മൂന്നാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍; കയ്യേറ്റ ഭൂമി കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു

മൂന്നാറില്‍ ഭൂമി കയ്യേറ്റമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രമന്ത്രി സി.ആര്‍. ചൗധരി സന്ദര്‍ശിക്കുന്നു. ചിത്തിരപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപത്തെ കെഎസ്ഇബി ഭൂമിയിലെ കയ്യേറ്റങ്ങളാണ് മന്ത്രി ആദ്യം സന്ദര്‍ശിച്ചത്. ഇതിനു ശേഷം അദ്ദേഹം പള്ളിവാസലിലെയും മൂന്നാര്‍ ഇക്കാനഗറിലെയും കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
മൂന്നാര്‍ കയ്യേറ്റ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന അഭ്യൂഹങ്ങള്‍ക്കു ശക്തി പകരുന്നതാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്രമന്ത്രിമാരും എംപിമാരും രാജ്യത്തെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടത്തുന്ന സന്ദര്‍ശന പരിപാടിയുടെ ഭാഗമായിട്ടാണു കേന്ദ്രമന്ത്രി ഇടുക്കിയിലെത്തുന്നതെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു.
മൂന്നാര്‍ കയ്യേറ്റക്കാര്യത്തില്‍ കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതിനായി 11നു രാവിലെ 11ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മാര്‍ച്ചും നടത്തും. മൂന്നാര്‍ പ്രശ്‌നത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സുരേഷ് ഗോപി എംപി 16ന് മൂന്നാറില്‍ ഉപവസിക്കും.
https://www.facebook.com/Malayalivartha


























