ ഹര്‍ജിക്കാരനെപ്പോലൊരു അധ്യാപകന്‍ രാജി വച്ചെന്ന പേരില്‍ പെന്‍ഷന്‍ നിഷേധിക്കുന്ന ഭാഗം ഭരണഘടനയ്‌ക്കും നിയമത്തിനും വിരുദ്ധമാണെന്നും ജസ്റ്റിസ് എ.വി. രാമകൃഷ്‌ണപിള്ള അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ മുത്തമ്മാവ് കാര്‍മല്‍ ആലയത്തില്‍ ഇ.കെ. വര്‍ഗീസാണ് പഴയ സര്‍വീസ് വക വച്ച് പെന്‍ഷന്‍ അനുവദിച്ചു കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചത്. 1953 മുതല്‍ 1968 വരെ കണ്ണൂര്‍ എല്‍.എഫ്.സ്‌ക്കൂളിലും വയനാട് വെങ്ങാപ്പള്ളി ആര്‍.സി.എല്‍.പി സ്‌ക്കൂളിലും പ്രധമാധ്യാപകനായി സേവനമനുഷ്‌ഠിച്ചിരുന്നു. കുടുംബപരമായ കാരണങ്ങളാല്‍ രാജി വച്ചതിന്റെ പേരില്‍ സര്‍വീസ് നഷ്‌ടമാവുകയായിരുന്നു. ശിക്ഷാനടപടിയെന്ന പോലെ ഹര്‍ജിക്കാരന്റെ സര്‍വീസ് കണ്ടു കെട്ടിയത് കെ.എസ്.ആര്‍. മൂന്നാം ഭാഗത്തിലെ ചട്ടം29(എ) പ്രകാരമായിരുന്നു.
ആസമയത്ത് അധ്യാപകര്‍ പോകാന്‍ മടി കാണിച്ചിരുന്ന വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വരെ ജോലി ചെയ്‌ത വ്യക്തിയാണ് ഇദ്ദേഹമെന്ന് കോടതി ചൂണ്ടികാട്ടി. ആക്ഷേപങ്ങള്‍ക്കിട നല്‍കാത്ത വ്യക്തിയുമാണ്. ജോലി നിര്‍വഹണ സമയത്ത് വീഴ്‌ചയോ പെരുമാറ്റദൂഷ്യമോ ഓന്നും ആരോപിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിലയിരുത്തി. ഹര്‍ജിക്കാരന്റെ പെന്‍ഷന്‍ അപേക്ഷ പരിഗണിച്ച് മൂന്നു മാസത്തിനകം നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
കോടതിയുടെ അഭിപ്രായത്തില്‍ ഒരു ജോലി മാറി വേറെ സര്‍വീസില്‍ ചേര്‍ന്നാല്‍ അതുവരെയുള്ള സര്‍വീസ് ഇല്ലാതാകുന്നില്ല. എന്നിരിക്കേ ആരോഗ്യ പ്രശ്‌നം ഉള്‍പ്പെടെ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്‌ക്കുമ്പോള്‍ സര്‍വീസ് നഷ്‌ടമാകുന്നത് തുല്യതയുടെ ലംഘനമാണ്. സര്‍വീസ് കണ്ടുകെട്ടുന്ന വ്യവസ്ഥ ശിക്ഷാനടപടിയുടെ പേരില്‍ രാജിവയ്‌ക്കുമ്പോള്‍ മാത്രമേ ബാധകമാക്കാനാവൂ. ജോലിയിലെ കഴിവില്ലായ്‌മയുടെയും മറ്റും പേരില്‍ പിരിട്ടുവിടുന്നവര്‍ക്കുപോലും കംപാഷനേറ്റ് പെന്‍ഷന്‍ അര്‍ഹതയുണ്ടെന്നുമാണ് കോടതി ചൂണ്ടികാട്ടിയത്.
https://www.facebook.com/Malayalivartha