ഏഴു മണിക്കൂര്‍ വെള്ളത്തില്‍ എണ്‍പത്തിയാറുകാരി; ഒടുവില്‍ അവര്‍ ജീവിതത്തിലേയ്ക്ക്

ഒരു നാടു മുഴുവന്‍ തന്നെത്തേടി പരക്കം പാഞ്ഞപ്പോള്‍ കാര്‍ത്ത്യായനി ദൈവത്തിന്റെ കൈകളിലായിരുന്നു. വെള്ളത്തില്‍ നിന്ന് ഏഴു മണിക്കൂറിനു ശേഷം ജീവിതത്തിലേക്കു തിരിച്ചു വന്നപ്പോള്‍ ആകെയുണ്ടായ സങ്കടം വെപ്പുപല്ല് ഒഴുകിപ്പോയെന്നതു മാത്രം. കുടമാളൂര്‍ മാളികക്കടവ് പുത്തന്‍പുരയ്ക്കല്‍ കാര്‍ത്ത്യായനി (86)യുടെ തിരിച്ചുവരവ് അവിശ്വസനീയ കഥയാണിപ്പോള്‍ നാട്ടില്‍.
എആര്‍ ക്യാംപിലെ ഹെഡ് കോസ്റ്റബിളായ ബന്ധു എം. ഗിരീഷ് കുമാറിന്റെ വീട്ടിലാണ് രണ്ടു വര്‍ഷമായി കാര്‍ത്ത്യായനിയുടെ താമസം. ഗിരീഷിന്റെ ഭാര്യാപിതാവ് ഗോപാലപിള്ളയുടെ സഹോദരിയാണ് കാര്‍ത്ത്യായനി. രാവിലെ ഗിരീഷും ഭാര്യ ഗീതാലക്ഷ്മിയും പുറത്തു പോയിരുന്നു.
ഈ സമയത്താണു വീടിനു സമീപമുള്ള മീനച്ചിലാറിന്റെ കൈവഴിയില്‍ കാര്‍ത്ത്യായനി കുളിക്കാനിറങ്ങിയത്. സമീപത്തെ ബണ്ട് തുറന്നു വിട്ടിരുന്നതിനാല്‍ നല്ല ഒഴുക്കുണ്ടായിരുന്നു. കാര്‍ത്ത്യായനി ഒഴുക്കില്‍പ്പെട്ടു. ഗിരീഷും ഭാര്യയും വീട്ടിലെത്തിയപ്പോള്‍ കാര്‍ത്ത്യായനിയെ കണ്ടില്ല. അയല്‍ വീടുകളിലുണ്ടാകുമെന്നു കരുതി. ഉച്ചയൂണിന്റെ സമയത്തും കാര്‍ത്ത്യായനി തിരികെ വന്നില്ല. അതോടെ അന്വേഷണം തുടങ്ങി. കുളിക്കടവിലേക്കു പോകുന്നതു കണ്ടതായി ചിലര്‍ പറഞ്ഞു. ആദ്യം നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ മുങ്ങിത്തപ്പി.
ഗിരീഷ് വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലും തുടര്‍ന്ന് അഗ്‌നിശമന സേനയിലും വിവരം അറിയിച്ചു. അഗ്‌നിശമന സേനയുടെ മുങ്ങല്‍ വിദഗ്ധരെത്തി തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെയാണു ബണ്ട് തുറന്ന കാര്യം അറിഞ്ഞത്. ഇതോടെ അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിപ്പിച്ചു. ചെറു വള്ളങ്ങളില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ നടത്തിയ തിരിച്ചിലിലാണ് കുളിക്കടവില്‍ നിന്ന് 200 മീറ്റര്‍ അകലെ മരത്തിന്റെ വേരില്‍ പിടിച്ചു തൂങ്ങിക്കിടക്കുന്ന കാര്‍ത്ത്യായനിയെ കണ്ടത്.
രാവിലെ മുതല്‍ ഏഴു മണിക്കൂറോളം മരത്തിന്റെ വേരില്‍ തൂങ്ങി വെള്ളത്തില്‍ കിടന്ന് തണുത്തു വിറച്ച അവസ്ഥയിലായിരുന്നു. ചൂടു കട്ടന്‍കാപ്പി കുടിക്കാന്‍ കൊടുത്തു. കിഴി ഉപയോഗിച്ചു ചൂടും വച്ചതോടെ കാര്‍ത്ത്യായനി ഉഷാറായി. തുടര്‍ന്ന് അയ്മനത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചു പരിശോധിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ വീട്ടിലേക്കു മടങ്ങി.
ഇനി തനിയെ കടവില്‍ കുളിക്കാന്‍ പോകില്ലെന്ന് കാര്‍ത്ത്യായനി വീട്ടുകാര്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. അഗ്‌നിശമന സേന സ്‌റ്റേഷന്‍ ഓഫിസര്‍ ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസ്, എസ്‌ഐ എം.ജെ.അരുണ്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. '
https://www.facebook.com/Malayalivartha























