'എന്റെ അമ്മ മരിച്ചിട്ടില്ലെന്ന് മകന്‍'; ഒന്നരമാസം പഴക്കമുള്ള മൃതദേഹം കല്ലറ പൊളിച്ച് വീട്ടില്‍ കൊണ്ടുപോയി

ഒന്നര മാസം മുമ്പു പള്ളിസെമിത്തേരിയില്‍ അടക്കം ചെയ്ത വയോധികയുടെ മൃതദേഹാവശിഷ്ടങ്ങള്‍ മകന്‍ ചാക്കിലാക്കി വീട്ടിലേക്കു കൊണ്ടുപോയി. കല്ലറ തകര്‍ത്തിരിക്കുന്നതു കണ്ട് അന്വേഷിച്ചെത്തിയ പോലീസിനോട് മകന്റെ മറുപടി ഇതായിരുന്നു 'അമ്മ മരിച്ചിട്ടില്ല, പറമ്പിലുണ്ട്.
തുടര്‍ന്ന് കുടുംബവീടിനോടു ചേര്‍ന്നുള്ള റബര്‍ തോട്ടത്തില്‍ ചാക്കില്‍ക്കെട്ടിയ മൃതദേഹാവശിഷ്ടങ്ങള്‍ കാട്ടിക്കൊടുത്തു. തലവൂര്‍ നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹമാണ് മകന്‍ തങ്കച്ചന്‍ (55) കല്ലറ തകര്‍ത്തു പുറത്തെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തതിനു ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. മാനസികവൈകല്യമുള്ള ആളാണെന്നു പോലീസ് പറഞ്ഞു.
പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണു സംഭവമുണ്ടായത്. ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം സെമിത്തേരിയില്‍ മെഴുകുതിരി കത്തിക്കാന്‍ ചെന്നവരാണ് കല്ലറ തകര്‍ത്തതായി കണ്ടത്. ശവപ്പെട്ടി തുറന്നനിലയില്‍ കല്ലറയ്ക്കു സമീപത്തുണ്ടായിരുന്നു. തുടര്‍ന്നു പള്ളി അധികൃതര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കാണാതായെന്നു സ്ഥിരീകരിച്ചു. അതോടെ പോലീസിനെ വിവരമറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയപ്പോഴാണ് അമ്മ മരിച്ചിട്ടില്ലെന്നും പറമ്പിലുണ്ടെന്നും പറഞ്ഞ തങ്കച്ചന്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കാട്ടിക്കൊടുത്തത്.
കുഞ്ഞേലിയുടെ മൃതദേഹം കഴിഞ്ഞ മാര്‍ച്ച് 27നാണു സെമിത്തേരിയില്‍ സംസ്‌കരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കുശേഷമാണു കല്ലറ തകര്‍ത്തതെന്നു പോലീസ് പറയുന്നു. മറ്റു കല്ലറകളില്‍ തിരി കൊളുത്താന്‍ അന്നുവരെ ബന്ധുക്കള്‍ എത്തിയെന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.
തെളിവെടുപ്പിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ ശരീരാവശിഷ്ടങ്ങള്‍ സെമിത്തേരിയില്‍ വീണ്ടും അടക്കം ചെയ്തു. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പള്ളിക്കമ്മറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്കച്ചനെ അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ സി.ഐ. സുധീര്‍, കുന്നിക്കോട് എസ്.ഐ. സുമേഷ്‌ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha























