മുല്ലപ്പെരിയാറില്‍ ഒറ്റക്കെട്ട്... മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാഷ്‌ട്രപതിയെ ഇടപെടുവിക്കണമെന്ന് സര്‍വകക്ഷിയോഗം, അര്‍ഹമായ സാമ്പത്തിക വിഹിതവും നേടിയെടുക്കണം

മുല്ലപ്പെരിയാര്‍കേസില്‍ കേരള നിയമസഭ കൊണ്ടുവന്ന നിയമത്തിനെതിരെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞ സ്ഥിതിക്ക് ഇക്കാര്യത്തില്‍ രാഷ്‌ട്രപതിയെ ഇടപെടുവിക്കണമെന്ന് സര്‍വകക്ഷിയോഗം നിര്‍ദ്ദേശിച്ചു. കൂടുതല്‍ അംഗങ്ങളുളള വിശാല ബെഞ്ചിനെക്കൊണ്ട് കേസ് കേള്‍പ്പിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തത്വത്തില്‍ അംഗീകരിച്ചു. ഇക്കാര്യം നിയവിദഗ്‌ധരുമായി ചര്‍ച്ച ചെയ്യുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവും ജലവിഭവ മന്ത്രി പി.ജെ.ജോസഫും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുന പരിശോധനാ ഹര്‍ജിക്കു പുറമേ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടുക്കി ജില്ലയില്‍ മാത്രം ഹര്‍ത്താല്‍ ഒതുക്കിയത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
കേരളത്തിനുവേണ്ടി കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ അദ്ദേഹവുമായും മറ്റ് മുതിര്‍ന്ന അഭിഭാഷകരുമായും ചര്‍ച്ച ചേയ്‌ത് നിയമസാദ്ധ്യതകള്‍ ആരായും. തമിഴ്‌നാടുമായുളള ഉഭയകക്ഷി കരാറനുസരിച്ച് അര്‍ഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കാന്‍ കേരളം ശക്തമായി ശ്രമിക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കേരളത്തിന് വെറും 10 ലക്ഷം രൂപ പ്രതിവര്‍ഷം നല്‍കി 900 കോടി രൂപയുടെ സാമ്പത്തിക നേട്ടമാണ് മുല്ലപ്പെരിയാര്‍ കരാര്‍ വഴി തമിഴ്‌നാട് ഉണ്ടാക്കുന്നത്. കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയാണെന്നാണ് ഇപ്പോള്‍ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ കേസില്‍ ഇടപെടേണ്ടത് സുപ്രീംകോടതിയല്ല. നദീജല ട്രൈബ്യൂണലാണ്.
ജസ്റ്റിസ് കെ.ടി. തോമസാണ് കേരളത്തെ ചതിച്ചതെന്ന വിമര്‍ശനമുണ്ടായി. കെ.ടി. തോമസിനെ അനുകൂലിച്ച് മന്ത്രി കെ.എം. മാണി നടത്തിയ പ്രസ്‌താവനയെ ചിലര്‍ വിമര്‍ശിച്ചപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി വിവാദങ്ങളിലേക്ക് പോകാതെ ഒറ്റകെട്ടായി പ്രശ്‌നത്തെ സമീപിക്കണമെന്ന് മറ്റു ചിലര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ യു.ഡി.എഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ ഇടതു സര്‍ക്കാരിന്റെ കാലത്തുണ്ടായ നടപടികള്‍ തുടരുകയാണ്. യു.ഡി.എഫ് ചെയ്‌തതെന്ന് പറഞ്ഞ് എന്‍.കെ. പ്രേമചന്ദ്രന്‍ അതിനെ ഖണ്‌ഡിച്ചു. പ്രശ്‌നത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കാനാണ് സര്‍വകക്ഷിയോഗത്തിലുണ്ടായ ധാരണയെന്ന് മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിയമസഭയുടെ സാധാരണഗതിയിലുളള സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനൊപ്പം ഇതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha