ഇലക്ഷന്‍ തീയിലേക്ക് കാട്ടുതീ ; മാഫിയകള്‍ വിലസുന്നു

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിയതോടെ സംസ്ഥാനത്ത് വനം കൈയ്യേറ്റം വ്യാപകമാകുന്നു. തെരഞ്ഞെടുപ്പ് പോലുള്ള സവിശേഷ അവസരങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. വയനാട്ടില്‍ കഴിഞ്ഞ ദിവസം ഏഴിടത്താണ് കാട്ടുതീ പടര്‍ന്നത്. കാട്ടുതീ ഭൂമി കൈയ്യേറ്റത്തിന് വേണ്ടിയാണെന്ന് സംശയിക്കപ്പെടുന്നു. കാട്ടുതീ പടരുന്നത് സാധാരണയായതിനാല്‍ ആരും ആദ്യം കാര്യമാക്കിയില്ല. എന്നാല്‍ ഏഴിടത്ത് കാട്ടുതീ പടര്‍ന്നതാണ് സംശയത്തിന് ഇടയാക്കിയത്. കാട്ടുതീയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് അജ്ഞാതസംഘത്തിന്റെ മര്‍ദ്ദനമേറ്റതോടെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വനപാലകര്‍ തീരുമാനിച്ചത്.
കല്‍പ്പറ്റ കാട്ടുതീയെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ഉത്തരവിട്ടു. ഉയര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥനോട് സംഭവസ്ഥലം പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം കാട്ടുതീ പടര്‍ന്നത്. തിരുനെല്ലി പഞ്ചായത്തിലാണ് ഇവിടം. പ്രകൃതിമനോഹാരിതക്ക് പേരു കേട്ട സ്ഥലമാണ് ഇത്. തുണ്ടകാപ്പ്, ചക്കിണി, കോട്ടിയൂര്‍, കാരമാട്, പനവല്ലി, സര്‍വാണി തുടങ്ങിയ സ്ഥലങ്ങളിലും കാട്ടുതീ പടര്‍ന്നു. മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നും കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് കാട്ടുതീ നിയന്ത്രണ വിധേയമാക്കിയത്. നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ ഒരേസമയം കാട്ടുതീ അണയ്‌ക്കുന്നതിന് വേണ്ടി പരിശ്രമിച്ചിരുന്നു.
ഭൂമികൈയ്യേറ്റക്കാരാണ് സാധാരണഗതിയില്‍ കാട്ടുതീയുണ്ടാക്കുന്നത്. ഇലക്ഷന്‍ പോലുള്ള കാര്യങ്ങളിലേയ്‌ക്ക് മാധ്യമങ്ങളും ഉദ്യോഗസ്ഥരും തിരിയുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ സാധാരണ നടക്കാറുള്ളത്. കാട്ടുതീ തടയാന്‍ സമീപ പ്രദേശങ്ങളില്‍ ആവശ്യാനുസരണം ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭിക്കാറില്ല. കണ്ണൂര്‍ പോലുള്ള വിദൂര സ്ഥലങ്ങളില്‍ നിന്നു വേണം ഫയര്‍ഫോഴ്‌സ് എത്തിച്ചേരേണ്ടത്. വനംവകുപ്പാകട്ടെ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ശൈശവദശയിലാണ്.
https://www.facebook.com/Malayalivartha