ചെങ്ങന്നൂരിൽ രാത്രി മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് അജ്ഞാത സംഘത്തിന്റെ ആക്രമണം

രാത്രി മൂത്രമൊഴിക്കാന്‍ വീടിനു പുറത്തിറങ്ങിയ പതിനാറുകാരനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായി. സംഭവത്തിൽ പുലിയൂര്‍ സ്വദേശി സിബിന്‍ ഗീവര്‍ഗീസിനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ അടുക്കള ഭാഗത്തെ ലൈറ്റിട്ട ശേഷം മൂത്രമൊഴിക്കാന്‍ പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു സിബിൻ. ആ സമയത്ത് രണ്ടു പേര്‍ മരത്തിന്റെ പിറകിൽ ഒളിച്ചിരിക്കുകയായിരുന്നു. ആരെന്ന് ചോദിച്ചപ്പോഴേക്കും അവർ സിബിനടുത്തെത്തി കത്തിയെടുത്ത് വീശുകയും ഇതേതുടർന്ന് വയറിനു പരിക്കേൽക്കുകയും ചെയ്തു. ഒരാൾ സിബിനെ താഴെയിട്ട് ചവിട്ടുകയും ചെയ്തു.
സിബിന്റെ നിലവിളി കേട്ടാണ് വീട്ടുകാർ ഉണർന്നത്. അപ്പോഴേക്കും ഈ സംഘം രക്ഷപ്പെട്ടിരുന്നു. വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന സിബിനേയാണ്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സിബിന് 14 തുന്നലുകള്‍ വേണ്ടി വന്നു. അപകടനില തരണം ചെയ്ത കുട്ടി ചികിത്സയില്‍ തുടരുകയാണ്. അന്നേദിവസം രാത്രിയില്‍ അടുത്തുള്ള ചില വീടുകളുടെ വാതിലുകളിൽ മുട്ടുന്നതിന്റെ ശബ്ദം കേട്ടെന്നും മോഷ്ടാക്കളാണെന്ന് സംശയിക്കുന്നെന്നും നാട്ടുകാർ പറയുന്നു. മുഖത്തും ശരീരത്തിലും കറുത്ത ചായം തേച്ചാണ് ആക്രമികള്‍ എത്തിയതെന്നും അതിനാല്‍ ആരാണെന്ന് വ്യക്തമല്ലെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് സംഭവം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha