പുന: സംഘടനയില്‍ റബ്ബില്‍ നിന്നും വിദ്യാഭ്യാസം എടുത്തുമാറ്റും; റബ്ബിനെ നീക്കണമെന്ന് കോണ്‍ഗ്രസ്

വിദ്യാഭ്യാസ മന്ത്രി പികെ. അബ്‌ദുറബ്ബിനെ അടിയന്തിരമായി നീക്കിയില്ലെങ്കില്‍ സര്‍ക്കാരിന് നാണക്കേടു കൊണ്ട് പുറത്തിറങ്ങാന്‍ കഴിയാതെ വരുമെന്ന് ഒരു സംഘം കോണ്‍ഗ്രസ് എം.എല്‍എമാര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചു. കോട്ടന്‍ഹില്‍ സ്‌കൂളിലെ ഹെഡ്‌മിസ്‌ട്രസിനെ സ്ഥലം മാറ്റിച്ച സംഭവത്തിലാണ് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ കണ്ട് അതൃപ്‌തി അറിയിച്ചത്. വിദ്യാഭ്യാസമന്ത്രിയെ മുഖ്യമന്ത്രി അനുകൂലിച്ചത് ശരിയായില്ലെന്നും ഇത്തരം കീഴ് വഴക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ ഒരു മാസം പ്രായമായ നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകന്നതു പോലെ സര്‍ക്കാരും ജനങ്ങളില്‍ നിന്നകലുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് അധ്യാപികയ്‌ക്ക് തിരുവനന്തപുരം നഗരത്തിലെ ഏതെങ്കിലും സ്‌കൂളില്‍ നിയമനം നല്‍കുന്നതിനെകുറിച്ച് മുഖ്യമന്ത്രി ഗൗരവപൂര്‍വ്വം ആലോചനകള്‍ ആരംഭിച്ചത്. ലീഗിന്റെ അപ്രമാദിത്വമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും കോണ്‍ഗ്രസ് എം.എല്‍ എമാര്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും തന്റെ അതൃപ്‌തി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് എംഎല്‍എമാരെ ഉമ്മന്‍ചാണ്ടിക്ക് എതിരാക്കി കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പക്വതയോടെ ഇടപെടാറുള്ള മുഖ്യമന്ത്രി മന്ത്രി റബ്ബിനെ അനുകൂലിച്ചത് നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ആരോപിക്കുന്നു. അധ്യാപിക മന്ത്രിയെ വിമര്‍ശിച്ചിട്ടില്ലെന്ന് അവരുടെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണെന്നും എംഎല്‍എമാര്‍ പറയുന്നു. മന്ത്രിയെ അവഹേളിക്കാത്ത അധ്യാപികയെ സ്ഥലം മാറ്റിയത് മന്ത്രിയുടെ അപക്വമായ പെരുമാറ്റത്തിന്റെ ഉദാഹരണമാണെന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം.എല്‍എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിമാര്‍ വരുമ്പോള്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ഗേറ്റുകള്‍ തുറന്നിടാറില്ലെന്നും എം.എല്‍എമാര്‍ പറഞ്ഞു. പ്രധാന അധ്യാപിക വിമര്‍ശിച്ചത് സംഘാടകരെയായിരുന്നെന്നും കോണ്‍ഗ്രസ് എം.എല്‍ എമാര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയവികാരം ഇളക്കിവിടാന്‍ മാത്രമാണ് വിവാദം സഹായിക്കുന്നതെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. ലീഗിനും റബ്ബിനുമെതിരെ വി ടി ബലറാം എം.എല്‍എ ഫേസ്‌ബുക്ക് പോസ്റ്റിങ്ങും നടത്തി. സ്വന്തം മന്ത്രാലയങ്ങളില്‍ മുസ്ലീങ്ങള്‍ അല്ലാത്തവരെ പേഴ്‌സണല്‍ സ്റ്റാഫില്‍ പോലും എടുക്കാത്ത ലീഗ് മന്ത്രിമാര്‍ ചാരിത്ര്യ പ്രസംഗം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വിദ്യാഭ്യാസമന്ത്രിക്ക് കീഴില്‍ മുസ്ലീങ്ങളല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലാകളക്‌ടര്‍ ബിജു പ്രഭാകര്‍ നേരത്തെ ഡിപിഐയായിരിക്കുമ്പോള്‍ മന്ത്രിയുമായി ഉടക്കിയാണ് വിദ്യാഭ്യാസവകുപ്പ് വിട്ടത്. ഇപ്പോഴത്തെ ഡിപിഐയും മന്ത്രിയുമായി ഒരുമയിലാണ്.
സാഹിബിന്റെ മകന് അദ്ദേഹത്തിന്റെ സഹിഷ്‌ണുത കിട്ടിയിട്ടില്ലെന്നും കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയെ പോലുള്ള പക്വതമതികള്‍ ഗ്രൂപ്പ് ഭരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായില്ലായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു. മന്ത്രി ഒരു അധ്യാപികയുമായി ലഹളയുണ്ടാക്കുന്നത് പൊതു ജനങ്ങള്‍ക്കിടയില്‍ തെറ്റായ സൂചനകള്‍ നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ കേരള സര്‍ക്കാരിനെ കുറിച്ച് മോശം പരാമര്‍ശങ്ങളാണ് പ്രചരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയെ രാജാവായാണ് ദൃശ്യമാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. രോഗിയായ അധ്യാപികയ്‌ക്ക് ഒപ്പമാണ് പൊതു സമൂഹം നിലകൊള്ളുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഇതിനിടെ നിലവിലുള്ള വിവാദങ്ങളെ കുറിച്ച് മുഖ്യമന്ത്രി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്. പുനസംഘടന വരുമ്പോള്‍ റബ്ബിന്റെ ഗ്രൂപ്പുമാറ്റാമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയെന്നും സൂചനയുണ്ട്. റബ്ബിന്റെ വകുപ്പ് മാറ്റിയാല്‍ പോരാ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha