സംസ്‌കരിച്ച മൃതദേഹം പള്ളി സെമിത്തേരി പൊളിച്ച് കടത്തിക്കൊണ്ടുപോയി; ദുര്‍മന്ത്രവാദം?

മൃതദേഹങ്ങള്‍ കാണാതാകുന്ന സംഭവം തുടര്‍ക്കഥയാകുന്നു. കൊല്ലം പത്തനാപുരത്ത് സംസ്‌കരിച്ച മൃതദേഹം പള്ളി സെമിത്തേരി പൊളിച്ച് കടത്തിക്കൊണ്ടുപോയി. കത്തിക്കരിഞ്ഞ മൃതദേഹം കെട്ടിടത്തിന് മുകളില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ദുരൂഹത വര്‍ധിപ്പിക്കുന്ന മറ്റൊരു സംഭവം. കഴിഞ്ഞമാസം മരിച്ച കുഞ്ഞേലി എന്ന വൃദ്ധയുടെ മൃതദേഹമാണ് കടത്തിയത്. പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ സെമിത്തേരി പൊളിച്ചാണ് മൃതദേഹം കടത്തിക്കൊണ്ടുപോയത്. പിന്നീട് മൃതദേഹം മറ്റൊരിടത്ത് നിന്നു കണ്ടെത്തി.
കുഞ്ഞേലി എന്ന വയോധിക കഴിഞ്ഞമാസമാണ് മരിച്ചത്. ഉടനെ സംസ്‌കാരവും കഴിഞ്ഞു. എന്നാല്‍ ഞായറാഴ്ച പ്രാര്‍ഥനയ്ക്കെത്തിയ വിശ്വാസികളാണ് മൃതദേഹം എടുത്തുകൊണ്ടുപോയ കാര്യം ശ്രദ്ധിച്ചത്. ഇവര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞേലിയുടെ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു. കഴിഞ്ഞാഴ്ച കെട്ടിടത്തിന് മുകളില്‍ ഒരു മൃതദേഹം കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മനുഷ്യ ശരീരം കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായാണോ സംസ്‌കരിച്ച മൃതദേഹങ്ങള്‍ കാണാതാകുന്നത് എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച കെട്ടിടത്തിന് മുകളില്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരുന്നു. അത് പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്.
ഇപ്പോള്‍ സെമിത്തേരിയില്‍ നിന്നു കടത്തിയ മൃതദേഹം സ്ത്രീയുടേതാണ്. തുടര്‍ച്ചയായി ഇത്തരത്തില്‍ ദുരൂഹ സംഭവങ്ങള്‍ ഉണ്ടാകുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ആഭിചാര ക്രിയയുടെ ഭാഗമാണിതെന്നാണ് പോലീസ് നിഗമനം. മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കവെയാണ് പോലീസിന് പുതിയ വിവരം ലഭിച്ചത്. മൃതദേഹം കത്തിച്ച സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇതു കൊലപാതകമല്ല എന്ന് സ്ഥിരീകരിച്ചിരുന്നു. മറ്റെവിടെയെങ്കിലും മരിച്ച വ്യക്തിയുടെ മൃതദേഹം കെട്ടിടത്തില്‍ കൊണ്ടുവന്നു കത്തിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കൊലപാതക സാധ്യത ഇല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രവാദത്തിന്റെ കളികള്‍ നടന്നിട്ടുണ്ടോ എന്ന് പോലീസ് സംശയിച്ചത്. തുടര്‍ന്ന് എല്ലാ പള്ളികളോടും അവരുടെ സെമിത്തേരികള്‍ പരിശോധിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് തലവൂരില്‍ നിന്നു പുതിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
https://www.facebook.com/Malayalivartha























