സംസ്ഥാനത്ത് ആദ്യമായി രൂപീകരിക്കുന്ന വനിതാ പോലീസ് ബറ്റാലിയന്‍ യാഥാര്‍ഥ്യത്തിലേക്ക്

സംസ്ഥാനത്ത് ആദ്യമായി രൂപീകരിക്കുന്ന വനിതാ പോലീസ് ബറ്റാലിയന്‍ യാഥാര്‍ഥ്യത്തിലേക്ക്. സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക, സ്ത്രീസുരക്ഷയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വനിതാ പോലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ കേരള പോലീസില്‍ വനിതകളുടെ പ്രാതിനിധ്യം 6.4 ശതമാനം മാത്രമാണ്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരത്താണ് നിര്‍ദിഷ്ട വനിതാ പോലീസ് ബറ്റാലിയന്റെ ആസ്ഥാനം. എസ്.പി. റാങ്കിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥ ആര്‍.നിശാന്തിനിയെ ബറ്റാലിയന്റെ കമാന്‍ഡന്റായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് താല്‍ക്കാലിക ഓഫീസ് ആരംഭിച്ചു.
കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ 20 വനിതാ ഹവീല്‍ദാര്‍മാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു ആര്‍മര്‍ എസ്.ഐ, 10 ടെക്‌നിക്കല്‍ വിഭാഗം എന്നിവരും പ്രവര്‍ത്തിക്കും. ഇതിനു പുറമേ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട്, കാഷ്യര്‍/സ്‌റ്റോര്‍ അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിലായി ഓരോരുത്തര്‍ വീതവും എട്ട് ക്ലര്‍ക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ്, 20 ക്യാമ്പ് ഫോളോവര്‍മാര്‍ എന്നിവരും ബറ്റാലിയനില്‍ ഉണ്ടാകും. ഇതിനായുള്ള 451 തസ്തികകള്‍ സൃഷ്ടിച്ചു.
ബറ്റാലിയനിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളില്‍ 330 പേര്‍ക്ക് നിലവിലുള്ള ഏഴ് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റുകളില്‍നിന്ന് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കിക്കഴിഞ്ഞു.
മെഡിക്കല്‍ പരിശോധന, പോലീസ് വെരിഫിക്കേഷന്‍ എന്നിവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവര്‍ക്കുള്ള പരിശീലനം ആരംഭിക്കും. ഒന്‍പതുമാസത്തെ പരിശീലനമാണു നല്‍കുക.
ഇതില്‍ 30 വനിതാ പോലീസുകാര്‍ക്ക് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ മാതൃകയില്‍ ട്രെയിനിങ് നല്‍കി കമാന്‍ഡോ പ്ലാറ്റൂണ്‍ രൂപീകരിക്കും. യൂണിറ്റ് പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ പിങ്ക് ബീറ്റ്, പിങ്ക് പട്രോള്‍ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.
വനിതാ പോലീസ് ബറ്റാലിയനിലേക്ക് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് നിയമന ശുപാര്‍ശ ലഭിച്ചിട്ടുള്ളവര്‍ക്കായി മെഡിക്കല്‍ പരിശോധന 25 മുതല്‍ 31 വരെ തിരുവനന്തപുരം എസ്.എ.പി. പോലീസ് ഹോസ്പിറ്റലില്‍ വച്ച് നടത്തും.
മെഡിക്കല്‍ പരിശോധനയ്ക്ക് 24 നു മുമ്പായി അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ 0471 2726868 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























