മരണം മുന്നില്‍ കണ്ട നിമിഷങ്ങളില്‍ മംഗലാപുരത്ത് നിന്നുള്ള ബോട്ടാണ് ജോസഫിന് തുണയായത്, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരിച്ചു

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ രണ്ടാഴ്ചയിലധികം പെട്ട്, ഒടുവില്‍ കരയ്‌ക്കെത്തിയ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ജോസഫ് മലപ്പുറം കൊയ്‌ലാണ്ടി പൊലീസ് സ്റ്റേഷനില്‍. വണ്ടിക്കൂലിക്കും വഴിച്ചെലവിനും പണമില്ലെങ്കിലും ഭാര്യയ്ക്കും മകനും സമ്മാനവുമായി ക്രിസ്മസിന് മുമ്പ് വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈ മധ്യവയസ്‌ക്കന്‍. കൊച്ചി തോപ്പുംപടി തീരത്ത് നിന്ന് നവംബര്‍ 28നാണ് ജോസഫും രണ്ട് സുഹൃത്തുക്കളും മല്‍സ്യബന്ധനത്തിന് പോയത്. കാറ്റും തിരയും ശക്തമായതോടെ വള്ളം മറിഞ്ഞു. കയറില്‍ പിടിച്ച് കിടന്ന ശേഷം മറിഞ്ഞ് കിടന്ന വള്ളത്തില്‍ പിടിച്ചിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും കടലെടുത്തിരുന്നു. മരണം മുന്നില്‍ കണ്ടനിമിഷങ്ങളില്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു...
മംഗലാപുരത്തുള്ള ബോട്ട് ജോസഫിനെ കണ്ടത് ഭാഗ്യമായി. അവിടെയത്തിയ ശേഷം അവര്‍ നല്‍കിയ പണവുമായി തീവണ്ടിയില്‍ കൊയിലാണ്ടിയിലിറങ്ങി. ജോലി തേടി കൊയ്‌ലാണ്ടി ഹാര്‍ബറിലെത്തി. പണിയെടുക്കുന്നതിനിടെ വിവരം അറിഞ്ഞെത്തിയ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഓഖിയില്‍ നിന്ന് രക്ഷപെട്ടതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിടാനാകൂ എന്ന് കൊയ്‌ലാണ്ടി എസ്.ഐ രാജേഷ് അറിയിച്ചു. തിരുനെല്‍വേലി ഫിഷറീസ് വകുപ്പിന് ജോസഫിന്റെ ഫോട്ടോയും മേല്‍വിലാസവും അയച്ച് കൊടുത്തു. അതെല്ലാം ശരിയാണെന്ന് മറുപടിയും വന്നു. ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും നാട്ടിലെത്താന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ജോസഫ്.
തിരുനെല്‍വേലിക്കോ, കന്യാകുമാരിക്കോ ഒരു ടിക്കറ്റ് എടുത്ത് തന്നാല്‍ പോകാമായിരുന്നെന്ന് ജോസഫ് പറഞ്ഞു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വണ്ടിക്കൂലിയും വഴിച്ചെലവും ഉള്‍പ്പെടെ കൊടുത്തുവിടാനാണ് അധികൃതരുടെ തീരുമാനം. ഒരുപക്ഷെ, തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികളെത്തി ജോസഫിനെ കൂട്ടുകൊണ്ടു പോയേക്കും.
https://www.facebook.com/Malayalivartha


























