ഹാദിയ കേസിലെ എന്റെ ആത്മഗതങ്ങള്‍ എന്ന അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

സുപ്രീം കോടതിയിലെ പ്രശസ്ത അഡ്വക്കേറ്റാണ് ശ്രീജിത്ത് പെരുമന. അഖില എന്ന ഹാദിയ എന്റെ ആത്മഗതങ്ങള്‍ എന്ന പോസ്റ്റ് സോഷ്യല്‍ മീഡിയായില്‍ വൈറല്‍.
ഒരു സെല്‍ഫി അഭിമുഖത്തിലേക്കാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നതും മറുപടി പറയുന്നതും ഞാന്‍ തന്നെ. ഇതില്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായോ സംഭവങ്ങളുമായോ എന്തെങ്കിലും സാദൃശ്യങ്ങള്‍ തോന്നുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികമല്ല. അവരെ തന്നെയാണ്, ആ സംഭവങ്ങള്‍ തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളത്. സാഹിത്യഭാഷകളൊന്നുമില്ലാതെ...
കമ്പിളി വിറ്റ പണത്തില്‍ രോമമുണ്ടാവില്ല ചേട്ടന്മാരെ എന്നോര്‍മ്മിപ്പിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങട്ടെ
1 . അല്ലാ എന്താണീ ഹാദിയാ പ്രശ്‌നം ?
അപ്പൊ നിങ്ങളറിഞ്ഞില്ലേ, കോട്ടയം ജില്ലയിലെ വൈക്കം കാരിയായ അഖില എന്ന പെണ്‍കുട്ടി ഹിന്ദുമതത്തില്‍ നിന്നും മാറി ഇസ്ലാം മതത്തില്‍ ചേര്‍ന്നു. അവിടെ തുടങ്ങുന്നു പ്രശനങ്ങള്‍
2 . ഓഹോ അതെന്താ കാരണം ?
അഖില സേലത്തെ ശിവരാജാ ഹോമിയോ കോളേജില്‍ ബിഎച്ച്എംഎസ് നു പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ അവള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളില്‍ നിന്ന് ഇസ്‌ളാം മതത്തെക്കുറിച്ച് നേരിട്ടറിഞ്ഞതോടെ ഓള് ആ മതത്തെ കുറിച്ച് രണ്ട് രണ്ടര വര്‍ഷത്തോളം പഠിച്ചതിനു ശേഷം അതിലേക്ക് ആകൃഷ്ടയായി അങ്ങനെ മതം മാറുകയായിരുന്നു. 2013 ല്‍ ഹാദിയ എന്ന പേര് സ്വീകരിച്ചു.
3 . അങ്ങനെ പറ പിന്നെന്തിനാ ഈ കോലാഹലങ്ങളൊക്കെ നടക്കുന്നെ ?
അതോ, മതം മാറിയതിനു വീട്ടില്‍ ആകെ മൊത്തം കൊയപ്പങ്ങളായി. അച്ഛനും അമ്മയും എല്ലാം ഫുള്‍ എതിര്‍ത്ത് പ്രാര്‍ത്ഥനയ്‌ക്കോ, മതപരമായ ചടങ്ങുകള്‍ക്കോ അച്ഛനമ്മമാര്‍ സമ്മതിച്ചില്ല അവസാനം വീട്ടില് നിക്കാന്‍ പറ്റാത്ത സ്ഥിതിയായപ്പോ അവള് വീട് വിട്ടിറങ്ങി.
3 . ദൈവമേ ആകെ കൊയപ്പമായല്ലോ, എന്നിട്ട് എങ്ങോട്ടാ പോയേ ?
കോട്ടയ്ക്കല്‍ പുത്തൂരുള്ള സൈനബ എന്ന കൂട്ടുകാരിയോടൊപ്പം പോയി താമസമാക്കി.
4 . അപ്പൊ വീട്ടുകാര് അന്വേഷിച്ചില്ലേ?
പിന്നേ, അന്വേഷിക്കാതെ അങ്ങനെ മോളെ കാണാതായീന്നും പറഞ് അവളുടെ അച്ഛന്‍ പോലീസ് സ്‌റ്റേഷനിലും എല്ലായിടത്തും പരാതികള്‍ കൊടുത്തു. കണ്ടുപിടിക്കാന്‍ കിട്ടീല. അങ്ങനെയാണ് അശോകേട്ടന്‍ അവളുടെ അച്ഛന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജി കൊടുത്തത്. മോളെ കണ്ടുപിടിക്കാന്‍.
5 . ഹേബിയസ് കോര്‍പ്പസ്സോ എന്തോന്നാ അത് ?
ഓ മനസിലായില്ല അല്ലേ, ഒരു ലീഗല്‍ വാക്കാണത് ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളില്‍ ഒന്നാണ് ഹേബിയസ് കോര്‍പ്പസ്. ഹേബിയസ് കോര്‍പ്പസ് എന്ന പദത്തിന്റെ അര്‍ത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കള്‍ക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയുന്നതാണ്. ഈ ഹര്‍ജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയില്‍ ഹാജരാക്കാനുള്ള ഉത്തരവുകള്‍ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാല്‍ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികള്‍ക്കുണ്ട്. അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാന്‍ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയില്‍ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികള്‍ക്കും മാത്രമേയുള്ളു. മോളെ കണ്ടുകിട്ടാന്‍ അശോകേട്ടന്‍ ഈ റിട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുകയായിരുന്നു.
6 . എന്നിട്ട് ആ കോര്‍പ്പസില് എന്താ കോടതി പറഞ്ഞത് മോളെ കിട്ടിയോ ?
അതാ പറഞ്ഞ് വരുന്നത് 2016 ജനുവരി 25 ന് ഹാദിയയെ കോടതിക്ക് മുന്പില് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹേബിയസ് കോര്പസ് ഹരജിയില് വാദം കേട്ട ജസ്റ്റിസ് സി .കെ അബ്ദുല് റഹീം ,ജസ്റ്റിസ് ഷാജി പി ചാലി ഹൈകോടതി ഡിവിഷന് ബെഞ്ച്, ഹാദിയയെ നേരിട്ട് കേട്ടതിനു ശേഷം സ്വമേധയാ മതം മാറിയതാണെന്നു ബോധ്യപ്പെട്ടപ്പോള്‍ ഹാദിയ ആരുടേയും നിയമവിരുദ്ധമായ കസ്റ്റഡിയില് അല്ലെന്നും അവര് സ്വതന്ത്രയാണെന്നും വിധി പ്രസ്താവിച്ചു. അവര് സ്വന്തം ഇഷ്ട്ടപ്രകരമാണ് സത്യസരണി എന്ന മത സ്ഥാപനത്തില് ചേര്ന്നത് എന്നും വ്യക്തമായപ്പോള്‍ കോടതി അവളെ സൈനബയോടൊപ്പം പോകാന്‍ അനുവദിച്ചു.

7 . ഓഹോ എന്നിട്ടിപ്പോള്‍ ഹാദിയ കൂട്ടുകാരിയോടൊപ്പം അവിടെയാണോ ?
അല്ല, പിന്നേം കുറെ പ്രശനങ്ങളുണ്ടായി, അവളെ സ്വന്തം ഇഷ്ടത്തിന് വിട്ട ശേഷം മേല്പറഞ്ഞ കോടതിവിധി നിലനില്‍ക്കെ അതേ വര്‍ഷം തന്നെ അവളുടെ അച്ഛന്‍ വീണ്ടും രണ്ടാമതൊരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൂടി കൊടുത്തു. ഇക്കുറി അത് മകള്‍ മൂന്നുമാസത്തിനകം സിറിയയിലേയ്ക്ക് കടക്കാന്‍ പോകുന്നു, തീവ്രവാദത്തിലേക്ക് മകളെ കൊണ്ടുപോകുന്നു എന്നാരോപിച്ചുകൊണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് കേസിലേയ്ക്ക് തീവ്രവാദ ബന്ധം എന്ന കാര്യം കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.
8 . തീവ്രവാദ ബന്ധമോ ? സിറിയയിലേക്ക് കടത്താനി എന്തൊക്കെയാ കേള്‍ക്കുന്നത് ഇതൊക്കെ ഉള്ളതാണോ ?
അതാണ് ഏറ്റവും രസം,
സ്വന്തമായി പാസ്സ്‌പോര്‍ട്ടുപോലുമില്ലാത്ത താന്‍ എങ്ങനെ, എങ്ങോട്ട് കടക്കാനാണെന്ന ഹാദിയയുടെ വാദമൊന്നും ആദ്യം കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്ന് 36 ദിവസം നീണ്ട ജയില്‍ വാസം.
9 . മതം മാറിയതിനു ജയില്‍വാസമോ ?
ഉം.. മുപ്പത്തി ഏഴാമത്തെ ദിവസം താനൊരു ഇന്ത്യന്‍ പൗരയാണെന്നും, സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള മതം സ്വീകരിച്ച് അതുപ്രകാരം ജീവിച്ചുപോരുന്ന തന്നെ തടവില്‍ വയ്ക്കരുതെന്നും അവള് ജഡ്ജിന് കത്തെഴുതി അതിനു ശേഷമാണു അവളെ മോചിപ്പിക്കുന്നത്.
10 എന്നിട്ടെങ്ങോട്ട അവള് പോയത് ? എപ്പോഴാ കല്യാണം നടന്നത് ?
തടവില്‍ നിന്ന് വന്നശേഷം 'വേ ടു നിക്കാഹ്' എന്ന ഒരു മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. അങ്ങനെയാണ് വിവാഹ പരസ്യപ്രകാരം നിക്കാഹ് ആലോചിച്ച് വന്ന ഷെഫിന്‍ ജഹാനുമായിട്ടുള്ള വിവാഹം തീരുമാനിക്കുന്നത്. ശേഷം 2016 ഡിസംബര്‍ 19 ന് നിക്കാഹ് നടക്കുകയും തൊട്ടടുത്ത ദിവസം പഞ്ചായത്തിലും രജിസ്ട്രാര്‍ ഓഫീസിലും എത്തി സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു എന്നാണു ഇരുവരും പറയുന്നത്.
11 . വിവാഹം പള്ളിക്കമ്മിറ്റിയെയോ സമുദായത്തിന്റെയോ അറിയാതെയാണ് നടത്തിയത് എന്നാണല്ലോ ഞങ്ങള് കേട്ടത് ?
അല്ല അത് ഷെഫിന്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ് അതായത് ഷെഫിന്റെ വാക്കുകളിലൂടെ തന്നെ പറഞ്ഞാല്‍ 'എന്റെ മഹല്ലായ ചാത്തിനാംകുളം ജുമാ മസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെടുകയും വിവാഹത്തിനുള്ള അനുമതി വാങ്ങുകയും ചെയ്തു. അങ്ങനെ ഹാദിയ താമസിക്കുന്നയിടത്തെ മഹല്ലായ കോട്ടയ്ക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദ് ഉള്‍പ്പെടുന്ന പള്ളികളുടെ ഖാളിയായ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അനുവാദം വാങ്ങുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പുത്തൂര്‍ ജുമാ മസ്ജിദ് ഇമാം ഖാളിയായി 2016 ഡിസംബര്‍ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടില്‍വച്ച് നിക്കാഹ് നടക്കുകയും ചെയ്തു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട്2008 പ്രകാരമായിരുന്നു വിവാഹം.' ഇപ്പൊ മനസിലായോ അവര്‍ മതാചാര പ്രകാരവും നിയമപ്രകാരവുമാണ് വിവാഹിതരായത്.
12 . ഇതൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു., അപ്പൊ പച്ചക്കള്ളങ്ങളാണ് പുറത്ത് പ്രചരിക്കുന്നത് അല്ലേ ?
ഭൂരിപക്ഷവും കെട്ടുകഥകളാണ് മറ്റേതൊരു വിഷയത്തെ പോലെയും ഹാദിയ വിഷയത്തിലും പ്രചരിക്കുന്നത്. ചില ഗൂഢ ശക്തികള്‍ അതിനു പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
13 . എന്നിട്ടു പിന്നെ എന്ത് സംഭവിച്ചു ?
പറയാം, കഴിഞ്ഞ മെയ് ഇരുപത്തി നാലിന് നമ്മുടെ ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദ് ചെയുകയും, അവളെ അച്ഛന്റെയും അമ്മയുടെയും കൂടെ അവളുടെ സ്വന്തം വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വം അയക്കുകയും ചെയ്യുകയായിരുന്നു. ജസ്റ്റിസ് സുരേന്ദ്ര മോഹന് ,ജസ്റ്റിസ് കെ.അബ്രഹാം മാത്യൂ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് പ്രായപൂര്ത്തിയായ യുവതിയും യുവാവും തമിലുള്ള വിവാഹത്തിന് രക്ഷിതാക്കളുടെ സാന്നിധ്യം അനിവാര്യം എന്ന് പറഞ് വിവാഹം റദ്ദുചെയ്തത്
14 . ങ്ങേ, പരസ്പരം ഇഷ്ടപ്പെട്ട് പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ നടത്തിയ വിവാഹം എങ്ങനെ റദ്ദ് ചെയ്യാന്‍ പറ്റുമോ ?
ഇല്ല. പ്രായപൂര്‍ത്തിയായ യുവാവായും യുവതിയും, പരസപരം സമ്മതത്തോടെ സാമുദായിക ചടങ്ങുകളോടെയും അതിലുപരി സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരവും ശ്രദ്ധയ്ക്കാന്‍ ലോകത്ത് ആര്‍ക്കും അധികാരമില്ല.
15 . ആകെ കണ്‍ഫ്യുഷന്‍ ആയല്ലോ, അപ്പൊ പിന്നെ എങ്ങനെ ഹൈക്കോടതി മാതാപിതാക്കളുടെ സാനിധ്യമില്ല എന്ന് പറഞ് കല്യാണം റദ്ദാക്കി ?
അതാണിവിടുത്തെ ചോദ്യം, മാതാപിതാക്കളുടെ സാന്നിദ്ധ്യമില്ലാതെ ഈ ഇന്ത്യാ മഹാരാജ്യത്ത് കോടിക്കണക്കിനു കല്യാണങ്ങള്‍ നടന്നിട്ടുണ്ട്. നിയമപരമായി രജിസ്റ്റര്‍ ചെയ്ത ആ ദമ്പതികള്‍ ഇവിടെ ഇപ്പോഴും ജീവിക്കുകയും ചെയുന്നു. അവര്‍ക്കൊന്നും വേണ്ടാത്ത രക്ഷിതാക്കളുടെ സാനിദ്ധ്യം എന്തിനാ ഹാദിയക്ക്.സ്‌പെഷ്യല്‍ മാരേജ് ആക്റ്റിലോ, മറ്റേതെങ്കിലും നിയമത്തിലോ, ഭരണഘടനയിലോ ഇങ്ങനെ ഒരു നിയമം ഇല്ല. മാത്രവുമല്ല ഒരുപാട് വര്ഷം ഒരുമിച്ചു താമസിച്ചവര്‍ക്ക് വിവാഹിതരെപോലെ എല്ലാ അവകാശങ്ങളും ഉണ്ടെന്നുള്ള കോടതി വിധികളും വന്നിട്ട് അധികകാലമായില്ല. 24 ഉം 27 ഉം വയസ്സുള്ള മുതിര്‍ന്ന ആളുകള്‍ തമ്മില്‍ കല്ല്യാണം കഴിച്ചു രജിസ്റ്റര്‍ ചെയ്തത് മറ്റെന്തെങ്കിലും സുപ്രധാന കാരണങ്ങളില്ലാതെ പറ്റൂലാ എന്നുറപ്പാണ്.
16 . അങ്ങനെയെങ്കില്‍ മതം മാറിയതായിരിക്കും പ്രശ്‌നം അല്ലേ?
അതിലെന്താ പ്രശ്‌നം, ഈ രാജ്യത്തെ ഏതൊരു പൗരനും ഏതൊരു മതത്തിലും വിശ്വസിക്കാനും, അതിന്റെ ആചാരങ്ങള്‍ പിന്തുടരുവാനും, പ്രചരിപ്പിക്കുവാനും, മനസ്സാക്ഷിക്കനുസരിച് പ്രവര്‍ത്തിക്കുവാനും ഭരണഘടനാ പരമായി അവകാശമുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 25 മുതല്‍ 30 വരെ മതത്തില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും അനുവാദം നല്‍കുന്നു. ഒരു മതത്തെ കുറിച്ചതും, വിശ്വാസ സംഹിതകളെ കുറിച്ചും, ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചതും ആളുകളെ ബോധിപ്പിച്ചു ബലപ്രയോഗത്തിലൂടെയല്ലാതെ, നിരബന്ധിച്ചല്ലാതെ, ചതിയിലൂടെയോ, ഭീഷണിപ്പെടുത്തിയോ അല്ലാതെ, പൂര്‍ണ്ണ മാനസിക ആരോഗ്യമുള്ള ഒരാള്‍ക്ക് മതം മാറ്റുന്നതിനും മതം മാറുന്നതിനും യാതൊരുവിധ നിരോധനവുമില്ലാത്ത നാടാണ് നമ്മുടേത്. എന്നാല്‍ മതത്തെ സംബന്ധിച്ചുള്ള ഇടപെടലുകള്‍ നടത്തുമ്പോള്‍ അത് നമ്മുടെ സാമൂഹിക നിയമങ്ങളെയും, ക്രമസമാധാന വിഷയങ്ങളെയും, സാമ്പത്തിക, ആരോഗ്യ, ധാര്‍മ്മിക കാഴ്ചപ്പാടുകളെയും നിയമങ്ങളെയും അനുവര്‍ത്തിച്ചുകൊണ്ടും പിന്തുടര്‍ന്നുകൊണ്ടുമാകണം എന്നാണു നിയമം പറയുന്നത്.
17 അപ്പോള്‍ അഖിലയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ഹാദിയയാകാന്‍ ഒരു നിയമ പ്രശ്‌നവുമില്ല അല്ലേ ?
നിശ്ചയമായും ഇല്ല. ആരുടേയും ഭീഷണിയോ, സമ്മര്‍ദ്ധമോ, ചതിയൊ വഞ്ചനയോ, ബലപ്രയോഗമോ, നിര്‍ബന്ധമോ ഇല്ലാതെ തീര്‍ത്തും സ്വന്തം ഇഷ്ടവും താത്പര്യവും മുന്‍നിര്‍ത്തിയാണ് താന്‍ നിയമപരമായ പഠനത്തിന് ശേഷം ഇസ്ലാമില്‍ ചേര്‍ന്നതും ജീവിക്കുന്നതും എന്ന ഹാദിയയുടെ മൊഴി പ്രകാരം ഗവണ്മെന്റിനോ പ്രധാനമന്ത്രിക്കോ, പ്രസിഡന്റിനോ എന്തിനേറെ സുപ്രീം കോടതിക്കുപോലും ഹാദിയക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നുമാത്രമല്ല മതം വീണ്ടും മാറാന്‍ പറയാന്‍ ഈ അധികാരകേന്ദ്രങ്ങള്‍ക്കൊണ്ടന്നും അധികാരവുമില്ല.
18 പിന്നെന്തിനാണീ കോലാഹലങ്ങളും കേസും കോടതിയുമൊക്കെ ?
അവിടെയാണീ വിഷയത്തിലെ അടിസ്ഥാന പ്രശ്‌നം. ഇവിടെ കോടതികള്‍ പരിശോധിക്കുന്നത് നാല് വിഷയങ്ങളാണ്
ഒന്ന് : മതം മാറ്റം (നിര്‍ബന്ധിതമാണോ അല്ലയോ )
കാര്യം വളരെ സിംപിള്‍ ആണ് ആരുയെങ്കിലും (വ്യക്തികളുടയോ, സംഘടനകളുടയോ) ഭീഷണിയോ, സമ്മര്‍ദ്ധമോ, ചതിയൊ വഞ്ചനയോ, ബലപ്രയോഗമോ, നിര്‍ബന്ധമോ കാരണമാണോ അഖില ഹാദിയയായതെന്ന് ?
ഉത്തരവും സിംപിളാണ് പ്രായപൂര്‍ത്തിയായവളും, ഹോമിയോപ്പതി ഡോക്ടറും, മാനസികാരോഗ്യമുള്ളവളുമായ ഹാദിയയുടെ മൊഴി വിശദമായി പരിശോധിക്കുക. ഒപ്പം സാഹചര്യങ്ങളും അന്വേഷിക്കുക. സ്വമേധയാ മാത്തമാറിയതാണെങ്കില്‍ സ്‌റ്റേറ്റിന് പൊടീം തട്ടി പോയാ മതി.
രണ്ട് : വിവാഹം (പരസ്പര സമ്മദത്തോടെയാണോ അല്ലയോ )
ഉത്തരം ആദ്യത്തേതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു അതും ഹാദിയയുടെ മൊഴിയിലൂടെ വ്യക്തമാകും. മാത്രവുമല്ല ഇതൊരു സ്‌നേഹവിവാഹം അഥവാ പ്രണയ വിവാഹം അല്ലായിരുന്നു ഒരു അറേഞ്ച്ഡ് മാരേജ് ആയിരുന്നു എന്ന വസ്തുതകളും തെളിവുകളും കണക്കിലെടുക്കാം. ഒപ്പം കല്യാണത്തിന്റെ ചിത്രനഗലും വീഡിയോകളും, പകെടുത്ത ആളുകളുടെ മൊഴിയും മറ്റു രജിസ്റ്റര്‍ ചെയ്ത രേഖകളും പരിശോധിക്കാം. നിയമപരമായും, പരസ്പ്പര സമ്മദത്തോടെയുമാണ് നടന്നതെങ്കിലും സ്‌റ്റേറ്റിന് പെട്ടീം പടോം മടക്കി അവരെ ജീവിക്കാനായി വെറുതെ വിടാം
മൂന്നു : തീവ്രവാദ ബന്ധം (തീവ്രവാദ സംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ ഭാഗമാണോ )
ഇവിടെ കാര്യങ്ങള്‍ അല്പം സങ്കീര്‍ണ്ണമാണ്, ഹാദിയയുടെ അല്ലെങ്കില്‍ അഖിലയുടെ അച്ഛന്റെ ആരോപണമാണിത്. മാത്രവുമല്ല സമാന രീതിയില്‍ നിരവധി ചെറുപ്പക്കാര്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ ചേക്കാറാന്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി സജീവമായി വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും മുന്‍വര്‍ഷങ്ങളിലെ ജീവിതവും, ജോലിയും, ഇടപെടലുകളും കുടുംബ സാഹചര്യങ്ങളും പരിശോധിച്ചാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കും. എന്നാല്‍ തീവ്രവാദ ബന്ധം ആരോപിച്ചുകൊണ്ടുമാത്രം ഒരു വിവാഹം റദ്ദുചെയ്തതും പെണ്‍കുട്ടിയെ തടങ്കലിലാക്കിയത് ക്രൂരവും മനുഷ്യത്വ രഹിതവുമാണെന്ന് പറയാതെ വയ്യ.
നാല് : ലൗ ജിഹാദ് (ഏറ്റവും പ്രാധാനപ്പെട്ടതു പക്ഷെ പരോക്ഷമായ് മാത്രം അന്വേഷിക്കപ്പെടുന്നത് )
അതെ എല്ലാത്തിന്റെയും അടിസ്ഥാന വിഷയമായ കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലേക്ക് നയിച്ചത് കഴിഞ്ഞ കുറച്ചു കാലങ്ങളായി പുറത്തു വന്ന വാര്‍ത്തകള്‍ തന്നെയാണ്. അതായതു അന്യമതസ്ഥരായ പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയം നടിച്ചു വശീകരിച്ചു മതം മാറ്റി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. പിന്നീട് ഇസ്ലാമിക് സ്‌റ്റേറ്റ് പോലെയുള്ള തീവ്രവാദ സംഘമാണ് പ്രവര്‍ത്തിക്കുന്ന സിറിയയിലേക്കും, അഫ്ഗാനിലേക്കും, ഇറാഖിലേക്കുമെല്ലാം കയറ്റി അയക്കുന്നു എന്ന വാര്‍ത്തകളാണ്. ഇത്തരം സംഭവങ്ങളുടെ ചില തുമ്പുകള്‍ അന്വേഷണ ഉദ്യോഗസ്ഥരാകു ലഭിച്ചിട്ടുണ്ടനെകിലും ഇതുവരെയും സ്ഥിതീകരിക്കാവുന്ന സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ, പ്രതികളെ അസ്‌ററ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.
ഇനി ഇത്തരം ഒരു സാഹചര്യം നിലവിലുണ്ടെന്നും തന്നെ വയ്ക്കുക അങ്ങനെയെങ്കില്‍ മനുഷ്യാവകാശങ്ങളെല്ലാം ലംഘിച്ചു ലൗ ജിഹാദിന്റെ പേരില്‍ എന്തിനാണ് ഒരു ഹദിയയെയും, ഷഫിനെയും ബലിയാടാകുന്നത്. ജീവിതം ആരംഭിക്കുന്ന ടെണ്ടര്‍ ഏജിലുള്ള രണ്ടു യുവാക്കള്‍ എന്തിനാണ് ലൗ ജിഹാദിന്റെ പേരില്‍ രക്തസാക്ഷികളാകുന്നത്.
19 . ഓഹോ അപ്പൊ ഇതൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത് അല്ലേ ? ഹാദിയ ഇപ്പോള്‍ എവിടെയാണ് കേസുകള്‍ എവിടം വരെയായി ?
മെയ് 24 ലെ ഹൈക്കോടതി വിധി പ്രകാരം ഹാദിയ അച്ഛന്റെയും അമ്മയുടെയും കൂടെ അവളുടെ വീട്ടില്‍ പോലീസ് സംരക്ഷണയില്‍ തടവില്‍ കഴിയുകയാണ്.
20 . വീട്ടില്‍ എങ്ങനെ തടവില്‍ കഴിയും ?
ഒരുതരത്തില്‍ വീട്ട് ജയിലില്‍. അതായത് നിരവധി പോലീസുകാരുടെ സംരക്ഷണയിലാണ് വീടും പരിസരവും. അറുത്ത ബന്ധുക്കളൊഴിച്ചു ആരെയും കാണാന്‍ ഹാദിയയെ പോലീസ് അനുവദിക്കുന്നില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ, പൊതു പ്രവര്‍ത്തകര്‍ക്കോ പോലും കാണാനോ സംസാരിക്കാനോ ഉള്ള അവകാശമില്ല.
21 . ദൈവമേ അതൊരല്പം ക്രൂരതയല്ലേ ?
അല്പമല്ല കടുത്ത ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണ്. എങ്കിലും ഇ നാട്ടിലെ ഭരണകൂടത്തിനും മനുഷ്യാവകാശ കംമീഷനുകള്‍ക്കും ഒന്നുംചെയ്യാന്‍ സാധിക്കുന്നില്ല. ചെയ്യാന്‍ സാധിക്കുന്നില്ല എന്നല്ല ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
22 . വനിതാ കമ്മീഷന്‍ ഇടപെട്ടില്ലെ ?
അവര്‍ക്ക് ഇതിനൊന്നും യാതൊരു സമയവുമില്ല. അവരൊക്കെ പ്രമുഖ നടിയുടെയും മോഡലിന്റെയുമൊക്കെ സ്രവവും സ്രാവുകളെയുമൊക്കെ തപ്പി നടക്കുകയാണ്. നടിമാരുടെയും സെലിബ്രറ്റികളുടെയും വീട്ടില്‍ സല്‍ക്കാരത്തിന് പോയി അവിടെ താമസയിച്ചു മൊഴികള്‍ രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്. അപ്പോഴെന്ത് ഹാദിയ ഏതു അഖില . ഈത്തപ്പ കൊത്തമങ്ങലം ഇതാ മോനെ ഭൂലോകം.
23 . കേസിന്റെ കാര്യമെന്തായി ?
ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ വിശദമായ വാദം കേട്ടതിനു ശേഷം അന്വേഷണത്തിനായ് എന്‍ ഐ എ എന്ന ദേശീയ തീവ്രവാദ വിരുദ്ധ ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. റിട്ടയേര്‍ഡ് സുപ്രീം കോടതി ജസ്റ്റിസ് രവീന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.
24 . കല്യാണത്തെ കുറിച്ചു അന്വേഷിക്കാന്‍ എന്തിനാ തീവ്രവാദ പോലീസ് ? എന്നിട്ട് അന്വേഷണം തുടങ്ങിയോ ?
അതിനൊക്കെ കാരണമുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഇതൊരു കല്ല്യാണ കേസായിട്ടല്ല കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും, കോടതിയുമൊക്കെ എടുത്തിട്ടുള്ളത്. ലൗ ജിഹാദ് എന്ന പരിപാടിയെക്കുറിച്ച് ഹാദിയയുടെ പേരില്‍ അന്വേഷണം നടത്തുന്നു അതാണ് സത്യം.
25 . ലൗ ജിഹാദിനെ കുറിച്ച് അന്വേഷണം നടത്തുന്നതിന് പാവപ്പെട്ട രണ്ടു കുട്ടികളുടെ ജീവിതം വെച്ച് കളിക്കുന്നതെന്തിനാ ?
അതൊക്കെ ആരോട് പറയാന്‍. ഇതൊക്കെ കേള്‍ക്കേണ്ടവര്‍ പൊട്ടന്മാരാണെങ്കില്‍ പറയുന്നവന് ആയിരം നാവുണ്ടായിട്ടെന്താ. എല്ലാം ശരിയാക്കും എന്ന് പറഞ്ഞിട്ട് വന്ന ഇരട്ട ചങ്കന്റെ സര്‍ക്കാരും കൂടെ പറഞ്ഞിട്ടു ഇപ്പൊ ഈ തീവ്രവാദ വിരുദ്ധ ഏജന്‍സി കല്ല്യാണ കേസ് അന്വേഷിക്കുന്നത് എന്നോര്‍ക്കുമ്പോഴാ ചൊരിഞ്ഞു കേറുന്നത്
26 . ഓഹോ അപ്പൊ ഈ സര്‍ക്കാരും അതിനു കൂട്ട് നിന്നു അല്ലേ ?
സുപ്രീം കോടതിയില്‍ മെല്ലെ ന്യുട്ടറില്‍ അങ്ങ് നിന്ന് കൊടുത്തു. എന്‍ ഐ എ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ല ഹാദിയ അവിടെ കിടക്കട്ടെ എന്ന് പറയാതെ പറഞ്ഞു.
27 . അല്ല ഹാദിയ കേസല്ല, ശരിക്കും ലൗ ജിഹാദി അന്വേഷിക്കുന്നത് എന്ന് ഇങ്ങക്കെങ്ങനെ മനസിലായി ?
അത് ചോദ്യം, അപ്പീലിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഷെഹീന്റെ വക്കീലിനോട് ഒരു ചോദ്യം ബ്ലൂ വെയില്‍ കളിയെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന്.
28 . ങേ ബ്ലൂ വെയിലും ഇതും തമ്മിലെന്താ ബന്ധം ?
ഉണ്ട്, അതായത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെല്ലാം, തീവ്ര ഹിന്ദുത്വ വാദികള്‍ ആരോപിക്കുന്നതുപോലെ ലൗ ജിഹാദിനെ കുറിച്ച് അന്വേഷിക്കണം എന്ന് ചിന്തിക്കുന്നവരാണ്. അതുകൊണ്ടാണാലോ 24 വയസ്സായ അഖില എന്ന ഹാദിയയോട് ബഹുമാനപ്പെട്ട കോടതി കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയണം എന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണ്ട ബ്ലൂ വെയില്‍ ഗെയിമു പോലെ ആയതാണോ എന്ന് അന്വേഷിക്കട്ടെ എന്ന അഭിപ്രായം കോടതി ഉന്നയിച്ചത്. ബ്ലൂവെയില്‍ ഗെയിമ എന്നാല്‍ അഡ്മിന്‍ തന്റെ കളിക്കാരെ വശീകരിച്ചു ചലഞ്ചുകള്‍ നല്‍കി അവസാനം ആത്മഹത്യക്ക് പ്രേരിപ്പിച്ചു ആത്മഹത്യ ചെയ്യിക്കുന്നതാണ്. അങ്ങനെ ചിന്തിച്ചാല്‍ ഈ വാക്കുകള്‍ എടുത്തുപറഞ്ഞില്ലെങ്കിലും വല്ല ലൗ ജിഹാദിലും കുടുങ്ങിയാണോ ഹാദിയ മതം മാറിയത് എന്ന ആശങ്ക കോടതി പറയാതെ പങ്കുവെക്കുന്നു എന്ന് മനസിലാക്കാം.
29 . സത്യത്തില്‍ അഖിലയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി തീവൃവാദത്തിനായ് റിക്രൂട്ട് ചെയാത്തതാണെന്നു താങ്കള്‍ സംശയിക്കുന്നുണ്ടോ?
യാതൊരു തെളിവുകളും ഈ ഒരാരോപണവുമായ ബന്ധപ്പെട്ട കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടും, ആരോപിക്കപ്പെടുന്ന ഇരയാക്കപ്പെട്ട പൂര്‍ണ്ണ ആരോഗ്യവതിയും, പ്രായപൂര്‍ത്തിയായവളും, വിദ്യാസമ്പന്നയുമായ പെണ്‍കുട്ടിയുടെ ആവര്‍ത്തിച്ചുള്ള മൊഴിയും ഈ ആ ആരോപണത്തെ ഒരുതരത്തിലുംസാധൂകരിക്കാത്തതിനാല്‍ എനിക്കാ സംശയം ഇപ്പോള്‍ ലവലേശമില്ല.
30 . അതായത് ഈ വിഷയങ്ങള്‍ അന്വേഷിക്കേണ്ടതില്ല എന്നാണഭിപ്രായം അല്ലേ ?
അല്ലേ അല്ല. അനവധി നിരവധി ആരോപണങ്ങള്‍ ഇത്തരത്തില്‍ ദിവസേന തുമ്പും വാലുമില്ലാതെ വരുന്നത് നമ്മുടെ കമ്മ്യുനാല്‍ ഹാര്‍മണിയെത്തന്നെ ഗുരുതരമായി ബാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ എന്‍ ഐ എ മാത്രമല്ല ഒരു അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ ഏജന്‍സിയെ കൊണ്ട് ഇക്കാര്യങ്ങള്‍ അഥവാ ലൗ ജിഹാദുള്‍പ്പെടയുള്ള വിഷയങ്ങള്‍ അന്വേഷിപ്പിച്ചു എല്ലാ കുറ്റക്കാരെയും ഇടനിലക്കാരെയും തീവ്രവാദികളെയും കണ്ടെത്തി തീവ്രവാദം വേരോടെ ഈ മണ്ണില്‍ നിന്നും പറിച്ചു നീക്കണം എന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത്. പക്ഷെ അതിന്റെ പേരില്‍ ഈ നാട്ടിലെ പൗരന്മാരുടെ പൗരാവകാശങ്ങളും, ഭരണഘടനാ അവകാശങ്ങളും, മനുഷ്യാവകാശങ്ങളും തരിപോലും ലംഘിക്കപ്പെട്ടുകൂടാ. ഒരു പെണ്‍കുട്ടിയെയും ഇത്രയും ക്രൂരമായി തടവില്‍ വെച്ച് ജീവിതം ഇല്ലാതാക്കിക്കൂടാ. ഹാദിയയും ഷഫിനും തീവ്രവാദികളെ കണ്ടെത്തുന്നതിനുള്ള ജീവിക്കുന്ന രക്തസാക്ഷികളായിക്കൂടാ. തീവ്രവാദികളെ കണ്ടെത്തേണ്ടത് കേവലം സാങ്കേതികത്വവും, സംശയങ്ങളും പറഞ്ഞു ശാന്തം ജനതയെ ബലികൊടുത്തിട്ടല്ല. നിയമങ്ങള്‍ ലംഘിച്ചുകൊണ്ടല്ല. സംരക്ഷണം നല്‍കേണ്ട സ്‌റ്റേറ്റ് തന്നെ തീവ്രവാദിയായിക്കൂടാ. അത് ഓര്‍മ്മിപ്പിച്ചെന്നേയുള്ളൂ.
31 . നിലപാടുകളില്‍ നിന്നും താങ്കളുടെ ഉദ്ദേശം വ്യക്തമാണ്, കേസന്വേഷണം അതായത് എന്‍ ഐ എ അന്വേഷണം എവിടെവരെയായി ? ഇനി എത്ര നാള്‍ കൂടി ആ പെണ്‍കുട്ടിയുള്‍പ്പെടെ കണ്ണീര്‍കുടിക്കണം ?
അന്വേഷണത്തെ ആരംഭിച്ചു കേരളം പോലീസിന്റെ പക്കല്‍ നിന്നും ഫയലുകള്‍ ശേഖരിക്കുന്നു എന്നാണറിവ്. എന്നാല്‍ ആദ്യത്തെ കേസ് ഇന്നലെ രജിസ്റ്റര്‍ ചെയ്തു എന്നാണു വാര്‍ത്ത അതായത് മതം മാറാന്‍ അഖിലയെ സഹായിച്ച കൂട്ടുകാരിയുടെ അച്ഛനെതിരെ കേസെടുത്തുവത്രെ.
32 . കേട്ടിട്ട് ആകെക്കൂടെ തലകറങ്ങുന്നു. വല്യ സെക്കുലര്‍ രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്നൊക്കെ ഗീര്‍വാണം വിടുന്ന നാട്ടിലാണീ അവസ്ഥ. സലിം കുമാര്‍ പറഞ്ഞത് പോലെ ഗുദാ ഗവ :
ശരിയാണ്, മനുഷ്യാവകാശത്തിനും, മത മൈത്രിക്കും , മതേതരത്തിനും കേള്‍വി കേട്ട നാട്ടിലാണ്, ഭരഘടന വിഭാവനം ചെയ്യുന്ന ഫണ്ടമെന്റല്‍ അവകാശം ഉപയോഗപ്പെടുത്തിയതിനു ഒരു യുവതിക്കും യുവാവിനും തടങ്കലില്‍ കഴിയേണ്ടിവരുന്നതും, തീവ്രവാദികള്‍ എന്ന് മുദ്രകുത്തേല്‍ക്കേണ്ടിവരുന്നതിനുമുള്ളത് അക്ഷരാര്‍ത്ഥത്തില്‍ നാണക്കേടാണ് എന്ന് പറയാതെ വയ്യ.
എന്തായാലും അന്വേഷണം നടക്കട്ടെ, കാര്യങ്ങളുടെ സത്യാവസ്ഥ പുറത്തുവരട്ടെ പക്ഷെ ഒരാഭ്യര്‍ത്ഥനയുള്ളത് കൊല്ലാനാണെങ്കിലും വളര്‍ത്താനാണെങ്കിലും ആരെയും ഒരു മനുഷ്യനെപോലും ഇങ്ങനെ കൊല്ലാകൊല ചെയ്യരുത്. തീവ്രവാദികളാണെന്നു കണ്ടത്തിയാല്‍ അവര്‍ക്കുള്ള എല്ലാ നിയമപരമായ വിചാരണാ അവകാശനങ്ങളും നല്‍കി പരമാവധി ശിക്ച്ച വിധിക്കുക. അല്ലാതെ അബ്ദുല്‍ നാസര്‍ മദനി സാഹിബിന്റെ ഇട്ടതുപോലെ ഇപ്പോള്‍ ഇടുന്നതുപോലെ, രാജീവ്ഗാന്ധി കേസിലെ പ്രതികളെ ഇടുന്നതുപോലെ ഇരുപതും മുപ്പതും വര്‍ഷം അന്വേഷണം എന്ന് പറഞ്ഞു കൊല്ലാതെ കൊല്ലരുത്. നിസ്‌കാര തഴമ്പുള്ളവരോടും, നെറ്റിയില്‍ കുറിതൊട്ടവരോടും, കുരിശു വരയ്ക്കുന്നവരോടും, ജൈനനോടും, ബിദ്ധിസ്റ്റിനോടും, സിഖിനോടും എല്ലാം ഒരേ മുന്‍വിധിയാകട്ടെ നമ്മുടെ സ്‌റ്റേറ്റിന്. നിയമവ്യവസ്ഥയില്‍ വിശ്വാസമേറെയുണ്ട്. ഈ രാജ്യത്തെ നൂറ്റി ഇരുപത്തി എട്ടുകോടി ജനതയുടെ അവസാനത്തെ അഭയകേന്ദ്രമാണ് നീതിന്യാലയം. ആ പരിശുദ്ധി കത്ത് സൂക്ഷിക്കാന്‍ അതിനാവുമെന്നു ഉറച്ച വിശാസവും എനിക്കുണ്ട്.
https://www.facebook.com/Malayalivartha
























